അയോഗ്യതകള്‍ നീക്കംചെയ്യല്‍ ബില്‍ സാമ്പത്തിക ബാധ്യതയെന്ന് പ്രതിപക്ഷം; പുരോഗമനപരമെന്ന് ഭരണപക്ഷം

തിരുവനന്തപുരം: നിയമസഭ (അയോഗ്യതകള്‍ നീക്കംചെയ്യല്‍) ഭേദഗതി ബില്‍ സര്‍ക്കാറിന് വന്‍ സാമ്പത്തികബാധ്യത വരുത്തിവെക്കുമെന്ന് പ്രതിപക്ഷവും പുരോഗമനപരമെന്ന് ഭരണപക്ഷവും നിയമസഭയില്‍ നിലപാടെടുത്തു. ബില്ലിന്‍െറ ഗുണദോഷങ്ങളെക്കുറിച്ച് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയതോടെ സഭ ക്രിയാത്മക ചര്‍ച്ചകള്‍ക്ക് വേദിയായി. സാമാജികരുടെ ഇരട്ടപ്പദവി സംബന്ധിച്ച പ്രശ്നങ്ങള്‍ മറികടക്കാന്‍ 1951 മുതല്‍ മുന്‍കാലപ്രാബല്യത്തോടെയാണ് ബില്‍ അവതരിപ്പിക്കപ്പെട്ടതെങ്കിലും മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് ലാവണമൊരുക്കാനുള്ള ഉദ്ദേശ്യമാണ് സര്‍ക്കാറിനുള്ളതെന്ന് പ്രതിപക്ഷം ആരോപിച്ചു.
 16ാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് ആശയം ആവര്‍ത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ആദായമുള്ള പദവികളില്‍ സാമാജികര്‍ തുടരുന്നതിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ചില കേസുകളില്‍ സുപ്രീംകോടതി വിധിയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ബില്ലിനെ ‘അച്യുതാനന്ദന്‍ ബില്‍’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
വി.ടി. ബല്‍റാം, കെ.സി. ജോസഫ് ഉള്‍പ്പെടെയുള്ളവര്‍ പ്രതിപക്ഷനേതാവിനെ പിന്തുണക്കുന്ന തരത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.
അതേസമയം, ബില്‍ ജനോപകാരപ്രദവും പുരോഗമനപരവുമെന്നും വിശേഷിപ്പിച്ച എസ്. ശര്‍മ പ്രതിപക്ഷ ആരോപണങ്ങളുടെ മുനയൊടിച്ചു.
ഇ.എം.എസ്, നായനാര്‍ സര്‍ക്കാറുകളുടെ കാലത്തുണ്ടായിരുന്ന ഭരണപരിഷ്കരണ കമ്മിറ്റികള്‍ നല്‍കിയ ശിപാര്‍ശകള്‍ വികസനത്തിന് ആക്കംകൂട്ടിയെന്നും അദ്ദേഹം സമര്‍ഥിച്ചു. ലോക്കല്‍ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണല്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ നടപ്പായത് പരിഷ്കരണ കമീഷന്‍ നിര്‍ദേശത്തിന്‍െറ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം വാദിച്ചു.

 

മത്സ്യവിത്ത് ചട്ടം: എം. ഉമ്മറിന്‍െറ ഭേദഗതി തള്ളി
തിരുവനന്തപുരം: 2016ലെ കേരള മത്സ്യവിത്ത് ചട്ടങ്ങള്‍ക്ക് എം. ഉമ്മര്‍ സമര്‍പ്പിച്ച ഭേദഗതികള്‍ വോട്ടിനിട്ട് തള്ളി. മത്സ്യമേഖലക്ക് പ്രതികൂലമായേക്കാവുന്ന നിര്‍ദേശങ്ങള്‍ ഒഴിവാക്കണമെന്ന് ഉമ്മര്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹത്തിന്‍െറ ആശങ്കകള്‍ അസ്ഥാനത്താണെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിയമസഭയെ അറിയിച്ചു. ഇതോടെ പ്രതിപക്ഷം തീരുമാനം വോട്ടിനിടണമെന്നാവശ്യപ്പെട്ടു.
 തുടര്‍ന്ന് 31നെതിരെ 65 വോട്ടുകള്‍ക്ക് ഭേദഗതിനിര്‍ദേശം തള്ളുകയായിരുന്നു. അതേസമയം വോട്ടിങ്ങിനായി ബെല്‍ മുഴങ്ങിയപ്പോള്‍, സഭക്ക് പുറത്തായിരുന്ന മന്ത്രിമാരില്‍ പലര്‍ക്കും നിര്‍ദിഷ്ട സമയത്തിനുള്ളില്‍ അകത്തളത്തില്‍ പ്രവേശിക്കാനായില്ല. മന്ത്രിമാരായ ഡോ. ടി.എം. തോമസ് ഐസക്, എ.സി. മൊയ്തീന്‍, വി.എസ്. സുനില്‍കുമാര്‍, ഡോ. കെ.ടി. ജലീല്‍ തുടങ്ങിയവര്‍ക്ക് വോട്ടെടുപ്പ് കഴിയുംവരെ പുറത്തുനില്‍ക്കേണ്ടിവന്നു.


