തീവെയില്‍ചോട്ടിലെ നോമ്പുകാരന്‍

കഴിഞ്ഞ അഞ്ചെട്ടു വര്‍ഷങ്ങളായി കത്തുന്ന വേനലിലൂടെയാണ് ഗള്‍ഫിലെ നോമ്പുകാലം കടന്നുപോകുന്നത്. കുവൈത്തില്‍ ചൂട്  50 ഡിഗ്രിക്കും  മുകളില്‍ എത്തുന്ന ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ പകല്‍ 11 നും നാലിനും ഇടയില്‍ പുറത്ത് ജോലി ചെയ്യുന്നതിന് വിലക്കുണ്ട്. എന്‍െറ പലചരക്കുകട ബഖാലയുള്ള  ഖൈത്താനില്‍  നിര്‍മാണ തൊഴിലാളികളായ  വിദേശികളാണ് ഏറെയും താമസക്കാര്‍. മസ്രിയും പാകിസ്താനിയും ബംഗ്ളാദേശിയും പിന്നെ ആന്ധ്രക്കാരും രാജസ്ഥാനികളും. വേനല്‍ക്കാലത്ത് ഇവരിലേറെയും രാത്രി രണ്ടുമണിക്ക് മുമ്പേ ജോലിക്ക് പോയി ഉച്ചക്ക് മുമ്പ് തിരിച്ചുവരികയാണ്  പതിവ്. നോമ്പ് കാലത്തും അതിനു മാറ്റമില്ല.

50 ഡിഗ്രി ചൂടില്‍ പുറത്ത് ജോലി ചെയ്യുന്ന ഒരാള്‍ക്ക് 16 മണിക്കൂറോളം ജലപാനമില്ലാതെയുള്ള നോമ്പിന്‍െറ ഊര്‍ജം ആത്മാര്‍ഥമായ ഭക്തി മാത്രമാണ്. കടുത്ത ജീവിത പ്രാരാബ്ധങ്ങള്‍ ഉള്ളുപൊള്ളിക്കുമ്പോള്‍ വേനല്‍ചൂട് വകവെക്കാതെ രാത്രിയുറക്കം പോലും വേണ്ടെന്ന് വെച്ച് ജോലിക്കുപോകേണ്ടി വരുന്നവര്‍ക്ക് നോമ്പ് തളര്‍ച്ചയാവില്ലല്ളോ. രാത്രി രണ്ടുമണിക്ക് മുമ്പേ പണിക്ക് പോകുന്നവര്‍ക്ക് വേണ്ടി അതിലും നേരത്തെ കട തുറന്നിരിക്കും. പാതിയുറക്കത്തില്‍ പിടഞ്ഞെഴുന്നേറ്റ്  തിരക്കിട്ടോടുന്ന നോമ്പുകാരന്‍െറ അത്താഴം ‘ഖിശ്ത’ (ക്രീം) അല്ളെങ്കില്‍ തൈരും കുബ്ബൂസുമാണ്. കടയില്‍ വെച്ച് തന്നെയോ വഴിയിലോ  ധൃതിയില്‍  അത്താഴം കഴിച്ചൊരു  പാച്ചിലാണ്  പണി സ്ഥലത്തേക്കുള്ള വാഹനം  പിടിക്കാന്‍.

കടയുടെ മുന്നിലെ  മൈതാനത്ത്  മസ്രികളുടെ  ‘ചപ്ര’ എന്നറിയപ്പെടുന്ന അനധികൃത  വഴിവാണിഭമാണ്. കാലത്തു മുതല്‍ രാത്രി വൈകും വരെ പച്ചക്കറികളും പഴങ്ങളും പഴകിയ വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും ആക്രി സാധനങ്ങളും.... ആളും ബഹളവും വിലപേശലും വഴക്കും.  പൊടിപൊടിച്ച കച്ചവടം. നോമ്പ് കാലത്ത് ഇവിടെ തിരക്ക് കൂടും. മസ്റിലെ തനി ഗ്രാമീണരായ സഈദികള്‍ ആണ് വില്‍പനക്കാര്‍. മൈതാനിയില്‍ നിരത്തിവെച്ച പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും മുന്നില്‍ നിന്ന് അവര്‍ ഉറക്കെ വിളിച്ചു കൂവും ‘തൊമാത്തം..ബസല്‍...ഖിയാര്‍.... ബത്തീഹ്...’

