ആറന്മുളയിലെ പാടത്ത് വീണ്ടും നെല്‍കൃഷി: ജനപ്രതിനിധികളുമായി ചര്‍ച്ച

പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തിനു ചുറ്റും തരിശുകിടക്കുന്ന പാടങ്ങളില്‍ നെല്‍കൃഷി ഇറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ തീരുമാനിക്കുന്നതിനും കര്‍ഷകരുടെ കൂട്ടായ്മ സംഘടിപ്പിച്ചു പ്രോത്സാഹനം നല്‍കുന്നതിനും കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാര്‍ തിങ്കളാഴ്ച വൈകീട്ട് നാലിന് സ്ഥലം സന്ദര്‍ശിക്കും. തുടര്‍ന്ന് ആറന്മുള ഐക്കര ശ്രീകൃഷ്ണ ഓഡിറ്റോറിയത്തില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ കര്‍ഷകരുടെയും ജനപ്രതിനിധികളുടെയും കൃഷി, ജലസേചനം, റവന്യൂ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും യോഗം നടക്കും.
ആറന്മുളയില്‍ വിമാനത്താവള പദ്ധതി പ്രദേശത്തിനു ചുറ്റുമുള്ള തരിശുനിലങ്ങളില്‍ കൃഷി ഇറക്കുന്നതിന് കൃഷി വകുപ്പ് തയാറെടുപ്പ് തുടങ്ങിയതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ആനി സാമുവല്‍ അറിയിച്ചു.

ക്രമേണ കൃഷി വ്യാപിപ്പിച്ച് ആറന്മുളയെ പഴയ ഹരിതാഭയിലേക്ക് കൊണ്ടുവരുകയാണ് കൃഷി വകുപ്പിന്‍െറ ലക്ഷ്യം. ആറന്മുള പുഞ്ച, നീര്‍വിളാകം-വല്ലന പാടശേഖരം, കിടങ്ങന്നൂര്‍ പുഞ്ച, തുരുത്തിമല, എരുമക്കാട് കാറ്റാറ്റ് പുഞ്ച, കുറുന്താര്‍ പാടശേഖരം എന്നിവിടങ്ങളില്‍ നെല്‍കൃഷി ഇറക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ആറന്മുളയിലെ കര്‍ഷകരുടെയും പാടശേഖര പ്രതിനിധികളുടെയും ജനപ്രതിനിധികളുടെയും കൃഷി-മൈനര്‍ ഇറിഗേഷന്‍ ഉദ്യോഗസ്ഥരുടെയും പ്രാദേശിക-ജില്ലാതല യോഗങ്ങള്‍ കൃഷി വകുപ്പിന്‍െറ ആഭിമുഖ്യത്തില്‍ ചേര്‍ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.