ടൈറ്റാനിയം കേസ്: രണ്ട് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് കോടതി

തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസില്‍ രണ്ട് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സിനോട് കോടതി ഉത്തരവിട്ടു. കേസ് പരിഗണിച്ച തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് നിർദേശം നൽകിയത്. അന്വേഷണം പൂര്‍ത്തിയാക്കാന്‍ നാല് മാസം വേണമെന്ന വിജിലന്‍സിന്‍റെ ആവശ്യം കോടതി തള്ളി. കേസ് അടുത്തമാസം 29ന് വീണ്ടും പരിഗണിക്കും.

അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും കേസില്‍ ആറ് പേര്‍ക്കെതിരെ എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായും വിജിലന്‍സ് പ്രോസിക്യൂട്ടര്‍ കോടതിയെ ബോധിപ്പിച്ചു. കഴിഞ്ഞ ദിവസം വിജിലന്‍സ് ഡയറക്ടറുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ നിര്‍ണായക രേഖകള്‍ ലഭിച്ചിട്ടുണ്ടെന്നും പ്രോസിക്യൂട്ടര്‍ അറിയിച്ചു. മലിനീകരണ നിയന്ത്രണ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്ത സ്ഥാപനങ്ങളിലും വരും ദിവസങ്ങളില്‍ പരിശോധന നടക്കും. അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് വ്യക്തമാക്കി.

തെളിവുകള്‍ ലഭിച്ചെന്ന ജേക്കബ് തോമസിന്‍റെ അവകാശവാദം ശരിയാണെന്ന അഭിപ്രായവുമായി മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.കെ രാമചന്ദ്രന്‍ മാസ്റ്റര്‍ നേരത്തെ രംഗത്ത് വന്നിരുന്നു. വകുപ്പിലെ അഴിമതികള്‍ ചൂണ്ടിക്കാട്ടിയതിന്‍റെ പേരില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ചേര്‍ന്നാണ് തന്നെ മന്ത്രിസ്ഥാനത്തിൽ നിന്നും മാറ്റിയതെന്നും അദ്ദേഹം ആരോപിച്ചു.

ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, ഇബ്രാഹിംകുഞ്ഞ്, മറ്റു ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയാണ് ടൈറ്റാനിയം കേസില്‍ വിജിലന്‍സ് എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ടൈറ്റാനിയം കമ്പനിയില്‍ മാലിന്യ സംസ്‌കരണ പ്ലാന്‍റ് സ്ഥാപിച്ചതില്‍ 256 കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് കേസ്.

2006ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരിക്കെയാണ് പദ്ധതിക്ക് അനുമതി നല്‍കിയത്. പ്ലാന്‍റിന്‍റെ നിര്‍മാണത്തിന് ആവശ്യമായ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് മെക്കോണ്‍ കമ്പനി വഴി ഫിന്‍ലന്‍ഡിലെ കമ്പനിക്കാണ് കരാര്‍ നല്‍കിയിരുന്നത്. ഇതിലാണ് അഴിമതി ആരോപണം ഉയര്‍ന്നത്.

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.