എഫ്.സി.ഐയില്‍ ക്ലാസ്ഫോര്‍ ജീവനക്കാരുടെ 14,000ലധികം ഒഴിവ്; കോടതി വിധി മറയാക്കി കരാറുകാരെ ഒഴിവാക്കാന്‍ നീക്കം

തൃശൂര്‍: ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(എഫ്.സി.ഐ) യുടെ രാജ്യത്തെ വിവിധ ഡിപ്പോകളിലായി 14,000 ത്തോളം ക്ളാസ് ഫോര്‍ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു. കേരളത്തില്‍ മാത്രം 400ഓളം ഒഴിവുണ്ട്. 2004 ന് ശേഷം ഈ തസ്തികയിലേക്ക് നിയമനം നടന്നിട്ടില്ല. ഈ തസ്തികയില്‍ ജോലി ചെയ്തവര്‍ വിരമിച്ചപ്പോള്‍ താല്‍ക്കാലിക ജീവനക്കാരെ നിയോഗിച്ചാണ് പ്രവര്‍ത്തനം മുന്നോട്ടു നീക്കിയത്. ജീവിതത്തിന്‍െറ നല്ലകാലം മുഴുവന്‍ താല്‍ക്കാലികരായി സേവനമനുഷ്ഠിച്ചവരെ ഒഴിവാക്കാനാണ് പുതിയ നീക്കം.

പ്യൂണ്‍, മെസഞ്ചര്‍, ഡെസ്റ്റിങ് ഓപറേറ്റര്‍, പിക്കര്‍ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുള്ളത്. ഭക്ഷ്യധാന്യങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുന്ന പ്രധാന ജോലി ചെയ്യുന്നത് ഡെസ്റ്റിങ് ഓപറേറ്റര്‍മാരാണ്. എന്നാല്‍ ഈ തസ്തികയില്‍ സ്ഥിരം ജീവനക്കാരില്ല. മറ്റ് തസ്തികകളില്‍ നിയമനം നടത്തുമ്പോഴും തങ്ങളുടെ ഇഷ്ടക്കാരെ തിരുകിക്കയറ്റാനുള്ള ലാവണമാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപയോഗിക്കുന്നതിനാല്‍ ക്ളാസ് ഫോര്‍ തസ്തികയില്‍ 12 വര്‍ഷമായി സ്ഥിരം നിയമനം നടന്നിട്ടില്ല. താല്‍ക്കാലികാടിസ്ഥാനത്തില്‍ പോലും വേണ്ടത്ര ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ പല എഫ്.സി.ഐ യൂനിറ്റുകളും പ്രതിസന്ധിയിലാണ്. കേരളത്തില്‍ 22 എഫ്.സി.ഐ ഡിപ്പോയുണ്ട്. ഇതില്‍ 400ഓളം തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്.

ക്ളാസ് ഫോര്‍ ജീവനക്കാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികള്‍ രാജ്യത്തെ വിവിധ കോടതികളുടെ മുന്നിലുണ്ട്. ജീവനക്കാരെ നിയമിക്കണമെന്ന് കൊല്‍ക്കത്ത, ജമ്മു-കശ്മീര്‍  ഹൈകോടതികളുടെ വിധി വന്ന പശ്ചാത്തലത്തില്‍ നിയമനം നടത്താന്‍ എഫ്.സി.ഐ മാനേജ്മെന്‍റ് തത്വത്തില്‍ തീരുമാനിച്ചതായാണ് വിവരം. എന്നാല്‍ വര്‍ഷങ്ങളായി ഇവിടെ ജോലി ചെയ്യുന്ന താല്‍ക്കാലിക ജീവനക്കാരെ ഒഴിവാക്കി പുതിയ ആളുകളെ നിയമിക്കുമെന്നാണ് അറിയുന്നത്. പത്തുവര്‍ഷം പൂര്‍ത്തിയാക്കിയ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന സുപ്രീംകോടതി വിധി നിലനില്‍ക്കെയാണ് 20 വര്‍ഷത്തിലധികമായി എഫ്.സി.ഐയില്‍ ജോലി നോക്കുന്ന താല്‍ക്കാലിക ജീവനക്കാരെ ഒഴിവാക്കാനുള്ള നീക്കം നടക്കുന്നത്.

1986ല്‍ ചേര്‍ന്ന എഫ്.സി.ഐ ബോര്‍ഡ് മീറ്റിങ് 90 ദിവസം പൂര്‍ത്തിയാക്കിയ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പടുത്തണമെന്ന് കാണിച്ച് ഇറക്കിയ സര്‍ക്കുലര്‍ നിലവിലുണ്ടെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. എഫ്.സി.ഐ പോലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തില്‍ നഗ്നമായ തൊഴില്‍ ലംഘനമാണ് നടക്കുന്നതെന്നും അവര്‍ പറയുന്നു. 20 വര്‍ഷത്തിലധികമായി എഫ്.സി.ഐയില്‍ താല്‍ക്കാലികമായി ജോലി ചെയ്യുന്ന നിരവധി പേരാണുള്ളതെന്നും അവര്‍ക്ക് ഇനി മറ്റ് ജോലി തേടുക പ്രയാസമാണെന്നും എഫ്.സി.ഐ എംപ്ളോയീസ് അസോസിയേഷന്‍ ജന. സെക്രട്ടറി സാമുവല്‍ ജോസഫ് ‘മാധ്യമ’ത്തോട് പറഞ്ഞു. അവരെ സ്ഥിരപ്പെടുത്താന്‍ മാനേജ്മെന്‍റ് നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികളെ സംഘടിപ്പിച്ച് പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.