സിമന്‍റ് വില: ഉല്‍പാദക കമ്പനികളുമായി ചര്‍ച്ച നടത്തും
തിരുവനന്തപുരം:  സിമന്‍റ് വില നിയന്ത്രിക്കുന്നതിന് ഇതരസംസ്ഥാന സിമന്‍റ് ഉല്‍പാദക കമ്പനി പ്രതിനിധികളുമായി ചര്‍ച്ചനടത്തുമെന്ന് മന്ത്രി ഇ.പി. ജയരാജന്‍  നിയമസഭയില്‍ രാജു എബ്രഹാമിന്‍െറ സബ്മിഷന് മറുപടി നല്‍കി. സംസ്ഥാനത്തിനാവശ്യമായ സിമന്‍റിന്‍െറ 10 ശതമാനം മാത്രമാണ് ഇവിടെ ഉല്‍പാദിപ്പിക്കുന്നത്. ബാക്കി പുറത്തുനിന്ന് എത്തിക്കുകയാണ്.
ഉല്‍പാദകര്‍ നിശ്ചയിക്കുന്നതാണ് സിമന്‍റിന്‍െറ വില. അതു നിയന്ത്രിക്കുന്നതിന് ചര്‍ച്ച നടത്തും. ചെറുകിട ക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ജില്ലാതല പരിസ്ഥിതിസമിതി വിളിച്ചുചേര്‍ക്കുമെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസ വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ആഗസ്റ്റില്‍ നടപടി സ്വീകരിക്കുമെന്ന് പി.സി ജോര്‍ജിന്‍െറ സബ്മിഷന് മന്ത്രി തോമസ് ഐസക് മറുപടി നല്‍കി. വിദ്യാഭ്യാസ വായ്പ വാങ്ങിയവരെ ജോലി കിട്ടും വരെ തിരിച്ചടവിന് നിര്‍ബന്ധിക്കാതിരിക്കുക, ജോലി ലഭിക്കുന്നവരുടെ വരുമാനത്തിന്‍െറ നിശ്ചിത ശതമാനത്തില്‍ കൂടുതല്‍ പണം തിരിച്ചു പിടിക്കാതിരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും ബാങ്കുകള്‍ക്ക് മുന്നില്‍ വെക്കുമെന്ന് മന്ത്രി പറഞ്ഞു.
ആവശ്യമായ കളിമണ്ണ് ശേഖരിക്കാന്‍ സാധിക്കാതെ ഇഷ്ടിക-മണ്‍പാത്ര നിര്‍മാതാക്കള്‍ നേരിടുന്ന ബുദ്ധിമുട്ട് ഒഴിവാക്കാന്‍ ആവശ്യമായ നടപടിയെടുക്കുമെന്ന് കെ. ആന്‍സലന്‍െറ സബ്മിഷന് മന്ത്രി ഇ.പി. ജയരാജന്‍ മറുപടി നല്‍കി.
മറ്റുവകുപ്പുകളില്‍ സമാന ജോലിചെയ്യുന്നവര്‍ക്ക് ലഭിക്കുന്ന വേതനം ജലസേചന വകുപ്പിലെ എച്ച്.ആര്‍-എസ്.എല്‍.ആര്‍ വിഭാഗം ജീവനക്കാര്‍ക്കും നല്‍കുന്നത് പരിഗണിക്കുമെന്ന് മോന്‍സ് ജോസഫിനെ മന്ത്രി മാത്യു ടി. തോമസ് അറിയിച്ചു.
കരാര്‍ ജീവനക്കാര്‍ ആയതിനാല്‍ എച്ച്.ആര്‍-എസ്.എല്‍.ആര്‍ വിഭാഗം ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ നിയമത്തില്‍ വ്യവസ്ഥയില്ളെന്നും മന്ത്രി പറഞ്ഞു.