ഇവരില്‍ പലരും  നോമ്പ് ഒഴിവാക്കാറില്ല. കത്തുന്ന സൂര്യന് ചോട്ടില്‍  ഏറെനേരം നിന്ന് വെന്ത ശരീരം തണുപ്പിക്കാന്‍ ഇടക്ക് കടയിലേക്ക് ഓടിവന്ന് എ.സിയുടെ ചുവട്ടില്‍ വെറും തറയില്‍ വെട്ടിയിട്ട പോലെ  മലര്‍ന്നു കിടക്കും. അഞ്ചോ പത്തോ മിനിറ്റ് കിടന്ന് തിരിച്ചു വീണ്ടും മൈതാനത്തേക്ക് ഓടുമ്പോള്‍ ഫ്രീസറില്‍ വെച്ച് തണുപ്പിച്ച വെള്ളക്കുപ്പികള്‍ വാങ്ങും. തീവെയില്‍ താങ്ങാനാവാതെ വരുമ്പോള്‍ ഇടക്കിടെ  തലയിലൊഴിച്ചു തണുപ്പിക്കാന്‍. എന്നാലും  വരണ്ട തൊണ്ടയിലേക്ക് ഒരു തുള്ളി വെള്ളമുറ്റിക്കാതെ പിടിച്ചു നില്‍ക്കുന്ന  വിശ്വാസത്തിന്‍െറ കരുത്ത്.

പുഴുക്കത്തിന്‍െറ ‘റുത്തൂബ’ (humidtiy)  ദിനങ്ങളില്‍  ചൂട് മാത്രമല്ല വിയര്‍ത്തൊഴുകി ശരീരത്തിലെ ജലാംശം തന്നെ  വറ്റിപ്പോകും. നോമ്പില്ളെങ്കില്‍ പോലും താങ്ങാനാവാത്ത അവസ്ഥ. അങ്ങനെയൊരു 'റുത്തൂബ'യുള്ള  നോമ്പ് നാളിലെ നട്ടുച്ചക്കാണ് വെയിലില്‍ വെന്ത ശരീരത്തിന്‍െറ വാടയോടെ  ആജാനുബാഹുവായ ആ പരുക്കന്‍ സഈദി കടയിലേക്ക് കുഴഞ്ഞു വീഴും മട്ടില്‍ കടന്നു വന്നത്.  വിയര്‍പ്പില്‍ മുങ്ങിയ മുഷിഞ്ഞ ‘ദിശ്ദാശ’യില്‍ ഉപ്പു പരലുകള്‍ ഭൂപടം വരച്ചിരുന്നു. കൈയിലെ കീസ് താഴേക്കിട്ട് അയാള്‍ വെറും നിലത്ത് തളര്‍ന്നിരുന്നു. ‘എകരം’ കെട്ടിപ്പൊക്കി ഉയരമുള്ള എടുപ്പുകളുടെ പുറംചുവരില്‍  മാര്‍ബിള്‍ കട്ട പതിക്കുന്ന ജോലിക്കാരനാണയാള്‍. എന്നും പുലര്‍ച്ചെ രണ്ടു മണിക്ക് അത്താഴത്തിനുള്ള തൈരും കുബ്ബൂസും വാങ്ങിപ്പോവുന്നതാണ്.

