പ്രവേശപരീക്ഷാ ഫലം അട്ടിമറി: സി.ബി.ഐ അന്വേഷണം പൂര്‍ത്തിയായി

കൊച്ചി: കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് (ഐ.ഐ.എം കെ) നടത്തിയ പൊതുപ്രവേശപരീക്ഷാ (കാറ്റ്) ഫലം അട്ടിമറിച്ച സംഭവത്തില്‍ സി.ബി.ഐ അന്വേഷണം പൂര്‍ത്തിയായി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കരിയര്‍ ഗാര്‍ഡിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഉടമയെയും ബന്ധപ്പെട്ടവരെയും പ്രതികളാക്കിയുള്ള കുറ്റപത്രം എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ വെള്ളിയാഴ്ച സമര്‍പ്പിച്ചേക്കും. പരീക്ഷാ ഫലം വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യാന്‍ കരാര്‍ ഏറ്റെടുത്തിരുന്ന വെബ് വീവേഴ്സ് എന്ന സ്ഥാപനത്തിന്‍െറ സാങ്കേതികവിഭാഗം ജീവനക്കാരന്‍ ഉത്തര്‍പ്രദേശിലെ ലഖ്നോ അംബേദ്കര്‍ നഗര്‍ സ്വദേശി മുഹമ്മദ് ആഫാഖ് ശൈഖിനെ മുഖ്യപ്രതിയാക്കിയാണ് കുറ്റപത്രം നല്‍കുക. ഉദ്യോഗാര്‍ഥികളില്‍നിന്ന് പണം വാങ്ങിയ കരിയര്‍ ഗാര്‍ഡിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഉടമ വികാസ് ബന്‍സാളിനെയും വെബ് വീവേഴ്സിനെയും പ്രതിചേര്‍ക്കുമെന്ന് സൂചനയുണ്ട്. തുടക്കത്തില്‍തന്നെ പിടിയിലായ പ്രതികളായ മുറാദാബാദ് സ്വദേശി അസ്ലം അഹമ്മദ്, അംബേദ്കര്‍ നഗര്‍ സ്വദേശി സൈഗാം അബ്ബാസ് എന്നിവരെ മാപ്പുസാക്ഷികളാക്കിയിട്ടുണ്ട്.

2012 ഒക്ടോബര്‍ 11നും നവംബര്‍ ആറിനുമാണ് രണ്ടുലക്ഷത്തിലേറെ പേര്‍ പങ്കെടുത്ത ഓണ്‍ലൈന്‍ പ്രവേശപരീക്ഷ നടന്നത്. പരീക്ഷാ നടത്തിപ്പില്‍ പ്രമുഖരായ അമേരിക്ക ആസ്ഥാനമായ പ്രോമെട്രിക് കമ്പനിയെയാണ് ഐ.ഐ.എം ഇതിന് നിയോഗിച്ചത്. മൂല്യനിര്‍ണയം ഉള്‍പ്പെടെ പൂര്‍ത്തിയാക്കി മാര്‍ക്ക് അടങ്ങിയ സീഡി പ്രോമെട്രിക് 2012 ഡിസംബര്‍ അഞ്ചിന് ഐ.ഐ.എമ്മിനെ ഏല്‍പിച്ചു. ഇത് വെബ്സൈറ്റില്‍ ഉള്‍പ്പെടുത്താനാണ് വെബ്വീവേഴ്സിനെ ചുമതലപ്പെടുത്തിയത്. ഈ ജോലിക്കിടെ അതീവ രഹസ്യമായി സൂക്ഷിക്കേണ്ട വെബ് വീവേഴ്സിന്‍െറ യൂസര്‍ ഐ.ഡിയും രഹസ്യകോഡും അഹമ്മദ് അസ്ലമിന് നല്‍കിയാണ് ആഫാഖ് തട്ടിപ്പ് നടത്തിയത്.  2012-13 കാലഘട്ടത്തില്‍ 50 ലക്ഷം രൂപ നല്‍കാമെന്ന വാഗ്ദാനം വിശ്വസിച്ച് 80 വിദ്യാര്‍ഥികളുടെ മാര്‍ക്കില്‍ കൃത്രിമം നടത്താനാണ് ആഫാഖ് കൂട്ടുനിന്നത്. ആഫാഖ് പാസ്വേഡ് നല്‍കിയതിനത്തെുടര്‍ന്ന് വെബ്സൈറ്റില്‍ കയറി മുഹമ്മദ് അസ്ലം 80 വിദ്യാര്‍ഥികളുടെ മാര്‍ക്ക് 90 ശതമാനത്തിലേറെ വര്‍ധിപ്പിച്ചെന്നാണ് കേസ്. അസ്ലമും ആഫാഖും നടത്തിയ ഫേസ്ബുക് ചാറ്റ് പരിശോധിച്ചാണ് യൂസര്‍ ഐ.ഡിയും പാസ്വേഡും കൈമാറിയതായി സി.ബി.ഐ സ്ഥിരീകരിച്ചത്. അട്ടിമറിയിലൂടെ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ച വിദ്യാര്‍ഥികളെ സി.ബി.ഐ കണ്ടത്തെി ചോദ്യം ചെയ്തു.

ബിസിനസ് മാനേജ്മെന്‍റ് സ്കൂളുകളില്‍ പ്രവേശം വാഗ്ദാനം ചെയ്താണ് കരിയര്‍ ഗാര്‍ഡിന്‍ ഏജന്‍സി പണം വാങ്ങിയതെന്നാണ് വിദ്യാര്‍ഥികളില്‍നിന്ന് സി.ബി.ഐക്ക് ലഭിച്ച വിവരം. ഓരോ വിദ്യാര്‍ഥിയില്‍നിന്നും ആറുമുതല്‍ 15 ലക്ഷം വരെ ഈടാക്കിയായിരുന്നത്രേ മാര്‍ക്കില്‍ കൃത്രിമം നടത്തിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.