കിഫ്ബി: ഓര്‍ഡിനന്‍സിന് അംഗീകാരം; ലക്ഷ്യം 30,000 കോടി

തിരുവനന്തപുരം: അടിസ്ഥാനസൗകര്യ വികസനത്തിന് വന്‍തോതില്‍ പണം ലഭ്യമാക്കാന്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് ബോര്‍ഡിനെ (കിഫ്ബി) ശക്തിപ്പെടുത്തുന്ന ഓര്‍ഡിനന്‍സിന് മന്ത്രിസഭായോഗം അംഗീകാരംനല്‍കി. മുഖ്യമന്ത്രി അധ്യക്ഷനും ധനമന്ത്രി വൈസ് ചെയര്‍മാനുമായിരിക്കും. 12 അംഗ ഡയറക്ടര്‍ ബോര്‍ഡാണ് കാര്യങ്ങള്‍ നിയന്ത്രിക്കുക. കഴിഞ്ഞ ബജറ്റില്‍ വന്‍തോതില്‍ പണം കടമെടുത്ത് വികസനപദ്ധതികള്‍ നടപ്പാക്കുന്നത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായിരുന്നു. ബജറ്റിന് പുറമെയാണ് ഇങ്ങനെ കടമെടുക്കുക. ഈ ചുമതല കിഫ്ബിക്ക് നല്‍കുന്നതാണ് ഓര്‍ഡിനന്‍സ്.
ചീഫ് സെക്രട്ടറി, ധനവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി അല്ളെങ്കില്‍ ധന പ്രിന്‍സിപ്പല്‍ സെക്രട്ടറി, നിയമവകുപ്പ് സെക്രട്ടറി എന്നിവരാകും ബോര്‍ഡിന്‍െറ ഒൗദ്യോഗിക അംഗങ്ങള്‍. ഇവരെക്കൂടാതെ ഏഴ് സ്വതന്ത്ര അംഗങ്ങളുമുണ്ടാകും. ധന-സാമ്പത്തിക-മാനേജ്മെന്‍റ് മേഖലയിലെ വിദഗ്ധരും ജീവനക്കാരുമാകും സ്വതന്ത്ര അംഗങ്ങള്‍. ദൈനംദിനകാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുമുണ്ടാകും. റോഡുകളും പാലങ്ങളുമടക്കം വിവിധവകുപ്പുകളുടെ അടിസ്ഥാനസൗകര്യ വികസന പദ്ധതി നിര്‍ദേശങ്ങള്‍ ഉടന്‍ കിഫ്ബിക്ക് സമര്‍പ്പിക്കാന്‍  മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭായോഗത്തില്‍ മന്ത്രിമാരോട് നിര്‍ദേശിച്ചു.  
ഫണ്ട് സമാഹരണവും പദ്ധതി പ്രവര്‍ത്തനതുക ചെലവഴിക്കലും അടക്കം കാര്യങ്ങളില്‍ ബോര്‍ഡാകും അന്തിമതീരുമാനമെടുക്കുക.  ധനമന്ത്രി ചെയര്‍മാനായ എക്സിക്യൂട്ടിവ് കമ്മിറ്റിയുമുണ്ടാകും. ധനമന്ത്രിയെ കൂടാതെ ധന അഡീഷനല്‍ ചീഫ് സെക്രട്ടറി അല്ളെങ്കില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഫിനാന്‍സ് റിസോഴ്സസ് സെക്രട്ടറി, നിയമ സെക്രട്ടറി, ബോര്‍ഡിലെ ഏഴ് സ്വതന്ത്ര അംഗങ്ങളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട മൂന്നുപേര്‍ എന്നിവരും എക്സിക്യൂട്ടിവ് കമ്മിറ്റിയിലുണ്ടാകും.
മോട്ടോര്‍ വാഹന നികുതിയാകും കിഫ്ബിയുടെ വരുമാനമാര്‍ഗം. ആദ്യവര്‍ഷം മോട്ടോര്‍ വാഹനനികുതിയുടെ 10 ശതമാനം കിഫ്ബിക്ക് നല്‍കും. രണ്ടാംവര്‍ഷം 20, മൂന്നാംവര്‍ഷം 30, നാലാംവര്‍ഷം 40, അഞ്ചാംവര്‍ഷം 50 ശതമാനം തുക നല്‍കും. ഇപ്പോള്‍ പിരിക്കുന്ന പെട്രോള്‍, ഡീസല്‍ സെസ് പൂര്‍ണമായി കിഫ്ബിക്ക് നല്‍കണം. അഞ്ച് വര്‍ഷം കൊണ്ട് 24,000 കോടി മുതല്‍ 50,000 കോടി വരെ മൂലധന നിക്ഷേപം സമാഹരിക്കുകയാണ് ലക്ഷ്യം. ആദ്യവര്‍ഷം തന്നെ 5,000 കോടിയെങ്കിലും സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നു.
കോളജ് ഓഫ് എന്‍ജിനീയറിങ്ങില്‍ (സി.ഇ.ടി) നിന്നുള്ളവരടക്കം വിദഗ്ധസംഘത്തെ പദ്ധതികളുടെ സാധ്യതാപഠനം അടക്കം സാങ്കേതിക കാര്യങ്ങള്‍ പരിശോധിക്കാന്‍ നിയോഗിക്കും. ഈ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ കൂടിയാകും പദ്ധതികളില്‍ അന്തിമതീരുമാനമെടുക്കുക. പദ്ധതി പൂര്‍ത്തിയാക്കുമ്പോള്‍ കിഫ്ബി നേരിട്ടാകും പണംനല്‍കുക. ഇതോടെ പദ്ധതി നടത്തിപ്പിന്‍െറ നിയന്ത്രണവും കിഫ്ബിക്ക് ലഭിക്കും. ട്രഷറിയെ ഒഴിവാക്കി കിഫ്ബിയുടെ അക്കൗണ്ടിലാകും തുക. സ്ഥിരനിക്ഷേപമായി തുക കിഫ്ബി സൂക്ഷിക്കില്ല. ബോണ്ടുകളിലും മറ്റും നിക്ഷേപിക്കാനും വ്യവസ്ഥയുണ്ട്.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.