കത്തുന്ന സൂര്യന് ചോട്ടിലെ തീക്കാറ്റിനൊപ്പം  റുത്തൂബയുടെ പുഴുക്കവും താങ്ങാനാവാതെ കുഴഞ്ഞുപോയ ആ നോമ്പുകാരന്‍െറ ശരീരത്തില്‍ നിന്ന് വിയര്‍പ്പ് നിലത്തേക്ക് ചാലിട്ടൊഴുകി. പെട്ടെന്നയാള്‍ രണ്ടു കൈകള്‍ കൊണ്ടും തലയില്‍ ആഞ്ഞടിച്ച് വല്ലാത്തൊരു ശബ്ദത്തോടെ ഉറക്കെ പൊട്ടിപ്പൊട്ടി കരയാന്‍  തുടങ്ങി.  എന്താണീ മനുഷ്യന്  പറ്റിപ്പോയത്.... പരിഭ്രാന്തനായ ഞാന്‍ എന്ത് ചെയ്യണമെന്നറിയാതെ നിന്നു. അയാള്‍ പിന്നെയും നിര്‍ത്താതെ എങ്ങലടിച്ചു കരയുകയാണ്. ദാഹം കൊണ്ടാകുമോ?  വെള്ളം വേണോ എന്ന് ചോദിച്ചപ്പോള്‍ അയാള്‍ നിഷേധാര്‍ഥത്തില്‍ കൈകൊണ്ട് കാണിച്ചു. കാല്‍മുട്ടില്‍ മുഖമമര്‍ത്തി അല്‍പനേരം കൂടി അയാളുടെ കരച്ചില്‍ തുടര്‍ന്നു. പിന്നെ പെയ്തൊഴിഞ്ഞ പോലെ നിശബ്ദമായി. ഇത്തിരി കഴിഞ്ഞപ്പോള്‍ ജാള്യതയോടെ അയാള്‍ ധൃതിപിടിച്ച് എഴുന്നേറ്റു. ‘മാലിശ് സദീഖ്..’ എന്ന്  മുഖത്ത് നോക്കാതെ ക്ഷമാപണ സ്വരത്തില്‍ പലവട്ടം പറഞ്ഞുകൊണ്ട്  ഇറങ്ങിപ്പോയി. എന്തിനായിരിക്കും അയാളിങ്ങനെ സങ്കടപ്പെട്ടു കരഞ്ഞിട്ടുണ്ടാകുക.

തക്കാളിയും കക്കിരിയും വിളഞ്ഞു നില്‍ക്കുന്ന ‘മസ്റ’കളും മുന്തിരി, ഓറഞ്ച്, പേരക്ക തോട്ടങ്ങളും.  കഴുതകള്‍ വലിക്കുന്ന വണ്ടികളും റംസാന്‍ വിളക്കുകള്‍ തൂക്കിയ ഭക്തിസാന്ദ്രമായ പള്ളിയും നോമ്പിന്‍െറ തിരക്കുള്ള അങ്ങാടിയും...ദൂരെ ദൂരെ നൈല്‍നദിക്കരയിലെ പച്ചപ്പു നിറഞ്ഞ ഗ്രാമത്തില്‍ നിന്നും  മരുഭൂമിയില്‍ ജീവിതം തേടി എത്തിയ  അയാളുടെ  കുഞ്ഞുവീട്ടിലെ നോമ്പുകാലം ഓര്‍ത്തുകാണുമോ. മധുരപലഹാരങ്ങളും പഴങ്ങളും പാല്‍ക്കട്ടിയും മാംസവുമൊക്കെയായി   നോമ്പ്തുറയുടെ ഒരുക്കങ്ങളില്‍ ഇപ്പോള്‍  പ്രിയതമയും  മക്കളും... ആ സ്നേഹക്കൂട്ടില്‍ നിന്ന് ഏറെ ദൂരെ ഈ മരുഭൂമിയില്‍  ഒറ്റപ്പെട്ടുപോയവന്‍െറ വ്യഥയാവണം കടപുഴകുന്ന മരം പോലെ അയാളെ   ഉലച്ചു കളഞ്ഞത്. ഏത് ദുരിതവേനല്‍പെയ്ത്തിലും നാടോര്‍മയല്ലാതെ മറ്റെന്താണ് ഒരു പ്രവാസിയെ കരയിക്കുന്നത്?

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.