നോമ്പിന്‍െറ ആരോഗ്യ ശാസ്ത്രം

വീണ്ടും ഒരു നോമ്പുകാലം. തിരക്കുപിടിച്ച ജീവിതവും ആധുനിക രീതിയിലുള്ള ഭക്ഷണവും വ്യായാമമില്ലായ്മയും മാനസിക സമ്മര്‍ദ്ദവുമെല്ലാം ചേര്‍ന്ന് നമ്മുടെ ആരോഗ്യം ഇന്ന് രോഗങ്ങള്‍ക്ക് വഴിമാറിക്കൊടുത്തിരിക്കുകയാണ്. എന്തെങ്കിലും ആരോഗ്യപ്രശ്നമില്ലാത്തവര്‍ അപൂര്‍വമായിരിക്കും. എന്നാല്‍ ചെറിയ രീതിയിലുള്ള അസുഖങ്ങള്‍ മിക്കതും നോമ്പനുഷ്ഠിക്കുന്നതിന് തടസ്സമല്ല. മറിച്ച് രോഗശമനത്തിന് സഹായിക്കുകയും ചെയ്യും. എന്നാല്‍, അതിനുമുമ്പായി നോമ്പെടുക്കുമ്പോള്‍ നമ്മുടെ ശരീരത്തിലുണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ച് ശാസ്ത്രീയമായി അറിഞ്ഞിരിക്കേണ്ടതുണ്ട്. കൂടാതെ നാം കഴിക്കുന്ന ആഹാര പദാര്‍ഥങ്ങള്‍ നമ്മുടെ ശരീരത്തെ എങ്ങിനെയെല്ലാം ബാധിക്കുന്നു എന്നും മനസ്സിലാക്കേണ്ടിയിരിക്കുന്നു.

വ്രതമെടുക്കുമ്പോള്‍ ശരീരത്തില്‍ സംഭവിക്കുന്നത്

ഭക്ഷണം കഴിച്ച് എട്ടു മണിക്കൂറിന് ശേഷമാണ് ശരീരം ഉപവാസത്തിലേക്ക് കടക്കുക. ഭക്ഷണത്തിലുള്ള പോഷകങ്ങള്‍ ആമാശയം വലിച്ചെടുത്തതിനു ശേഷം  ഊര്‍ജ്ജോത്പാദത്തിനായി ആദ്യം കരളിലും പേശികളിലുമായുള്ള ഗ്ലൂക്കോസിനെയാണ് ആശ്രയിക്കുക. അതിനുശേഷം കൊഴുപ്പിനെയും. കൂടെ കരളിലും മറ്റുമായി, ചെറിയതോതില്‍ ഗ്ലൂക്കോസ് ഉത്പാദനവും നടത്തുന്നു. ഇതിനുശേഷം മാത്രമാണ്, ശരീരത്തിലെ പ്രൊട്ടീന്‍ ഊര്‍ജ്ജോല്‍പ്പാദത്തിനായി ഉപയോഗിക്കുക. ദിവസങ്ങളൊ ആഴ്ച്ചകളൊ നീണ്ട തുടര്‍ച്ചയായ ഉപവാസം കൊണ്ടുമാത്രമെ ഇങ്ങനൊരവസ്ഥ നമ്മുടെ ശരീരത്തില്‍ സൃഷ്ടിക്കപ്പെടുകയുള്ളു. ശരീരം അതിന്‍െറ ഉര്‍ജ്ജത്തിനായി പ്രോട്ടീന്‍ അഥവാ മാംസ്യത്തെ ആശ്രയിക്കുമ്പോള്‍ മാത്രമാണ് ഭക്ഷണമില്ലാത്ത അവസ്ഥ  ശരീരത്തെ ദോഷകരമായി ബാധിക്കുക. എന്നാല്‍, റമദാന്‍ വ്രതാനുഷ്ഠാനത്തില്‍ വിശ്വാസി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ഉപവാസം അനുഷ്ഠിക്കുന്നത്. അതുകൊണ്ട് തന്നെ വൃതാനുഷ്ഠാനത്തിലൂടെ ശരീരത്തിനാവശ്യമില്ലാത്തതും ശരീരത്തില്‍ അടിഞ്ഞു കൂടിയതുമായ കൊഴുപ്പിനെ നശിപ്പിച്ച് ആരോഗ്യത്തെ മെച്ചപ്പെടുത്തുകയാണ് ചെയ്യുന്നത്.

