സിന്‍ഡിക്കേറ്റ് നോക്കുകുത്തിയായി; കാലിക്കറ്റില്‍ അക്കാദമിക് പ്രതിസന്ധി

തേഞ്ഞിപ്പലം: സംസ്ഥാന ഭരണമാറ്റത്തിന്‍െറ ചുവടുപിടിച്ച് ഇടതു സംഘടനകള്‍ കൂടുതല്‍ സജീവമായതോടെ കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് നോക്കുകുത്തിയായി. നിര്‍ണായക തീരുമാനമൊന്നും എടുക്കാനാവാതെ വഴിപാടായാണ് സിന്‍ഡിക്കേറ്റ് യോഗങ്ങള്‍പോലും ചേരുന്നത്. ഇതോടെ, അക്കാദമിക്-ഭരണ രംഗത്ത് കടുത്ത പ്രതിസന്ധി രൂപപ്പെട്ടു. പഠനബോര്‍ഡുകള്‍ പുന$സംഘടിപ്പിക്കാത്തതാണ് അക്കാദമിക് പ്രതിസന്ധിക്ക് പ്രധാന കാരണം. വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങളില്‍ തീര്‍പ്പാക്കേണ്ട സമിതിയാണ് പഠനബോര്‍ഡുകള്‍. ചില കോഴ്സുകളുടെ തുല്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുവരെ മുടങ്ങി. കോഴ്സുകളില്‍ തുല്യത തീരുമാനിക്കേണ്ട സമിതി കൂടിയാണ് പഠനബോര്‍ഡ്. ഡിഗ്രി ഓപണ്‍ കോഴ്സിലെ അപാകത പരിഹരിക്കാനും സാധിക്കുന്നില്ല. പി.ജി പഠനബോര്‍ഡില്ലാത്തതിനാല്‍ അധ്യാപകരുടെ ഗൈഡ്ഷിപ് അപേക്ഷകളും ഫയലില്‍ ഉറങ്ങുകയാണ്.
ഈ മാസം അവസാനം നാക് സംഘം സര്‍വകലാശാലയില്‍ എത്താനിരിക്കെയാണ് ഈ ദുരവസ്ഥ. പഠനബോര്‍ഡ് പോലുമില്ലാത്ത സര്‍വകലാശാലക്ക് എന്ത് ഗ്രേഡ് ലഭിക്കുമെന്നാണ് അധ്യാപകര്‍ ചോദിക്കുന്നത്. കരാര്‍ നിയമനങ്ങളും തടസ്സപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്ന വേളയില്‍ നിര്‍ണായക തീരുമാനമൊന്നും കൈക്കൊണ്ടിരുന്നില്ല.

പെരുമാറ്റച്ചട്ടം നീങ്ങി ഭരണമാറ്റംകൂടി വന്നതോടെ ഇടത് സംഘടനകള്‍ വി.സിയെ സമ്മര്‍ദത്തിലാക്കി. പഠനബോര്‍ഡ് പുന$സംഘടിപ്പിക്കുന്നത് ഇടത് സംഘടനകള്‍ വിലക്കി. പ്രോ ചാന്‍സലര്‍ കൂടിയായ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസും പല സമയങ്ങളിലായി ഇടപെടാന്‍ തുടങ്ങി. മുന്‍ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത ആറ് അംഗങ്ങളെ പിന്‍വലിക്കുന്നതോടെ സിന്‍ഡിക്കേറ്റിലെ ഭൂരിപക്ഷം ഇടതിന് ലഭിക്കുമെന്ന സ്ഥിതിയാണ് ഭരണപ്രതിസന്ധിക്ക് കാരണം. ഭൂരിപക്ഷം നഷ്ടപ്പെടുന്ന സമിതിക്ക് നിര്‍ണായക തീരുമാനമെടുക്കാന്‍ അധികാരമില്ളെന്നാണ് ഇടതുസംഘടനകളുടെ നിലപാട്. സമ്മര്‍ദം കനത്തതോടെ സിന്‍ഡിക്കേറ്റ് യോഗം തന്നെ ചേരുന്നില്ല. ആഴ്ചയില്‍ മൂന്നു യോഗങ്ങള്‍ വരെ ചേര്‍ന്നിടത്ത് ജൂണ്‍ 13നാണ് അവസാന സിന്‍ഡിക്കേറ്റ് യോഗം നടന്നത്. തെരഞ്ഞെടുക്കപ്പെട്ട സിന്‍ഡിക്കേറ്റ് നിലനില്‍ക്കെ ഇടതിനെ ഭയന്ന് യോഗം വിളിക്കാതിരിക്കുന്നത് അംഗീകരിക്കാനാവില്ളെന്ന് കോണ്‍ഗ്രസ് അംഗം പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.