തൃശൂര്‍: സ്കൂള്‍ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് സംസ്ഥാനത്ത് ലഹരിവസ്തുക്കളുടെ വിപണനം ശക്തമാകുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ വിദ്യാലയങ്ങള്‍ക്ക് സമീപം ലഹരി വസ്തുക്കള്‍ വിറ്റതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത് 20,000ത്തിലധികം കേസുകള്‍. 4,600 ഓളം കേസുകള്‍ എക്സൈസ് വകുപ്പാണ് രജിസ്റ്റര്‍ ചെയ്തത്. 15,000ത്തിലധികം കേസുകളാണ് വിവിധ പൊലീസ് സ്റ്റേഷനുകളിലും ഉള്ളത്. അടുത്തിടെ സംസ്ഥാനത്ത് ലഹരിമരുന്നുമായി പിടിയിലായവരില്‍ ഏറെയും സ്കൂളുകള്‍ക്ക് സമീപത്തുനിന്നാണ് എന്നത് സംസ്ഥാനത്ത് കൗമാരക്കാരെ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് മാഫിയ പ്രവര്‍ത്തിക്കുന്നതെന്നതിന് തെളിവാണ്.
വിദ്യാലയങ്ങള്‍ക്ക് സമീപം നിരോധിത പുകയില ഉല്‍പന്നങ്ങളുടെ വിപണനം ശക്തമാകുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ സാരമായ വര്‍ധനയാണ് ഉണ്ടായിട്ടുള്ളതും. എന്നാല്‍, നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ പ്രതികളെ ഹാജരാക്കാറുണ്ടെങ്കിലും വളരെ പെട്ടെന്നുതന്നെ അവര്‍ പുറത്തിറങ്ങി വീണ്ടും ഈ വില്‍പന തുടരുകയാണെന്ന് എക്സൈസ് വൃത്തങ്ങള്‍ സമ്മതിക്കുന്നു.
പല ജില്ലകളിലും ‘കോട്പ’ നിയമപ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നില്ളെന്നത് മറ്റൊരു സത്യം. തൃശൂര്‍ ജില്ലയില്‍ മാത്രമാണ് ഇത്തരത്തില്‍ എക്സൈസ് വകുപ്പിന്‍െറ കാര്യമായ പ്രവര്‍ത്തനം നടക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. വിദ്യാലയങ്ങള്‍ക്ക് സമീപം നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വിറ്റതുമായി ബന്ധപ്പെട്ട് എക്സൈസ് വകുപ്പ് തൃശൂരില്‍ 1,987 കേസുകളാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, വിദ്യാലയങ്ങള്‍ക്ക് സമീപത്തുനിന്ന് മയക്കുമരുന്ന് പിടികൂടിയ നിരവധി സംഭവങ്ങളുണ്ടായിട്ടും ആ കേസുകളൊന്നും വേണ്ട രീതിയിലല്ല രജിസ്റ്റര്‍ ചെയ്തിട്ടുള്ളതത്രേ.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ കണക്കുകള്‍ പരിശോധിച്ചാല്‍ത്തന്നെ കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളിലാണ് സംസ്ഥാനത്ത് ലഹരിമരുന്നിന്‍െറ വ്യാപനം ഇത്രകണ്ട് വര്‍ധിച്ചതെന്ന് വ്യക്തം. 2013 ല്‍ വിദ്യാലയങ്ങള്‍ക്ക് സമീപം ലഹരിവസ്തുക്കള്‍ വിറ്റതുമായി ബന്ധപ്പെട്ട് 1,834 കേസുകള്‍ മാത്രം രജിസ്റ്റര്‍ ചെയ്ത സ്ഥാനത്താണ് 2014 ല്‍ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 4,773ഉം ’15ല്‍ 4,632ഉം ഈ മാസം 10 വരെ 2,200 ഓളം കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
സമൂഹത്തില്‍ ഗുരുതര രീതിയില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം വ്യാപിക്കുന്നുവെന്നാണ് കേസുകളുടെ എണ്ണം വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ വിവിധ സ്കൂളുകളില്‍ സാമൂഹിക സുരക്ഷ വകുപ്പിന്‍െറ കൗണ്‍സിലര്‍മാര്‍ നടത്തിയ പരിശോധനകളില്‍ പ്രൈമറിതലം മുതലുള്ള കുട്ടികള്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതായി കണ്ടത്തെിയിട്ടുണ്ട്. ലഹരി വസ്തുക്കള്‍ക്ക് പുറമെ വിദ്യാലയങ്ങള്‍ക്ക് സമീപം അനധികൃത മദ്യവില്‍പനയും നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.