നിക്ഷേപതട്ടിപ്പ്: ഒരു കേസുകൂടി സി.ബി.ഐ രജിസ്റ്റര്‍ ചെയ്തു

കൊച്ചി: കാസര്‍കോട് കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന സി.വി ഗ്ളോബല്‍ ട്രേഡ് സൊലൂഷന്‍സ് എന്ന സ്ഥാപനത്തിന്‍െറ മറവില്‍ 19 ലക്ഷം രൂപ തട്ടിയതുമായി ബന്ധപ്പെട്ട് ഒരു കേസുകൂടി സി.ബി.ഐ ഏറ്റെടുത്തു. തൃശൂര്‍ രാമമംഗലം സ്വദേശി കെ.വി. മോഹന്‍ദാസ് അടക്കമുള്ള ഏതാനും പേരില്‍നിന്ന് പണം തട്ടിയെന്ന കേസിലാണ് സി.ബി.ഐ ചെന്നൈ യൂനിറ്റ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. 
കമ്പനി മാനേജിങ് ഡയറക്ടറായ കാസര്‍കോട് വിദ്യാനഗര്‍ നായന്മാര്‍മൂല ചെറിയവീട്ടില്‍ സി.വി. സാദിഖ്, ഡയറക്ടര്‍ കാസര്‍കോട് സ്വദേശി വി.എ. അബ്ദുല്‍ നാസര്‍ എന്നിവരെ സംശയിക്കുന്നവരുടെ പട്ടികയില്‍പെടുത്തിയാണ് അന്വേഷണം ആരംഭിച്ചത്. നേരത്തേ, കോടികള്‍ തട്ടിയതുമായി ബന്ധപ്പെട്ട് സാദിഖ് അടക്കമുള്ളവര്‍ക്കെതിരെ സി.ബി.ഐ കുറ്റപത്രം നല്‍കിയിരുന്നു. സാദിഖിനെ കൂടാതെ ഡയറക്ടറും സാദിഖിന്‍െറ ഭാര്യയുമായ ഖദീജത്ത് നൗഷ, ഉഷാകുമാരി, സി.വി. സുധീര്‍, കെ. മധു, എ. ഗനരാജ്, സീവീ ഗ്ളോബല്‍ ട്രേഡ് സൊലൂഷന്‍സ് എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം. സാദിഖിന്‍െറയും നൗഷയുടെയും നേതൃത്വത്തില്‍ 2008ല്‍ രൂപവത്കരിച്ച കമ്പനി വിവിധ ജില്ലകളില്‍നിന്നായി പ്രമോട്ടര്‍മാര്‍ മുഖേന കോടികള്‍ സമാഹരിച്ചശേഷം 2011ല്‍ മുങ്ങിയെന്നാണ് കേസ്. ഇവര്‍ക്കെതിരെ വഞ്ചനക്കുറ്റം ചുമത്തിയാണ് സി.ബി.ഐ അന്വേഷണം ആരംഭിച്ചത്. 
മാസന്തോറും ലാഭവിഹിതം നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് പണം സ്വരൂപിച്ചത്. എന്നാല്‍, മാസങ്ങള്‍ കഴിഞ്ഞിട്ടും ഇത് നല്‍കാതെ പ്രതികള്‍ മുങ്ങുകയായിരുന്നു. വിദേശത്ത് കഴിയുന്ന സാദിഖിയെയും നൗഷയെയും ഇന്‍റര്‍പോള്‍ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിരിക്കുകയാണ്. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.