മുന്നണി മാറ്റം ആലോചനയിലില്ല –കെ.എം. മാണി

കോട്ടയം: മുന്നണി മാറ്റം ആലോചനയിലില്ളെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം. മാണി. കഴിഞ്ഞ 50 വര്‍ഷമായി പാര്‍ട്ടിക്ക് ഒട്ടേറെ ഇടികിട്ടിയിട്ടുണ്ട്. ഇടി കിട്ടുംതോറും പാര്‍ട്ടി തഴച്ചുവളരുമെന്നും അദ്ദേഹം പറഞ്ഞു. ബാര്‍ കോഴയിലെ ഗൂഢാലോചന അന്വേഷിക്കാന്‍ പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമീഷന്‍െറ  റിപ്പോര്‍ട്ട് പുറത്തുവിടില്ല.

കേരള കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മാന്യതയുള്ളതു കൊണ്ടാണ് റിപ്പോര്‍ട്ട് പുറത്തുവിടാത്തത്. ബാര്‍ കോഴ വിവാദത്തിന് കാരണക്കാരായവരെ അറിയാം. ഒരോത്തരും എന്തൊക്കെ ചെയ്തുവെന്നും ഞങ്ങള്‍ കണ്ടത്തെിയിട്ടുണ്ട്. ഇതു വെളിപ്പെടുത്തി പലരെയും വേദനിപ്പിക്കാനും മുന്നണിക്കുള്ളില്‍ അസഹിഷ്ണുത ഉണ്ടാക്കാനും ഞങ്ങള്‍ക്ക് താല്‍പര്യമില്ല. മുന്നണിക്ക് പ്രയാസം സൃഷ്ടിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്നവരല്ല കേരള കോണ്‍ഗ്രസുകാര്‍. ചവിട്ടും തൊഴിയും കുതികാല്‍വെട്ടും ഒരുപാട് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഇതിലൊന്നും അസഹിഷ്ണുതയില്ല. എന്തു കുല്‍സിതനീക്കം ഉണ്ടായാലും ഒടുവില്‍ സത്യം ജയിക്കും. യോഗത്തില്‍ മുന്നണിയുടെയും പാര്‍ട്ടിയുടെയും പ്രവര്‍ത്തനം സ്വയംവിമര്‍ശാത്മകമായി വിലയിരുത്തുകയായിരുന്നു. പാര്‍ട്ടി യോഗത്തില്‍ പലതരത്തിലുള്ള അഭിപ്രായങ്ങള്‍ ഉയരുന്നത് സ്വാഭാവികമാണ്. വിമര്‍ശം ഉയര്‍ന്നു എന്നതുകൊണ്ട് പാര്‍ട്ടി അവര്‍ക്കൊപ്പം നില്‍ക്കണമെന്നില്ളെന്നും മാണി പറഞ്ഞു. കോട്ടയത്ത് നടന്ന കേരള കോണ്‍ഗ്രസ് എം സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്ലാവരുടെയും പൂര്‍ണപിന്തുണ കിട്ടിയിരുന്നെങ്കില്‍ ഫലം ഇങ്ങനെ ആകുമായിരുന്നില്ലല്ളോ. ബാര്‍ കോഴയുമായി ബന്ധപ്പെട്ട് യൂത്ത് ഫ്രണ്ട് നേതൃത്വം കോണ്‍ഗ്രസ് അധ്യക്ഷക്ക് കത്തയച്ച കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അവര്‍ സ്വതന്ത്ര്യരായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്‍െറ മറുപടി. ആഗസ്റ്റ് ആറിനും ഏഴിനും ചരല്‍ക്കുന്നില്‍ നടക്കുന്ന ക്യാമ്പില്‍ പാര്‍ട്ടിയുടെ സംഘടന തെരഞ്ഞെടുപ്പിന്‍െറ ഷെഡ്യൂള്‍ പ്രഖ്യാപിക്കുമെന്നും മാണി പറഞ്ഞു. എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ ഇതുവരെയുള്ള ഭരണത്തില്‍ ജനത്തെ സഹായിക്കാനോ ആശ്വാസം നല്‍കാനോ കഴിഞ്ഞിട്ടില്ല.

ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റില്‍ കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭാഗഉടമ്പടിക്കും വസ്തു കൈമാറ്റം ചെയ്യുമ്പോഴും മുദ്രപ്പത്രത്തിനു മൂന്നു ശതമാനം നികുതി ഏര്‍പ്പെടുത്തിയതു ജനങ്ങള്‍ക്കു വിഷമതയുണ്ടാക്കും. കുടുംബാംഗങ്ങളെ ബാധിക്കുന്ന ഈ നടപടി പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍  തയാറാകണം.  ഇതിനു പുറമെ ഗോതമ്പ് ഉല്‍പനങ്ങള്‍, വെളിച്ചെണ്ണ, തുണി തുടങ്ങിയവക്ക് ഏര്‍പ്പെടുത്തിയ നികുതിയും ജനങ്ങള്‍ക്കു മേല്‍ ഭാരം അടിച്ചേല്‍പിക്കുന്നതാണ്. വിലവര്‍ധനക്കു കാരണമായി നികുതികളെല്ലാം പിന്‍വലിക്കണം. പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫ്, ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ്. തോമസ്, ജോയി എബ്രഹാം എം.പി, പാര്‍ട്ടി എം.എല്‍എമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.