തൊഴില്‍ വകുപ്പിനുകീഴിലെ ബോര്‍ഡുകള്‍
പിരിച്ചുവിട്ടിട്ടില്ല –മന്ത്രി

തിരുവനന്തപുരം: തൊഴില്‍ വകുപ്പിനുകീഴിലെ ക്ഷേമനിധി ബോര്‍ഡുകളും കോര്‍പറേഷനുകളും സര്‍ക്കാര്‍ പിരിച്ചുവിട്ടിട്ടില്ളെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ അറിയിച്ചു. ബോര്‍ഡുകളിലെ അനൗദ്യോഗിക അംഗങ്ങളെ തീരുമാനിക്കാനുള്ള അവകാശം അതത് കാലത്തെ സര്‍ക്കാറിനാണ്. ഇതനുസരിച്ച് നിലവിലുണ്ടായിരുന്ന അനൗദ്യോഗിക അംഗങ്ങളെ കാലാവധി തീര്‍ന്നെന്ന് പ്രഖ്യാപിച്ച് ഒഴിവാക്കുകയായിരുന്നു. അവര്‍ക്ക് പകരക്കാരെ ഉടന്‍ നിയമിക്കുമെന്നും എ.പി. അനില്‍കുമാറിന്‍െറ സബ്മിഷന് മന്ത്രി മറുപടി നല്‍കി.
നെടുങ്ങോലം താലൂക്കാശുപത്രിയില്‍ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ സ്ഥലംമാറ്റം വഴിയും ഉദ്യോഗക്കയറ്റം വഴിയും ഉടന്‍ പരിഹരിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ആവശ്യമായ തസ്തികകള്‍ താമസിയാതെ സൃഷ്ടിക്കുമെന്നും ജി.എസ്. ജയലാലിന്‍െറ സബ്മിഷന് മന്ത്രി മറുപടി നല്‍കി. കുഴിമണ്ണ സി.എച്ച്.സിയില്‍ തസ്തിക സൃഷ്ടിക്കാന്‍ ഘട്ടംഘട്ടമായി നടപടിയെടുക്കുമെന്ന് പി.കെ. ബഷീറിനെ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
വടകര ജില്ലാ ആശുപത്രി കെട്ടിടനിര്‍മാണം വേഗം പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് സി.കെ. നാണുവിന്‍െറ സബ്മിഷന് മന്ത്രി ജി. സുധാകരന്‍ മറുപടി നല്‍കി.


പച്ചത്തേങ്ങ സംഭരണം എല്ലാ കൃഷിഭവനുകളിലേക്കും –മന്ത്രി
തിരുവനന്തപുരം: പച്ചത്തേങ്ങ സംഭരണം സംസ്ഥാനത്തെ എല്ലാ കൃഷിഭവനുകളിലേക്കും വ്യാപിപ്പിക്കുമെന്നും മൂന്ന് അഗ്രി പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി വി.എസ്. സുനില്‍കുമാര്‍ നിയമസഭയില്‍ അറിയിച്ചു. പച്ചത്തേങ്ങയുടെ സംഭരണവില കിലോക്ക് 27 രൂപയാക്കുമെന്നും എം.എം. മണിയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മന്ത്രി അറിയിച്ചു. നാഫെഡുമായി ചര്‍ച്ചചെയ്ത് കൊപ്രാ സംഭരണം ശക്തമാക്കി നാളികേരത്തിന്‍െറ വില പിടിച്ചുനിര്‍ത്തും. ഇതുവരെ 352 കൃഷിഭവനുകളിലൂടെ 128638 ടണ്‍ നാളികേരം സംഭരിച്ചു. നാളികേരത്തിന്‍െറ വൈവിധ്യവത്കരണത്തിലൂടെ മാത്രമേ പ്രതിസന്ധി മറികടക്കാന്‍ കഴിയൂ. മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ഉല്‍പാദിപ്പിക്കുന്നതിന് സംസ്ഥാനത്തെ മൂന്ന് കേന്ദ്രങ്ങളില്‍ അഗ്രിപാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ നടപടിയെടുത്തുവരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.