നോമ്പനുഭവങ്ങൾ

കഴിഞ്ഞ റമദാനില്‍ ദുബൈയില്‍നിന്ന് കറാമയിലേക്കുള്ള യാത്രയില്‍ സഹയാത്രികന്‍ അബൂദബിയില്‍ ജോലിചെയ്യുന്ന ജോസഫായിരുന്നു. തൊഴിലുടമയുടെ വീട്ടിലേക്ക് ജോലിക്കാരുമായി ഇഫ്താറിന് പോയ കഥയാണ് ജോസഫ് പറഞ്ഞത്. മഗ്രിബിനുമുമ്പുതന്നെ ഞങ്ങളെല്ലാവരും അര്‍ബാബിന്‍െറ വീട്ടിലത്തെി. മറ്റു രാജ്യക്കാരായ പല സുഹൃത്തുക്കളെയും അവിടേക്ക് ക്ഷണിച്ചിരുന്നു. അറബി ഞങ്ങളുടെയൊക്കെ അരികില്‍ വന്ന് വെള്ളവും പഴങ്ങളുമൊക്കെ ഉണ്ടോ എന്നുനോക്കി ഉറപ്പുവരുത്തുന്നുണ്ടായിരുന്നു. മഗ്രിബ് ബാങ്ക് മുഴങ്ങിയതോടുകൂടി തൊഴിലുടമ ഞങ്ങളുടെ കൂടത്തെന്നെ ഇരിക്കുകയും എല്ലാ തൊഴിലാളികള്‍ക്കും വിളമ്പാന്‍ തിടുക്കം കാട്ടുകയും ചെയ്തു. നമസ്കാരശേഷം എല്ലാവരും എടുത്തുകഴിക്കുന്ന ബുഫെയായിരിക്കുമെന്നാണ് കരുതിയത്. പക്ഷേ, നിലത്തുവിരിച്ച വലിയ സുപ്രയില്‍ പലതരം ഭക്ഷണങ്ങള്‍ വന്നുനിറയാന്‍ തുടങ്ങിയതോടെ ആ ചിന്ത മാറി. പിന്നെ വലിയവനെന്നോ ചെറിയവനെന്നോ പാകിസ്താനിയെന്നോ ഇന്ത്യക്കാരനെന്നോ ഭേദമില്ലാതെ എല്ലാവരും ഒരു തളികയില്‍നിന്ന് ഒത്തൊരുമയോടെ തിന്നുന്ന മനസ്സ് കുളിര്‍പ്പിക്കുന്ന കാഴ്ചയാണ് കണ്ടത്. സ്നേഹം ഏറ്റുവാങ്ങുമ്പോള്‍ മനസ്സ് എല്ലാറ്റിനോടും പൊരുത്തപ്പെടും എന്ന ഒരു വലിയ പാഠമായിരുന്നു അതെന്ന് ജോസഫ് പറഞ്ഞു.
••••
റമദാന്‍ എല്ലാവരേയും തോല്‍പ്പിക്കുകയാണ് എന്നുപറയാനാണ് എനിക്കിഷ്ടം എന്നു പറഞ്ഞുകൊണ്ടാണ് റാസല്‍ഖൈമയിലെ ഒരു അറബിവീട്ടിലെ ഡ്രൈവറായ രാധാകൃഷ്ണന്‍ തുടങ്ങിയത്. ഏതുവലിയവനെയും ചെറിയവനെയും തുല്യരായി കാണുന്ന അറബികളുടെ റമദാന്‍കാലവും ആരെയും അമ്പരപ്പിക്കുന്നതാണ്. സ്നേഹംകൊണ്ട് വീര്‍പ്പുമുട്ടിപ്പോകും എന്നൊക്കെ പറയില്ളേ, അതാണിവിടെ ശരിക്കും സംഭവിക്കുന്നത്. റമദാന്‍ മാസത്തെ വലിയ ഒരുക്കങ്ങളോടെയാണ് വരവേല്‍ക്കുന്നത്. പുതിയ ഫര്‍ണിച്ചറുകളും മറ്റും കൊണ്ട് വീട് അലങ്കരിക്കുന്നു. മറ്റെല്ലാ ചിന്തകളില്‍നിന്നും അകന്ന് പരസ്പരം സ്നേഹവും സഹായവും ആത്മീയതയും മാത്രമാണ് റമദാനിലിവിടെ. വൈകുന്നേരങ്ങളില്‍ വലിയ പാത്രത്തില്‍ ഭക്ഷണം നിറച്ച് വണ്ടിയില്‍ കയറ്റി ലേബര്‍ക്യാമ്പില്‍ കൊണ്ടുപോയി കൊടുക്കുക മാത്രമല്ല, അവരുടെ കൂടെ നോമ്പുതുറന്ന ശേഷം മാത്രമേ അര്‍ബാബ് വീട്ടിലേക്ക് വരാറുള്ളു.