ഖബര്‍സ്ഥാനില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടത്തെിയ മൃതദേഹം കാണാതായ വ്യാപാരിയുടേത്

മാഹി: ന്യൂമാഹി പെരിങ്ങാടി മമ്മിമുക്ക് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ കണ്ടത്തെിയ മൃതദേഹം കാണാതായ വ്യാപാരിയുടേതെന്ന് സ്ഥിരീകരിച്ചു. വ്യാപാരിയെ കൊന്ന് കുഴിച്ചുമൂടിയതെന്നാണ് പൊലീസിന്‍െറ പ്രാഥമിക നിഗമനം.   ഹോളോബ്രിക്സ് വ്യാപാരി ന്യൂമാഹി പുതിയ പുരയില്‍ വൈദ്യന്‍റവിട സിദ്ദീഖിന്‍െറ(72) മൃതദേഹമാണ് ഖബര്‍സ്ഥാനില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടത്തെിയത്. കഴിഞ്ഞ ശനിയാഴ്ച മുതലാണ് സിദ്ദീഖിനെ കാണാതായത്.  സിദ്ദീഖിനെ കാണാതായതിനെ തുടര്‍ന്ന് സഹോദരന്‍ പി.പി.ഹാഷിമിന്‍െറ പരാതിയില്‍ ന്യൂമാഹി പൊലീസ് കേസെടുത്ത് തിരച്ചില്‍ നടത്തിവരുന്നതിനിടയിലാണ് നാടിനെ ഞെട്ടിക്കുംവിധം മറ്റൊരാളുടെ ഖബറിടത്തില്‍ സിദ്ദീഖിന്‍െറ മൃതദേഹം കണ്ടത്തെിയത്.കഴിഞ്ഞ ശനിയാഴ്ച ഉച്ച ഒരു മണിയോടെ സിദ്ദീഖ് പെരിങ്ങാടി മസ്ജിദ് കോമ്പൗണ്ടിനകത്തേക്ക്  കയറിപ്പോകുന്നതായി തൊട്ടടുത്ത കടയിലെ സി.സി.ടി.വി ദൃശ്യത്തില്‍ നിന്ന്  അന്വേഷണസംഘം മനസ്സിലാക്കിയിരുന്നു.

എന്നാല്‍, പള്ളിയില്‍ നിന്ന് ഇയാള്‍ തിരിച്ചുപോകുന്നത് ദൃശ്യത്തിലില്ലാതിരുന്നതിനാല്‍ പള്ളിയും പരിസരം, കുളം എന്നിവിടങ്ങളില്‍ ബുധനാഴ്ച ന്യൂമാഹി സബ് ഇന്‍സ്പെക്ടര്‍ കെ.പി. ശ്രീഹരിയുടെ നേതൃത്വത്തില്‍ പരിശോധിക്കുന്നതിനിടയിലാണ്  ഖബറിടത്തിന് മുകളില്‍ ഒരു മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടത്തെിയത്. സമീപകാലത്തൊന്നും ഖബറടക്കം നടത്തിയിട്ടില്ലാത്തതും കാടുമൂടിക്കിടക്കുന്നതുമായ ഭാഗത്തുനിന്നുണ്ടായ അസഹനീയ ദുര്‍ഗന്ധമാണ് അന്വേഷണസംഘത്തെ ഇവിടേക്ക്  എത്തിച്ചത്.ബുധനാഴ്ച  മൃതദേഹം കണ്ടത്തെിയിരുന്നെങ്കിലും തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. വ്യാഴാഴ്ച രാവിലെ സബ് ഡിവിഷനല്‍ മജിസ്ട്രേറ്റിന്‍െറ സാന്നിധ്യത്തില്‍ ഖബറിടം പൂര്‍ണമായും തുറന്ന് അന്വേഷണം ആരംഭിച്ചതോടെയാണ് കാണാതായ വ്യാപാരി സിദ്ദീഖിന്‍െറ ബന്ധുക്കളത്തെി മൃതദേഹം തിരിച്ചറിഞ്ഞത്. 2012ല്‍ ഖബറടക്കിയ എം.കെ.അബ്ദുല്ല എന്നയാളുടെ പേര് രേഖപ്പെടുത്തിയ മീസാന്‍കല്ല് ഇളക്കിമാറ്റിയാണ് സിദ്ദീഖിന്‍െറ  മൃതദേഹം മൂന്നടി ആഴത്തില്‍ കുഴിച്ചിട്ടിരുന്നത്.

ഖബറിടത്തിന് സമീപം ചെറിയ കുഴിയെടുത്തതായും  ഈ കുഴിയില്‍ നിന്നും ഒരു ഷര്‍ട്ടും മൊബൈല്‍ ഫോണും  പൊലീസ് കണ്ടെടുക്കുകയും ചെയ്തു. അന്വേഷണത്തിന്‍െറ ഭാഗമായി ഖബറിടത്തിലത്തെിയ കിമോയെന്ന പൊലീസ് നായ മൃതദേഹത്തിന് സമീപത്തുനിന്ന് മണം പിടിച്ച് മസ്ജിദില്‍ നിന്ന് റോഡിലിറങ്ങി റെയില്‍വേ പാലം ഭാഗത്തേക്ക് ഓടി. റോഡരികിലെ കുറ്റിക്കാട്ടില്‍ നിന്ന് പ്ളാസ്റ്റിക് കവര്‍ മണത്തു. കവറിനുള്ളില്‍ കുറ്റിബീഡികളും ബീഡികളും നീല തൂവാലയും കണ്ടെടുത്തു. തുടര്‍ന്ന് ഇവിടെ നിന്ന് മണം പിടിച്ച പൊലീസ് നായ സമീപത്തെ ഉപ്പിലാക്കണ്ടി നമസ്കാരപ്പള്ളിയുടെ ഗേറ്റ് വരെ ചെന്ന് നിന്നു. സംഭവവുമായി ബന്ധപ്പെട്ട് ഖബര്‍ കുഴിക്കുന്ന പെരിങ്ങാടി, പിണറായി, കൂത്തുപറമ്പ് സ്വദേശികളായ മൂന്നുപേരെ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.