സി.ബി.എസ്.ഇ: അഞ്ചാംക്ളാസ് വരെ ശനിയാഴ്ച അധ്യയനം പാടില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് സി.ബി.എസ്.ഇയുമായി അഫിലിയേറ്റ് ചെയ്തിട്ടുളള വിദ്യാലയങ്ങളിലെ ഒന്നുമുതല്‍ അഞ്ചുവരെയുള്ള ക്ളാസുകളിലെ കുട്ടികള്‍ക്ക് ശനിയാഴ്ചകളില്‍ ക്ളാസ് നടത്തരുതെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷന്‍ നിര്‍ദേശിച്ചു. ഇക്കാര്യം വ്യക്തമാക്കി തിരുവനന്തപുരത്തെ സി.ബി.എസ്.ഇ റീജനല്‍ ഓഫിസര്‍ കര്‍ശനനിര്‍ദേശം പുറപ്പെടുവിക്കണമെന്നും കമീഷന്‍ അധ്യക്ഷ ശോഭാ കോശി, അംഗം ജെ. സന്ധ്യ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.

പത്തനംതിട്ട ജില്ലയിലെ ഒരു സ്കൂളിലെ ഒന്നാം ക്ളാസ് വിദ്യാര്‍ഥികള്‍ക്ക് ശനിയാഴ്ചകളിലും ക്ളാസ് നടത്തുന്നതായി ആരോപിച്ച് കമീഷന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഒന്നുമുതല്‍ അഞ്ചുവരെ ക്ളാസുകളിലെ കുട്ടികള്‍ക്ക് 200 പ്രവൃത്തിദിവസവും ആറുമുതല്‍ എട്ടുവരെ ക്ളാസുകളിലെ കുട്ടികള്‍ക്ക് 220 പ്രവൃത്തിദിവസവുമാണ് ഉണ്ടാകേണ്ടത്. ഇതനുസരിച്ച് സംസ്ഥാനത്തെ കേന്ദ്രീയവിദ്യാലയങ്ങളും സര്‍ക്കാര്‍ സ്കൂളുകളും ഒന്നുമുതല്‍ അഞ്ചുവരെ ക്ളാസുകളിലെ കുട്ടികള്‍ക്ക് ശനിയാഴ്ച ക്ളാസ് ഒഴിവാക്കി പ്രവൃത്തിസമയം പുന$ക്രമീകരിച്ചിട്ടുണ്ട്. വിവിധ പ്രായത്തിലുള്ള കുട്ടികളുടെ ശാരീരികവും മാനസികവുമായ ആവശ്യകതകള്‍ കണക്കിലെടുത്താണ് വിദ്യാഭ്യാസാവകാശ നിയമത്തില്‍ സ്കൂള്‍ പ്രവൃത്തിദിവസം നിശ്ചയിച്ചിട്ടുള്ളതെന്ന് കമീഷന്‍ വിലയിരുത്തി. ഇത്തരം മാര്‍ഗനിര്‍ദേശങ്ങള്‍ സ്കൂളുകള്‍ക്ക് അവഗണിക്കാനാവില്ളെന്ന് കമീഷന്‍ നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി ആഗസ്റ്റ് 30നകം അറിയിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.