മധുരം തിരിച്ചുപിടിച്ച് മാങ്ങാവണ്ടി

കോട്ടയം: നാട്ടുമാങ്ങയുടെ മധുരിമ തിരിച്ചുപിടിക്കാന്‍ തുടക്കമിട്ട യാത്രക്കൊടുവില്‍ തളിരിടുന്നത് നൂറുകണക്കിന് മാവുകള്‍. വികസനത്തിന്‍െറ കോടാലിവീണ് ഇല്ലാതാകുന്ന നാട്ടുമാവുകള്‍ സംരക്ഷിക്കാന്‍ ഒരുകൂട്ടം പരിസ്ഥിതി പ്രവര്‍ത്തകര്‍ തുടക്കമിട്ട മാങ്ങാവണ്ടിയെന്ന ആശയം പുതുചരിത്രം കുറിക്കുന്നു. നാട്ടില്‍ അന്യംനിന്നു പോകുന്ന നാട്ടുമാവുകളുടെ വിത്ത് ശേഖരിച്ച് വനം വകുപ്പിനെ ഏല്‍പിക്കുകയും ഇവര്‍ ഇത് കിളിര്‍പ്പിച്ച് വിതരണം ചെയ്യുകയുമാണ്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ഇത്തരത്തില്‍ പതിനായിരത്തിലധികം നാട്ടുമാവിന്‍ തൈകളാണ് സൗജന്യമായി വനം വകുപ്പ് വിതരണം ചെയ്തത്.

എം.സി റോഡ് വികസനത്തിന്‍െറ ഭാഗമായി വന്‍തോതില്‍ മാവുകള്‍ മുറിച്ചുമാറ്റിയതാണ് ഇത്തരമൊരു ആശയത്തിലേക്ക് പരിസ്ഥിതി പ്രവര്‍ത്തകരെ എത്തിച്ചത്. വെട്ടിമാറ്റുന്ന മാവുകളുടെ വിത്തുകള്‍ നാട്ടുകാരുടെ സഹരണത്തോടെ ഇവര്‍ ശേഖരിച്ചു. തുടര്‍ന്ന ്വനം വകുപ്പിന്‍െറ സഹകരണത്തോടെ കോട്ടയം നേച്ചര്‍ സൊസൈറ്റിയുമായി മാങ്ങവണ്ടിയെന്ന ആശയവുമായി രംഗത്തത്തെി.

കോട്ടയം,ആലപ്പുഴ ജില്ലകളിലായിരുന്നു മാങ്ങവണ്ടിയുടെ യാത്ര.  ആദ്യയാത്രയില്‍ 3000ത്തിലധികം വിത്താണ് ശേഖരിച്ചത്. ഇത് വൈക്കത്തെ സോഷ്യല്‍ ഫോറസ്ട്രി ഫാമില്‍ മുളപ്പിച്ച് സൗജന്യമായി വിതരണം ചെയ്തു.  5000ഓളം തൈകളാണ് ആവശ്യക്കാര്‍ വാങ്ങിയത്. ഇത്തരം തൈകള്‍ ചങ്ങനാശേരി ബൈപാസില്‍ നട്ടെന്ന് നേതൃത്വം നല്‍കിയ ഡോ. ബി. ശ്രീകുമാര്‍ പറയുന്നു. മാങ്ങവണ്ടി യാത്രയിലൂടെ ശേഖരിച്ച കര്‍പ്പൂരം, കോട്ടമാങ്ങ, കടുക്കാച്ചി തുടങ്ങി നിരവധി ഇനങ്ങളാണ് വിവിധ വീട്ടുമുറ്റങ്ങളില്‍ വീണ്ടും പ്രതീക്ഷയുടെ പുതുകാലത്തിലേക്ക് നാമ്പെടുക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.