തിരുവനന്തപുരം: താൻ ഉന്നയിച്ച കാര്യങ്ങളിൽ തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയും പാർട്ടിയുമാണെന്നും തന്‍റെ പിന്നിൽ ദൈവം മാത്രമാണുള്ളതെന്നും പി.വി. അൻവർ. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.ഡി.ജി.പിക്കെതിരായ അന്വേഷണ സംഘത്തിലുള്ള കീഴുദ്യോഗസ്ഥരാണ് എന്നതിനെക്കുറിച്ചൊന്നും ഇപ്പോൾ വിശദീകരിക്കുന്നില്ല. പൊളിറ്റിക്കൽ സെക്രട്ടറിയെ മാറ്റുമോയെന്നൊന്നും എനിക്കറിയില്ല. ഞാൻ ഇന്നും നാളെയും മറ്റന്നാളുമെല്ലാം വലിയ പ്രതീക്ഷയിലാണ്. ഉന്നയിച്ച വിഷയങ്ങൾ സർക്കാറിന് തീർച്ചയായും പരിഗണിക്കേണ്ടി വരും. കാരണം, എന്‍റെ കാര്യമല്ല, പറഞ്ഞത്. ജനങ്ങൾ അഭിമുഖീകരിക്കുന്ന വിഷയമാണെന്നും പി.വി. അൻവർ തുടർന്നു.
സംഭവവികാസങ്ങൾ വിശദമായി മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. എഴുതിക്കൊടുക്കേണ്ടത് എഴുതിക്കൊടുത്തു. മുഖ്യമന്ത്രി എല്ലാം കേട്ടു. വിശദീകരണങ്ങൾ ചോദിച്ചു. ഇനി സത്യസന്ധമായ അന്വേഷണം ഈ വിഷയത്തിൽ നടക്കും. അതു മുഖ്യമന്ത്രിയെ ഏൽപിച്ചിരിക്കുന്നു. ഒരു സഖാവ് എന്ന നിലക്കാണ് ഉത്തരവാദിത്തം ഈ വിഷയത്തിലേക്ക് ഇറങ്ങിയത്.
പാർട്ടിയിലെ ഏറ്റവും ഉത്തരവാദപ്പെട്ട സഖാവാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ പകർപ്പ് പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും നൽകും. പരാതി പാർട്ടി സെക്രട്ടറിക്ക് നൽകുന്നതോടെ സഖാവ് എന്ന നിലക്കുള്ള എന്‍റെ ഉത്തരവാദിത്തം അവസാനിക്കുകയാണ്. ഇനി അന്വേഷണ ഏജൻസിയുമായി സഹകരിക്കുക എന്നത് മാത്രമാണ് ഉത്തരവാദിത്തം.
ഇനി എങ്ങനെ മുന്നോട്ടുപോകണമെന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയും പാർട്ടിയുമാണ്. ആവശ്യമായ അന്വേഷണ സംവിധാനം ഒരുക്കുമെന്ന് തന്നെയാണ് സഖാവ് എന്ന നിലക്കുള്ള വിശ്വാസം. എല്ലാം തെളിയുമോയെന്ന് കാത്തിരുന്നു കാണാം. എന്‍റെ നയം ഇക്കാര്യത്തിൽ വ്യക്തമാണ്. കേരളത്തിൽ പൊലീസിൽ ഒരു വിഭാഗത്തിന്‍റെ പേരുമാറ്റം പാർട്ടിക്കും സർക്കാറിനും പ്രതിസന്ധിയും പ്രശ്നവുമുണ്ടാക്കുന്നുണ്ട്. പൊലീസിലെ പുഴുക്കുത്തും അഴിമതിയും ഞാൻ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റ് സർക്കാറാണിത്. ജനങ്ങളുടെ വികാരം കമ്യൂണിസ്റ്റ് സർക്കാറിനറിയാം. എന്‍റെ പിറകിൽ ദൈവം മാത്രമാണുള്ളത്. നെഞ്ചിൽ കൈവെച്ച് ദൈവത്തെ സാക്ഷിയാക്കി അതു പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.