വൈദ്യുതിബോര്‍ഡ് ലാഭത്തിലെന്ന് കമീഷന്‍; നഷ്ടത്തിലെന്ന് ബോര്‍ഡ്

തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡ് ഇക്കൊല്ലവും അടുത്ത വര്‍ഷവും ലാഭത്തിലെന്ന് റെഗുലേറ്ററി കമീഷനും അതല്ല, വന്‍നഷ്ടത്തിലെന്ന് ബോര്‍ഡും. കമീഷനും ബോര്‍ഡും തമ്മില്‍ ഇക്കാര്യത്തിലെ രൂക്ഷഭിന്നത നിരക്ക് പരിഷ്കരണത്തിന് നടന്ന തെളിവെടുപ്പില്‍ വ്യക്തമായി. വൈദ്യുതിബോര്‍ഡ് ഇക്കൊല്ലത്തെ വരവുചെലവ് കണക്കുകളും താരിഫ് പെറ്റീഷനും നല്‍കാത്തതിനെതിരെ സ്വമേധയാ നിരക്ക് പരിഷ്കരണത്തിന് കമീഷന്‍ നടപടി ആരംഭിച്ചിരുന്നു. കഴിഞ്ഞവര്‍ഷത്തെ താരിഫ് നിര്‍ണയ നിര്‍ദേശങ്ങളില്‍ വിയോജിപ്പുള്ളതുകൊണ്ടാണ് ബോര്‍ഡ് കണക്കുകള്‍ നല്‍കാതിരുന്നത്. സ്വമേധയാ നിരക്ക് പരിഷ്കരണത്തിന് കമീഷന്‍ തെളിവെടുപ്പ് നടത്തവേയാണ് ബോര്‍ഡ് കണക്കുമായി രംഗത്തുവന്നത്.
 
നടപ്പുവര്‍ഷം ബോര്‍ഡിന് 574 കോടിയും അടുത്തവര്‍ഷം 600 കോടിയും ലാഭമുണ്ടാകുമെന്ന് കമീഷന്‍ നിലപാടെടുത്തു. എന്നാല്‍, ഈവര്‍ഷം 1600 കോടിയും അടുത്തവര്‍ഷം 2200 കോടിയും നഷ്ടമുണ്ടാകുമെന്ന് ബോര്‍ഡും വ്യക്തമാക്കി. ബോര്‍ഡിന്‍െറ കമ്മി അംഗീകരിച്ചാല്‍ വൈദ്യുതിനിരക്ക് യൂനിറ്റിന് 80 പൈസ കണ്ട് വര്‍ധിപ്പിക്കേണ്ടി വരുമെന്ന് കമീഷന്‍ ചെയര്‍മാന്‍ ടി.എം. മനോഹരന്‍ പറഞ്ഞു. ബോര്‍ഡ് കമീഷന് നല്‍കിയ കുറിപ്പില്‍ നിലവിലെ വൈദ്യുതിനിരക്ക് തുടരണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. ബോര്‍ഡിന്‍െറ കണക്കുകളില്‍ കമീഷന്‍ ഇനിയും പരിശോധന നടത്താന്‍ തീരുമാനിച്ചു. തീരുമാനം എടുക്കുംമുമ്പ് വീണ്ടും തെളിവെടുപ്പും നടത്തും. സ്വമേധയാ നിരക്ക് പരിഷ്കരിക്കുന്നതിനെക്കുറിച്ച് ബുധനാഴ്ച രാവിലെ ആരംഭിച്ച തെളിവെടുപ്പ് രാത്രി വരെ നീണ്ടു. പ്രവര്‍ത്തനച്ചെലവ് കുറക്കുന്നില്ല എന്നതടക്കം രൂക്ഷമായ വിമര്‍ശവും കമീഷന്‍ ബോര്‍ഡിനെതിരെ ഉന്നയിച്ചു.

