ജീവനക്കാരുടെ ഹാജറും കൃത്യതയും കര്‍ശനം, സംഘടനകള്‍ ഇടപെടരുത് –മുഖ്യമന്ത്രി

തിരുവനന്തപുരം: സിവില്‍ സര്‍വിസ് പൂര്‍ണമായും അഴിമതിമുക്തമാക്കുമെന്നും സ്ഥലംമാറ്റത്തിന് പൊതുമാനദണ്ഡം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഓഫിസ് സമയത്തിലെ കൃത്യതയും ഹാജറും കര്‍ശനമാക്കുമെന്നും ഇക്കാര്യത്തില്‍ സര്‍വിസ് സംഘടനകള്‍ ഇടപെടരുതെന്നും അദ്ദേഹം പറഞ്ഞു. വിവിധ സര്‍വിസ് സംഘടനാപ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്റ്റേറ്റ് സിവില്‍ സര്‍വിസ് ചര്‍ച്ചകള്‍ക്കുശേഷം നടപ്പാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ജീവനക്കാരുടെ ആശങ്ക പരിഹരിച്ച ശേഷമാകും ഇത്. ശാസ്ത്രീയമായ പുനര്‍വിന്യാസമേ ഉണ്ടാവൂ. പങ്കാളിത്ത പെന്‍ഷന്‍ പുന$പരിശോധിക്കും. ശമ്പളപരിഷ്കരണം 10 വര്‍ഷത്തിലൊരിക്കലെന്ന നിര്‍ദേശം നടപ്പാക്കില്ല. ജനങ്ങള്‍ക്കുവേണ്ടിയുള്ള ഭരണസംവിധാനം എന്ന കാഴ്ചപ്പാടില്‍ ഇടപെടലുകള്‍ ഉണ്ടാകും.
അതേസമയം ജീവനക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുകയും ചെയ്യും. ജീവനക്കാരോട് സംഘടനാ മേല്‍വിലാസം നോക്കിയാവില്ല മനോഭാവം. കാര്യക്ഷമതയില്ലായ്മയും കെടുകാര്യസ്ഥതയും അതിരുകവിഞ്ഞ കേന്ദ്രീകരണവും ചുവപ്പുനാടയുമുള്‍പ്പെടെ ഒഴിവാക്കാനും ഭരണയന്ത്രം നവീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. പദ്ധതി അവലോകനം ചെലവഴിക്കുന്ന തുകയില്‍ മാത്രം ഊന്നിയുള്ളതാകരുത്.
ഭരണപരിഷ്കാരകമ്മിറ്റികളുടെ ശിപാര്‍ശകളില്‍ പ്രായോഗികമായവ നടപ്പാക്കും. കൃത്യമായ ഇടവേളകളില്‍ ആഭ്യന്തര ഓഡിറ്റിങ്ങും പരിശോധനയുമുണ്ടാകും. ഭരണഭാഷ മലയാളമാക്കും. എല്ലാ ജീവനക്കാര്‍ക്കും ഐ.ഡി കാര്‍ഡ് നിര്‍ബന്ധമാക്കും. സര്‍ക്കാര്‍ സംബന്ധമായ വിവരങ്ങള്‍ അറിയുന്നതിനും മറ്റും സേവനകേന്ദ്രങ്ങള്‍ ആരംഭിക്കും. ഉദ്യോഗസ്ഥരുടെ സ്വഭാവ-പെരുമാറ്റ നടപടിച്ചട്ടങ്ങള്‍ പരിഷ്കരിക്കും. ഓഫിസുകളില്‍ ഏതെങ്കിലും അപേക്ഷ നിരസിക്കപ്പെട്ടാല്‍ അതിനുള്ള കാരണം അപേക്ഷകനെ അറിയിക്കണം. സന്ദര്‍ശകര്‍ക്ക് എല്ലാ ഓഫിസിലും ഇരിപ്പിടവും കുടിവെള്ളവും ഒരുക്കണം. ഓഫിസുകളില്‍ ഇനി മുതല്‍ വ്യാപാരവാണിജ്യപ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല. ജീവനക്കാരുടെ സേവന വേതന ആനുകൂല്യങ്ങള്‍ സംരക്ഷിക്കുമെന്നും  മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കി.
അതേ സമയം സ്റ്റേറ്റ് സിവല്‍ സര്‍വിസ് നടപ്പാക്കുന്നതിനുമുമ്പ് എത്ര പേരെ ഉള്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് സംഘടനാ പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
മുഴുവന്‍ വകുപ്പുകളില്‍ നിന്നുമുള്ളവരുടെ  പ്രാതിനിധ്യം ഉറപ്പുവരുത്തണം. നിലവിലെ സ്ഥലംമാറ്റങ്ങളിലെ അപാകതകളും പോരായ്മകളും  പരിശോധിക്കുന്നതിന് സെക്രട്ടറിതല സമിതിയെ ചുമതലപ്പെടുത്തണമെന്നതായിരുന്നു മറ്റൊരാവശ്യം. സ്ഥലംമാറ്റ പൊതുമാനദണ്ഡത്തിന് നിയമ പരിരക്ഷ നല്‍കണമെന്നും ആവശ്യമുയര്‍ന്നു. സ്ഥലംമാറ്റത്തിലെ പോരായ്മകളും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
എഫ്.എസ്.ഇ.ടി.ഒ, സെറ്റോ, ഫെറ്റോ, അധ്യാപക സര്‍വിസ് സംഘടനാ സമരസമിതി, അധ്യാപക സര്‍വിസ് സംഘടനാ ഐക്യവേദി തുടങ്ങിയ സംഘടനകളുടെ പ്രതിനിധികള്‍ യോഗത്തില്‍ സംബന്ധിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.