മറ്റു മതസ്ഥനായ എനിക്ക് മുസ്ലിം സഹോദരങ്ങളേക്കാള്‍ സ്നേഹം കിട്ടുന്നുണ്ടിവിടെ. പോരാത്തതിന് പെരുന്നാള്‍ ആകുമ്പോഴേക്കും കൂടുതല്‍ ശമ്പളവും പുതിയ വസ്ത്രങ്ങളും വാങ്ങിത്തരുന്നു. പുറത്ത് എവിടെപ്പോയാലും അവര്‍ ഭക്ഷണം കഴിക്കാന്‍ കയറുന്ന സ്ഥലത്ത് അവരുടെ കൂടത്തെന്നെ ഭക്ഷണം കഴിപ്പിക്കും. മുതലാളി തൊഴിലാളി എന്ന വേര്‍തിരിവ് ഇല്ലാത്തത് അറബികളുടെ സംസ്കാരവും വലിയ ഒരു ഗുണവുമാണെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു.
••••
ഒരിക്കല്‍ ഒരു അറബിയോട് നേരിട്ട് ചോദിച്ച ചില കാര്യങ്ങളാണ് ഷാര്‍ജയില്‍ ജോലിചെയ്യുന്ന അജിത് മേനോന്‍ പറഞ്ഞത്. സമ്പത്ത് കൊണ്ടും സൗകര്യങ്ങള്‍കൊണ്ടും ഏറെ മുന്നിലാണ് അറബികള്‍. എന്നിട്ടും വിനയവും സ്നേഹവും വിടാതെ സൂക്ഷിക്കുന്ന അറബികളുടെ സംസ്കാരം ശരിക്കും ആസ്വദിക്കുന്നത് വിശുദ്ധ റമദാനിലാണ്. ഇഫ്താര്‍ തയാറാക്കി വെച്ച് വീട്ടിലേക്ക് ആള്‍ക്കാരെ ക്ഷണിച്ചുകൊണ്ടുപോയി നോമ്പുതുറപ്പിക്കുന്ന കാഴ്ച വല്ലാത്തൊരു അനുഭവമായിരുന്നു. അവിടത്തെ ചെറിയ കുട്ടികള്‍പോലും എല്ലാവരെയും സ്വീകരിക്കാന്‍ മത്സരിക്കുന്നുണ്ടായിരുന്നു. ഒരിക്കല്‍ അറബിയോട് ഇതിനെക്കുറിച്ച് നേരിട്ട് ചോദിക്കുക തന്നെ ചെയ്തു. അപ്പോള്‍ പറഞ്ഞ മറുപടി ഇസ്ലാമിന്‍െറ മഹത്തായ അന്തസ്സത്തയായിരുന്നു. പള്ളിയില്‍നിന്ന് അല്ലാഹു അക്ബര്‍ എന്ന് തുടങ്ങുന്ന ബാങ്കൊലി കേള്‍ക്കാറില്ളേ താങ്കള്‍. അതിന്‍െറ അര്‍ഥം എന്താണെന്നറിയാമോ, അല്ലാഹു വലിയവന്‍...അല്ലാഹു വലിയവന്‍ എന്നാണ്. ഞാനും നീയുമല്ല വലുത്. അല്ലാഹുവാണ് -അറബി പറഞ്ഞു. ഇപ്പോള്‍ അല്ലാഹു അക്ബര്‍ എന്ന ബാങ്കൊലി മുഴങ്ങുമ്പോള്‍ ദൈവമേ ഞാനെത്ര നിസ്സാരന്‍ എന്ന് എന്‍െറ ഉള്ളം പറഞ്ഞുകൊണ്ടേയിരിക്കുന്നു -അജിത് മേനോന്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.