പന്തീരാങ്കാവ്: ഖുര്‍ആന്‍ ഇറങ്ങിയ റമദാന്‍ മാസത്തില്‍ വിചിത്ത്ലാല്‍ തന്‍െറ ‘തച്ചി’ലിരുന്ന് വിശുദ്ധ സൂക്തങ്ങള്‍ തേക്ക് പാളികളിലേക്ക് പകര്‍ത്തുകയാണ്. വിശ്വാസികള്‍ പവിത്രമായി കാണുന്ന ഖുര്‍ആനിലെ ‘ആയത്തുല്‍ കുര്‍സി’യുടെ വരികളാണ് നല്ലളം പറമ്പത്ത് കാവില്‍ വിചിത്ത്ലാല്‍ ഏറെ പണിപ്പെട്ട് കൈകൊണ്ട് കൊത്തിയുണ്ടാക്കുന്നത്.
ക്ഷേത്ര നിര്‍മിതികള്‍ കുലത്തൊഴിലാക്കിയ കുടുംബത്തിലെ വാലറ്റക്കാരനാണ് ഈ 37കാരന്‍. ഹിന്ദു പുരാണങ്ങളുമായി ബന്ധപ്പെട്ട് ദൃശ്യമിഴിവേകുന്ന ചിത്രങ്ങള്‍ ദാരു ശില്‍പങ്ങളിലും മരക്കഷണങ്ങളിലും വിചിത്ത് പകര്‍ത്തിയിട്ടുണ്ട്. ഹിന്ദു പുരാണ ചിത്രങ്ങളും വ്യാളി മുഖങ്ങളുമൊക്കെ കൊത്തിയുണ്ടാക്കിയിട്ടുണ്ട്. തച്ചുശാസ്ത്ര പ്രകാരം കൈ കണക്ക് കൊണ്ടുള്ള ഉപകരണ നിര്‍മാണത്തിലും വിചിത്ത് വിദഗ്ധനാണ്.
ഇസ്ലാം വിശ്വാസവുമായി ബന്ധപ്പെട്ട കൊത്തുപണികള്‍ മുമ്പും ചെയ്തിട്ടുണ്ട്. പലതും വിദേശങ്ങളിലേക്ക് കൊണ്ടുപോവാറുമുണ്ട്. റമദാനിന്‍െറ പവിത്രതയില്‍ വിശുദ്ധ സൂക്തങ്ങള്‍ പകര്‍ത്താനിറങ്ങിയത് ആദ്യമായാണ്. സമീപത്തെ ഡി.ടി.പി സെന്‍ററില്‍നിന്ന് ഖുര്‍ആന്‍ സൂക്തങ്ങള്‍ പ്രിന്‍െറടുത്ത് തേക്ക് പലകയില്‍ വരച്ചുണ്ടാക്കി പിന്നീട് ഉളികൊണ്ട് കൊത്തിയെടുക്കുകയാണ് ചെയ്തത്. പൂര്‍ണമായും കൈവേല തന്നെയാണ്. പിച്ചള, ചെമ്പ് തുടങ്ങിയ ലോഹങ്ങളും ഉപയോഗിച്ചിട്ടുണ്ട്.
മണലാരണ്യത്തിലൂടെ ഒട്ടകപ്പുറത്ത് കച്ചവട സാധനങ്ങളുമായി പോവുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള അറബി ചരിത്രം മരപ്പലകകളില്‍ കൊത്തിയെടുക്കുകയാണ് വിചിത്തിന്‍െറ അടുത്ത ലക്ഷ്യം. ഇതിനായുള്ള തയാറെടുപ്പുകള്‍ തുടങ്ങിയിട്ടുണ്ട്. സാമൂതിരിയുടെ കാലത്ത് ക്ഷേത്രനിര്‍മാണം കുലത്തൊഴിലായി കണ്ട പറമ്പത്ത്കാവില്‍ കുടുംബത്തിലെ അംഗമാണ് വിചിത്ത്ലാല്‍. പലരും കുലത്തൊഴില്‍ ഉപേക്ഷിച്ചപ്പോഴും കൊത്തുപണികളുമായി നല്ലളം പൂളക്കടവിലെ ‘തച്ച്’ എന്ന് പേരിട്ട കൊച്ചുപുരയില്‍ കൊത്തുപണികളുടെ ലോകത്താണ് ഈ യുവാവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.