വൈദ്യുതിബോര്‍ഡ് ഇക്കൊല്ലത്തെ കണക്ക് നല്‍കാത്തതുകൊണ്ടാണ് റെഗുലേറ്ററി കമീഷന്‍ സ്വമേധയാ നിരക്ക് നിശ്ചയിക്കുന്ന നടപടിയിലേക്ക് നീങ്ങിയതെന്ന് റെഗുലേറ്ററി കമീഷന്‍ ചെയര്‍മാന്‍ മനോഹരന്‍ അറിയിച്ചു. കമീഷന്‍െറ അധികാരം ഉപയോഗിച്ചാണ് നിരക്ക് നിര്‍ണയത്തിലേക്ക് കമീഷന്‍ പോകുന്നത്. ബോര്‍ഡ് കഴിഞ്ഞദിവസം ഈ വിഷയത്തില്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. അത് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. താരിഫ് നിര്‍ണയ വ്യവസ്ഥകളെക്കുറിച്ച് കോടതിയില്‍ നില്‍ക്കുന്ന കേസിനെ ബാധിക്കുമെന്നതുകൊണ്ടാണ് താരിഫ് കണക്കുകള്‍ നല്‍കാത്തതെന്ന് ബോര്‍ഡ് വിശദീകരിച്ചു.  

2014ല്‍ കമീഷന്‍ കൊണ്ടുവന്ന നിരക്ക് നിര്‍ണയ വ്യവസ്ഥകളിലാണ് ബോര്‍ഡും കമീഷനും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നത്. ബോര്‍ഡ് കോടതിയെ സമീപിച്ചിരുന്നു. ഈ വ്യവസ്ഥകള്‍ കോടതി റദ്ദാക്കിയിട്ടില്ളെന്നും നിലനില്‍ക്കുന്നെന്നും കമീഷനും പറയുന്നു. 11-12, 12-13 വര്‍ഷങ്ങളിലെ ട്രൂയിങ് അപ് പെറ്റീഷനിലെ വിശദാംശങ്ങള്‍കൂടി താരിഫ് നിര്‍ണയത്തിന് പരിഗണിക്കുമെന്നും കമീഷന്‍ നിലപാട് എടുത്തു. വൈദ്യുതിനിരക്ക് അടിയന്തരമായി കുറക്കണമെന്ന് ഡിജോ കാപ്പന്‍ ആവശ്യപ്പെട്ടു. വൈദ്യുതിവില ഉയര്‍ന്നുനിന്നപ്പോഴാണ് നിലവിലെ നിരക്ക് നിശ്ചയിച്ചത്. ഇപ്പോള്‍ അതിന്‍െറ നാലിലൊന്ന് വിലയേ ഉള്ളൂ. കുറക്കാതിരിക്കാനാണ് ബോര്‍ഡ് പെറ്റീഷന്‍ നല്‍കാതിരുന്നത്.  താരിഫ് പെറ്റീഷന്‍ നല്‍കാഞ്ഞതിന് വൈദ്യുതി നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ബോര്‍ഡിനെതിരെ നടപടി എടുക്കണമെന്ന് എച്ച്.ടി-ഇ.എച്ച്.ടി വ്യവസായ അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഏലം കൃഷിക്കുള്ള വൈദ്യുതിനിരക്ക് കുത്തനെ വര്‍ധിപ്പിച്ചത് കുറക്കണമെന്ന് ഇടുക്കിയില്‍നിന്നുള്ള കര്‍ഷകര്‍ ആവശ്യപ്പെട്ടു. എല്‍.ടി അഞ്ച് -എയിലായിരുന്ന നിരക്ക് വ്യവസായത്തിന്‍േറതിന് തുല്യമായാണ് വര്‍ധിപ്പിച്ചത്. ഇപ്പോള്‍ സബ്സിഡി കിട്ടുന്നില്ളെന്നും ആത്മഹത്യ ചെയ്യേണ്ടിവരുമെന്നും കര്‍ഷകര്‍ പറഞ്ഞു. രേഖകള്‍ നല്‍കിയാല്‍ ഇത് പരിശോധിക്കാമെന്ന് ചെയര്‍മാന്‍ ഉറപ്പ് നല്‍കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.