തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതിയുടെ പരിസ്ഥിതി അനുമതി അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന് കൈമാറാനുള്ള സര്‍ക്കാര്‍ നീക്കം വിവാദത്തില്‍. പദ്ധതിയുടെ പരിസ്ഥിതി അനുമതി വിഴിഞ്ഞം തുറമുഖ കമ്പനി (വി.ഐ.എസ്.എല്‍)ക്കാണ്. എന്നാല്‍, ഡല്‍ഹിയിലെ ഗ്രീന്‍ ട്രൈബ്യൂണലിലെ കേസ് വാദത്തിനിടെ ജൂലൈ 28 നാണ് വിഴിഞ്ഞം തുറമുഖ കമ്പനി, പരിസ്ഥിതി അനുമതി അദാനി പോര്‍ട്ടിന്‍െറ പേരിലേക്ക് മാറ്റാനുള്ള തീരുമാനം വ്യക്തമാക്കിയത്. പരിസ്ഥിതിസംരക്ഷണം സംബന്ധിച്ച് സുപ്രീംകോടതിയില്‍ സംസ്ഥാനവും വി.ഐ.എസ്.എല്ലും നല്‍കിയ ഉറപ്പിന് വിരുദ്ധമാണ് ഈ നടപടി. സംസ്ഥാനം കോടികള്‍ മുടക്കി പരിസ്ഥിതിപഠനം നടത്തി നേടിയ അനുമതി കോര്‍പറേറ്റ് കമ്പനിക്ക് കൈമാറുന്നതിനെതിരെ പ്രതിഷേധം ഉയരുകയാണ്. അതേസമയം, പരിസ്ഥിതിസംരക്ഷണ ഉത്തരവാദിത്തത്തില്‍ നിന്ന് അദാനി മാറാതിരിക്കാനാണിതെന്നാണ് വിഴിഞ്ഞം തുറമുഖ കമ്പനി അധികൃതരുടെ വാദം.
പരിസ്ഥിതിഅനുമതി അദാനിപോര്‍ട്ടിന് കൈമാറാനുള്ള താല്‍പര്യംകാട്ടി കേന്ദ്ര വനം-പരിസ്ഥിതിമന്ത്രാലയത്തിന് അപേക്ഷ സമര്‍പ്പിച്ചെന്ന് കാട്ടി മേയ് 27നാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനി എം.ഡി കത്തയച്ചത്. തുറമുഖനിര്‍മാണം അദാനി വിഴിഞ്ഞം പോര്‍ട്ട് കമ്പനി നടത്തുന്നതിനാലാണിതെന്നും വ്യക്തമാക്കുന്നു. 2006 ലെ പരിസ്ഥിതി ആഘാത നിര്‍ണയ വിജ്ഞാപനത്തിലെ 11ാം വകുപ്പ് പ്രകാരം നിര്‍മാണം നടത്തുന്ന കമ്പനിയുടെ പേരില്‍ പരിസ്ഥിതിഅനുമതി കൈമാറണമെന്നാണ് വിഴിഞ്ഞം തുറമുഖ കമ്പനിയുടെ വാദം. പരിസ്ഥിതിഅനുമതി അവരുടെ പേരില്‍ ആക്കിയില്ളെങ്കില്‍ തുറമുഖനിര്‍മാണത്തിനിടെ ഉണ്ടാവുന്ന പരിസ്ഥിതിനാശങ്ങളുടെ ഉത്തരവാദിത്തം അവര്‍ കൈയൊഴിയുമെന്ന് ചൂണ്ടിക്കാട്ടുന്നു.
അദാനി ഗ്രൂപ് തയാറാക്കിയ റിപ്പോര്‍ട്ടാണ് തങ്ങള്‍ വനംപരിസ്ഥിതി മന്ത്രാലയത്തിന് നല്‍കിയത്. ഇതുവരെ പരിസ്ഥിതി അനുമതി കൈമാറിയിട്ടില്ല. ഗ്രീന്‍ ട്രൈബ്യൂണലിലെ കേസ് തീര്‍പ്പായ ശേഷമേ ഇതുണ്ടാവൂയെന്നും അവര്‍ പറയുന്നു. അതേസമയം, വിഴിഞ്ഞം തുറമുഖപദ്ധതി സംബന്ധിച്ച് സുപ്രീം കോടതിയില്‍ നടന്ന കേസില്‍ സംസ്ഥാനം എടുത്ത നിലപാടിന് വിരുദ്ധമാണ് ഇതെന്നാണ് ആക്ഷേപം. പദ്ധതിനിര്‍മാണത്തിനിടെ പരിസ്ഥിതിക്ക് കോട്ടം ഉണ്ടായാല്‍ അത് പൂര്‍വസ്ഥിതിയിലാക്കുമെന്നാണ് സംസ്ഥാനസര്‍ക്കാറും തുറമുഖ കമ്പനിയും കൂടി കോടതിക്ക് ഉറപ്പുനല്‍കിയത്. ഇതിന്‍െറ അടിസ്ഥാനത്തിലായിരുന്നു കോടതി പദ്ധതി സ്റ്റേ ചെയ്യാതിരുന്നത്. പുതിയ നിലപാട് ഇതിന് കടകവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. മാത്രമല്ല, 2006ലെ പരിസ്ഥിതി ആഘാത നിര്‍ണയ വിജ്ഞാപനത്തിലെ 11ാം വകുപ്പില്‍ പരിസ്ഥിതി അനുമതി നിര്‍മാണ കമ്പനിക്ക് കൈമാറിയിരിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നില്ല. വേണമെങ്കില്‍ മാത്രം കൈമാറാമെന്നാണ് പറയുന്നത്.
വസ്തുത ഇതായിരിക്കെ പദ്ധതിയുടെ നിര്‍മാണചുമതലയുള്ള അദാനി പോര്‍ട്ടിന് പരിസ്ഥിതി അനുമതി കൈമാറുന്നത് ശരിയല്ളെന്ന് പരിസ്ഥിതിപ്രവര്‍ത്തകര്‍ പറയുന്നു. നിര്‍മാണം നടത്തുന്ന കമ്പനി പരിസ്ഥിതി നാശം മറച്ചുവെച്ച് തങ്ങളുടെ ഭാഗം ശരിവെച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. കൂടാതെ നിലവില്‍ വിഴിഞ്ഞംപദ്ധതി സംബന്ധിച്ച കേസില്‍ വി.ഐ.എസ്.എല്ലും സംസ്ഥാനവുമാണ് കക്ഷികള്‍. അദാനി പോര്‍ട്ടിനെ കൂടി കക്ഷിചേര്‍ക്കുന്നത് വലിയ അഭിഭാഷകരെ രംഗത്തിറക്കാനുള്ള നീക്കമാണെന്നും വാദമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.