മലപ്പുറം: അസര്‍ നമസ്കാരവും പ്രാര്‍ഥനയും കഴിഞ്ഞ് ആയിശാബി മകനെ ചേര്‍ത്തുനിര്‍ത്തി പറഞ്ഞു: ‘ഈ പെരുന്നാള്‍ ഞങ്ങള്‍ക്ക് പ്രത്യേകതയുള്ളതാണ്’. ഉമ്മ പറഞ്ഞത് കേള്‍ക്കാന്‍ ഫവാസിനാവില്ളെങ്കിലും ആ മുഖത്തെ സന്തോഷം കണ്ട് അവന്‍ പുഞ്ചിരിച്ചു. 20 വര്‍ഷമായി വാറങ്കോട് ഇടവഴിക്കല്‍ വീട്ടിലെ അബ്ബാസും കുടുംബവും കാത്തിരുന്ന പെരുന്നാള്‍. കേള്‍വിശക്തിയും സംസാരശേഷിയുമില്ലാത്ത ഫവാസ് പരിമിതികള്‍ അതിജീവിച്ച് തിരുവനന്തപുരം ഗവ. എന്‍ജിനീയറിങ് കോളജില്‍ സിവില്‍ എന്‍ജിനീയറിങ് ബ്രാഞ്ചില്‍ ബി.ടെക് പ്രവേശം നേടിയിരിക്കുന്നു.
ലാറ്ററല്‍ എന്‍ട്രി പരീക്ഷയില്‍ ജനറല്‍ വിഭാഗത്തില്‍ 159ാം റാങ്ക് ലഭിച്ചപ്പോള്‍ ശ്രവണ-സംസാര വൈകല്യമുള്ളവരില്‍ ഒന്നാമനായി ഫവാസ്. തിരുവനന്തപുരം ഗവ. എന്‍ജിനീയറിങ് കോളജില്‍തന്നെ അലോട്ട്മെന്‍റും കിട്ടി. തിങ്കളാഴ്ചയായിരുന്നു അഡ്മിഷന്‍.
1996 ജൂലൈ നാലിന് ജനിച്ച ഫവാസ് ഇതേ ദിവസം വലിയ സ്വപ്നത്തിലേക്ക് കാലെടുത്തുവെച്ചത് പിറന്നാള്‍ മധുരവുമായി. പ്ളസ് ടു വരെ സ്പെഷല്‍ സ്കൂളുകളിലായിരുന്നു പഠനം. പെരിന്തല്‍മണ്ണ മാലാപറമ്പ് അസീസിയ ബധിര വിദ്യാലയത്തില്‍നിന്ന് എസ്.എസ്.എല്‍.സിയും കോഴിക്കോട് കൊളത്തറ ബധിര വിദ്യാലയത്തില്‍നിന്ന് പ്ളസ് ടുവും പാസായി. ഓള്‍ കേരള പാരന്‍റ്സ് അസോസിയേഷന്‍ ഓഫ് ഹിയറിങ് ഇംപയേഡ് (അക്പാഹി) ജില്ലാ ചെയര്‍മാന്‍ കൂടിയായ അബ്ബാസ് ഒരു വലിയ സാഹസം ചെയ്തു. അങ്ങാടിപ്പുറം ഗവ. പോളിടെക്നിക്കില്‍ ഫവാസിനെ ചേര്‍ത്തു. പ്രത്യേക പരിശീലനം സിദ്ധിച്ച അധ്യാപകരുടെ കീഴില്‍ പഠിച്ച ഫവാസിന് സാധാരണ കുട്ടികള്‍ക്കൊപ്പമത്തൊന്‍ കഴിയില്ളെന്ന് പറഞ്ഞ് പലരും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അബ്ബാസ് വഴങ്ങിയില്ല. കൂട്ടത്തിലൊരാളായി അവനെ പരിഗണിക്കണമെന്ന അഭ്യര്‍ഥനമാത്രം നടത്തി.
സഹപാഠികളായ റഫീദും റിംനാസുമുള്‍പ്പെടെയുള്ളവര്‍ സഹായിച്ചപ്പോള്‍ കാര്യങ്ങള്‍ ഓരോന്നായി വരുതിയിലിക്കാന്‍ ഫവാസിന് കഴിഞ്ഞു.
സിവിലില്‍ ത്രിവത്സര ഡിപ്ളോമ നേടി ലാറ്ററല്‍ എന്‍ട്രി പരീക്ഷ എഴുതി റാങ്ക് ജേതാവുമായി. കണക്കിലും ജനറല്‍ നോളജിലും പ്രാഗത്ഭ്യമുണ്ട്.
മക്കളില്‍ ഏറ്റവും ഇളയവനായ ഫവാസിന് കൈക്കുഞ്ഞായപ്പോള്‍ തൊട്ട് അബ്ബാസും ആയിശാബിയും നടത്താത്ത ചികിത്സകളില്ല. അത് വേണ്ടത്ര ഫലം ചെയ്തില്ളെങ്കിലും പഠനത്തില്‍ മിടുക്കനായി. സഹോദരങ്ങള്‍: റംസി റിയാസ്, അഫീഫ, റംഷിഫ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.