അക്രമിക്കാന്‍ വന്നാല്‍ തിരിച്ചടിക്കണമെന്ന്​ ​സി.പി.എം പ്രവർത്തകരോട്​ കോടിയേരി (Video)

പയ്യന്നൂര്‍: സി.പി.എം പ്രവര്‍ത്തകരെ ആക്രമിക്കാന്‍ വന്നാല്‍ സ്തംഭിച്ചു നില്‍ക്കാതെ തിരിച്ചടിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വയലില്‍ പണിയെടുത്താല്‍ വരമ്പത്ത് കൂലി ലഭിക്കുമെന്ന് ആര്‍.എസ്.എസും ബി.ജെ.പിയും തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ സി.പി.എം പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.

സി.പി.എം സമാധാനം ആഗ്രഹിക്കുന്ന പാര്‍ട്ടിയാണ്. എന്നാല്‍, സി.പി.എമ്മിന്‍െറ പരമ്പരാഗത കേന്ദ്രങ്ങളില്‍ കടന്നുവന്ന് പ്രവര്‍ത്തകരെ ജീവിക്കാനനുവദിക്കാതെ അക്രമം നടത്തുകയാണ് ആര്‍.എസ്.എസ്. അക്രമം പ്രതിരോധിക്കാന്‍ രാഷ്ട്രീയ വിദ്യാഭ്യാസത്തോടൊപ്പം കായികപരിശീലനവും ആവശ്യമാണ്. കടകളും വീടുകളും മറ്റ് സ്ഥാപനങ്ങളും അക്രമിക്കാന്‍ പാടില്ല. സി.പി.എമ്മിന്‍െറ ഉശിരന്‍ പ്രവര്‍ത്തകനായിരുന്നു ധനരാജ്. മൂന്നുതവണ ഇതിനു മുമ്പ് ധനരാജിനെ അപായപ്പെടുത്താന്‍ ശ്രമം നടന്നു. നാലാം തവണയാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ സംഘ്പരിവാറിന്‍െറ ഉന്നത നേതൃത്വത്തിന് പങ്കുണ്ട്.

സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണം. ഇരകള്‍ക്കൊപ്പം നില്‍ക്കേണ്ട പൊലീസ് വേട്ടക്കാരോടൊപ്പമാണ് നില്‍ക്കുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇത് പരിശോധിക്കണം. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അഞ്ച് സി.പി.എം പ്രവര്‍ത്തകരെയാണ് കൊലപ്പെടുത്തിയത്. ഇവരില്‍ മൂന്നുപേര്‍ മരിച്ചത് ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ കൊലക്കത്തിക്കിരയായാണ്. സി.പി.എമ്മിനെതിരെ അക്രമം നടത്തിയ ശേഷം, സി.പി.എം അക്രമം നടത്തുകയാണെന്ന്  ദേശവ്യാപകമായി പ്രചരിപ്പിക്കുകയാണ് സംഘ്പരിവാര്‍.എല്‍.ഡി.എഫിന്‍െറ വിജയത്തിലുള്ള അസഹിഷ്ണുതയാണ് ഇതിനു പിന്നില്‍. സി.പി.എമ്മിന് ശക്തിയുള്ള സ്ഥലങ്ങളില്‍ സംഘ്പരിവാറിന്‍െറ വര്‍ഗീയ അജണ്ട നടപ്പാക്കാനാവാത്തതാണ് അവരെ വിഷമിപ്പിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

സി. കൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി. ജയരാജന്‍, നേതാക്കളായ വി. നാരായണന്‍, കെ.വി. ഗോവിന്ദന്‍, ഇ.പി. കരുണാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.ഏരിയാ സെക്രട്ടറി ടി.ഐ. മധുസൂദനന്‍ സ്വാഗതം പറഞ്ഞു. പുതിയ ബസ്സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനവും നടന്നു.

Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.