കറുമുറെ തിന്നാന്‍ എരിവും മധുരവും

മലപ്പുറം: പഴവര്‍ഗങ്ങള്‍ക്കും തരിക്കഞ്ഞിക്കുമൊപ്പം അല്‍പം വറുത്തതും മലയാളിയുടെ നേമ്പുതുറ വിഭവങ്ങളില്‍ ഇടം പിടിച്ചിട്ടുണ്ട്. എണ്ണത്തിന് വിലപറഞ്ഞ് വാങ്ങാമെന്നതിനാല്‍ ഇത്തരം ഇനങ്ങള്‍ക്ക് കച്ചവടക്കാരെ ആശ്രയിക്കുകയാണ് മിക്കവരും. ഇനങ്ങള്‍ ഏറെ ഉണ്ടെങ്കിലും സമൂസയും പക്കവടയുമാണ് വിപണിയിലെ താരം. കോഴിയിറച്ചിയും മസാലയും ചേര്‍ത്ത സമൂസക്കാണ് ആവശ്യക്കാര്‍ ഏറെ. വെജിറ്റബിള്‍ സമൂസക്ക് ഒരെണ്ണത്തിന് അഞ്ചു മുതല്‍ ഏഴുവരെയാണ് വില.

ചിക്കന്‍ സമൂസക്ക് 10 രൂപ വരെ വിലയുണ്ട്. പച്ചക്കറികളും ഇറച്ചിയും നിറച്ച കട്ലെറ്റും നോമ്പുതുറ വിഭവങ്ങളായി വിപണിയിലുണ്ട്. കട്ലറ്റ് വെജിന് 10, ചിക്കന്‍ 20 എന്നിങ്ങനെയാണ് മലപ്പുറത്ത് വില. പക്കവടക്കും ആവശ്യക്കാര്‍ ഏറെയാണ്. കിലോക്ക് 130 രൂപവരെ പക്കവടക്ക് വിലയുണ്ട്. ഉള്ളിവട, ഇറച്ചിവട, മുളക്ബജി എന്നിവയും വില്‍പനക്കുണ്ട്.

വടക്കന്‍ മലബാര്‍ വിഭവമായ ചട്ടിപ്പത്തിരിക്കും ആവശ്യക്കാര്‍ ഏറെയാണ്. കോഴിയിറച്ചിയില്‍ നിര്‍മിച്ച ചട്ടിപ്പത്തിരിക്ക് കിലോ 260 രൂപയാണ് വില. മധുരമുള്ള ഇനത്തിന് 200 രൂപ നല്‍കണം. ഇറച്ചിപത്തിരി ഒന്നിന് 17രൂപ, കല്ലുമ്മക്കായ-15, ഈത്തപ്പഴം പൊരിച്ചത് കിലോ 150 എന്നിങ്ങനെയാണ് മറ്റു ഇനങ്ങള്‍. പുറമെ മുട്ടബജിയും കായബജിയും പരിപ്പുവടയുമുണ്ട്. അഞ്ചുരൂപക്ക് മുകളിലാണ് ഇവയുടെ വില. പഴംപൊരി, ഉന്നക്കായ, അട എന്നിവയാണ് പലഹാര വിപണിയിലെ മധുരങ്ങള്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.