കറകളഞ്ഞ നീതി

നീതി എന്ന വാക്കിന് ‘അദ്ല്‍’ എന്നാണ് അറബി പദം. മലയാളത്തിലും ‘അദ്ല്‍’ എന്നതിന്‍െറ പാഠഭേദം, അദാലത്ത്  എന്നും മറ്റും  ഉപയോഗിക്കാറുണ്ട്.
നീതിക്ക് ഖുര്‍ആന്‍ ഉപയോഗിച്ച മറ്റൊരു പദമാണ് ‘ഖിസ്ത്വ്’. സദാ നീതി മുറുകെപ്പിടിക്കാനും നീതിയുടെ സംസ്ഥാപനത്തിന് നിലകൊള്ളാനും ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നു. സ്വയം നഷ്ടം സഹിച്ചും നീതി നടപ്പാക്കുകയാണ് വിശ്വാസിയുടെ ധര്‍മം. മാതാപിതാക്കള്‍ക്കോ അടുത്ത ബന്ധുക്കള്‍ക്കോ എതിരായാല്‍ പോലും അനീതിക്ക് കൂട്ടുനില്‍ക്കരുതെന്ന് ഖുര്‍ആന്‍ വ്യക്തമായി ആവശ്യപ്പെടുന്നു (4/135).

‘നിങ്ങള്‍ സംസാരിക്കുമ്പോള്‍ നീതി പാലിക്കുക. അത് അടുത്ത ബന്ധുവിന്‍െറ കാര്യത്തില്‍ ആയാലും’ (6/152).
‘നിങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ തീര്‍പ്പുകല്‍പിക്കുകയാണെങ്കില്‍ നീതിയോടെ വിധി നടത്തുക എന്നും അല്ലാഹു നിങ്ങളോട് കല്‍പിക്കുന്നു’ (4/58).
നീതിക്കുവേണ്ടി ആഹ്വാനം ചെയ്യുന്ന വിശുദ്ധ ഖുര്‍ആന്‍ നീതി നിഷേധിക്കപ്പെട്ടവരുടെ പക്ഷം ചേര്‍ന്നു. മാനവികമൂല്യങ്ങളുടെ സംരക്ഷണത്തിനായി ‘വിശ്വാസികള്‍’ക്കെതിരെ ശബ്ദിക്കുകയും ‘അവിശ്വാസി’യുടെ അവകാശങ്ങള്‍ക്കുവേണ്ടി ശക്തമായി നിലപാടെടുക്കുകയും ചെയ്തിട്ടുണ്ട് ഖുര്‍ആന്‍.
ചരിത്രം ഒരിക്കലും മറക്കാത്ത അനുഭവം നാലാം അധ്യായത്തില്‍ ഒമ്പത് വചനങ്ങളിലൂടെയാണ് ഖുര്‍ആന്‍ ചിത്രീകരിക്കുന്നത് (4/105 – 113).

സംഭവത്തിന്‍െറ ചുരുക്കം ഇങ്ങനെ:
ഒരു മോഷണത്തിന്‍െറ കഥ. മോഷ്ടാവിന്‍െറ പേര്: തുഅ്മ ബിന്‍ ഉബൈരിഖ്. അന്‍സാരികളില്‍ ഒരാള്‍. മദീനയിലെ ബനൂ ളഫ്ര്‍ ഗോത്രക്കാരന്‍. അയാള്‍ അയല്‍ക്കാരന്‍െറ പടയങ്കി മോഷ്ടിച്ചു. മോഷ്ടിച്ച പടയങ്കി ഒരു യഹൂദന്‍െറ വീട്ടില്‍ ഒളിപ്പിച്ചു. ഉടമ അന്വേഷിച്ചു തുടങ്ങിയപ്പോള്‍ യഹൂദനില്‍നിന്ന് തൊണ്ടിമുതല്‍ കണ്ടെടുത്തു. അതോടെ കഥാനായകന്‍ തുഅ്മ മോഷണക്കുറ്റം ആ യഹൂദനില്‍ ആരോപിച്ചു. അയാളുടെ ഗോത്രം മോഷ്ടാവിന് അനുകൂലമായി കള്ളസാക്ഷികളായി രംഗത്തുവരികയും അവര്‍ നബിയെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അവര്‍ പറഞ്ഞു: പ്രവാചകന്‍ മോഷണക്കുറ്റം ചുമത്തി തുഅ്മയെ ശിക്ഷിച്ചാല്‍ മുസ്ലിംകള്‍ക്ക് പൊതുവിലും ബനൂ ളഫ്ര്‍ ഗോത്രത്തിന് പ്രത്യേകിച്ചും മാനക്കേടാകും. അതുകൊണ്ട് തുഅ്മയെ കുറ്റവിമുക്തനാക്കി യഹൂദനെ ശിക്ഷിക്കേണ്ടത് ഇസ്ലാമിന്‍െറയും മുസ്ലിംകളുടെയും അഭിമാനം സംരക്ഷിക്കാന്‍ അത്യാവശ്യമാകുന്നു. മോഷ്ടാവായ തുഅ്മക്ക് എതിരെയുള്ള തെളിവുകള്‍ ബലമുള്ളതായിരുന്നു. എങ്കിലും അയാളെ കുറ്റവാളിയായി വിധി പറയാന്‍ നബിക്ക് ശങ്കയുണ്ടായി.

എന്നാല്‍, സത്യാവസ്ഥ പ്രഖ്യാപിച്ച് അല്ലാഹുവിന്‍െറ സന്ദേശം ഇറങ്ങി. അതത്തെുടര്‍ന്ന് നബി തുഅ്മ കുറ്റവാളിയാണെന്ന് വിധിച്ചു. വിധി ഉള്‍ക്കൊള്ളാന്‍ കഴിയാതെ അയാള്‍ മക്കയിലേക്ക് ഓടിപ്പോയി. സ്വജനപക്ഷപാതമോ സ്ഥാപിത താല്‍പര്യമോ നീതി നടപ്പാക്കുന്നതില്‍ തടസ്സം നില്‍ക്കരുത്; സത്യവും നീതിയും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ഇസ്ലാമിന്‍െറ വക്താക്കള്‍ മടികാണിക്കരുത്. ഒരു ഭാഗത്ത് സ്വന്തം അനുയായി. മറുഭാഗത്ത് ശത്രുവായ യഹൂദി. പക്ഷേ, സത്യം പുലരണമെന്നും നീതി നടപ്പാകണമെന്നും സ്രഷ്ടാവും കാരുണ്യവാനും നീതിമാനുമായ അല്ലാഹുവിന് നിര്‍ബന്ധമുണ്ട്. അവിടെ മനുഷ്യര്‍ എന്നതിനാണ് പരിഗണന. വിശ്വാസിയോ നിഷേധിയോ എന്നതല്ല.

ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ ലോ സ്കൂള്‍ ലൈബ്രറിയുടെ കവാടത്തില്‍ വിശുദ്ധ ഖുര്‍ആനിലെ മേല്‍ സൂചിപ്പിച്ച നാലാം അധ്യായത്തിലെ 135ാം വചനം ഉല്ളേഖനം ചെയ്തിരിക്കുന്നു: ‘വിശ്വാസികളേ, നീതിക്കുവേണ്ടി നിലകൊള്ളുവിന്‍. തങ്ങളുടെ മാതാപിതാക്കള്‍ക്കോ അടുത്ത ബന്ധുക്കള്‍ക്കോ എതിരായാല്‍ പോലും അനീതിക്ക് കൂട്ടുനില്‍ക്കരുത്...’

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.