വ്രതാനുഷ്ഠാനം ആരോഗ്യത്തെ ഏതെങ്കിലും തരത്തില്‍ ബാധിക്കുമോ എന്ന ആശങ്ക മിക്കവര്‍ക്കും ഉണ്ട്. ഇതിനുള്ള ഉത്തരം ലഭിക്കണമെങ്കില്‍ വ്രതമെടുക്കുമ്പോള്‍ നമ്മുടെ ശാരീരികാവയവങ്ങളിലുണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ച് മനസ്സിലാക്കണം. വിശക്കുമ്പോള്‍ ഭക്ഷണം കഴിക്കാതിരുന്നാല്‍   ആദ്യത്തെ മാറ്റം സംഭവിക്കുന്നത് ശരീരത്തിലെ ഊര്‍ജ്ജ സ്രോതസ്സുകളെ പ്രധാനമായി നിയന്ത്രിക്കുന്ന കരളിലാണ്. ഭക്ഷണം ആമാശയത്തിലത്തൊതെയാകുമ്പോള്‍ കരള്‍  ശരീരത്തിലെ മറ്റ് അവയവങ്ങളില്‍ നിന്ന് ഗ്ലൂക്കോസ് ഉത്പാദിപ്പിച്ച് ഊര്‍ജ്ജം നിലനിര്‍ത്തുന്നു.

പിത്താശയം ഈ സമയത്ത് പിത്തരസം ഉത്പാദിപ്പിച്ച് അടുത്ത ദഹനത്തിനായി തയ്യാറെടുക്കുകയും ചെറുകുടല്‍ ദഹനരസങ്ങളുടെ ഉത്പാദനം താത്കാലികമായി നിര്‍ത്തിവെച്ചു കൊണ്ട് ഓരൊ നാലു മണിക്കൂറിലും ചെറിയ തോതില്‍ ചുരുങ്ങുകയും ചെയ്യുന്നു. അതേസമയം ആഗ്നേഗ്രന്ഥി സാധാരണയായി ഉത്പാദിപ്പിക്കുന്ന ഇന്‍സുലിനു പകരം, കരളില്‍ നിന്നും പേശികളില്‍ നിന്നും ഗ്ലൂക്കോസ് ഉപയോഗിക്കുന്നതിനായുള്ള ഹോര്‍മോണ്‍സ് ഉത്പാദിപ്പിക്കുകയാണ് ചെയ്യുന്നത്. ചുരുക്കത്തില്‍ ഭക്ഷണം കഴിക്കാതെയിരിക്കുമ്പോള്‍ ആരോഗ്യമുള്ള ഒരു ശരീരത്തില്‍ നല്ല രീതിയിലുള്ള ആരോഗ്യകരമായ മാറ്റങ്ങളാണ് സംഭവിക്കുന്നത്.

ഭക്ഷണം കഴിക്കുമ്പോള്‍

വൃതാനുഷ്ഠാനം ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. എന്നാല്‍, ശരിയായ ആഹാരക്രമം പാലിച്ചില്ലെങ്കില്‍ അത്  പ്രതികൂല ഫലം ചെയ്യാനിടയാക്കും. നോമ്പ് അനുഷ്ഠിക്കുന്ന മണിക്കൂറുകളിലല്ല മറിച്ച്, ആഹാരം കഴിക്കുന്ന സമയത്താണ് നാം കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടത്. നോമ്പുകാലത്ത്  പകല്‍ മുഴുവന്‍ പട്ടിണിയാണല്ലോ എന്നു കരുതി നോമ്പു തുറന്നശേഷം അമിതമായ തോതില്‍ വാരിവലിച്ച് ആഹാരം കഴിക്കുന്നതാണ് പലപ്പോഴും ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാവുന്നത്. നോമ്പു തുറന്നാല്‍ സാധാരണയില്‍ നിന്ന് അല്‍പം കുറവായി, സമീകൃത ആഹാരരീതി പിന്‍തുടരുകയാണ് വേണ്ടത്.

ഭക്ഷണം തിരഞ്ഞെടുക്കുക

പഴങ്ങള്‍, പച്ചകറികള്‍, ധാന്യങ്ങള്‍, കിഴങ്ങുകള്‍, മാംസാഹാരങ്ങള്‍, പാലും പാലുല്‍പ്പന്നങ്ങളും, കൊഴുപ്പടങ്ങിയ മറ്റു ഭക്ഷണങ്ങള്‍ എന്നിവയെല്ലാം മിതമായ തോതില്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുമ്പോള്‍ തന്നെ  ദഹന പ്രശ്നങ്ങളടക്കം ശരീരത്തില്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന എണ്ണയില്‍ വറുത്തവയും മധുര പലഹാരങ്ങള്‍, ബിസ്കറ്റുകള്‍, ചോക്ലേറ്റുകള്‍ തുടങ്ങിയവയും ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. നോമ്പ് തുറക്കുമ്പോള്‍ ഈത്തപഴം, നാരങ്ങ വെള്ളം തുടങ്ങി ഉന്മേഷം നല്‍കുന്ന ലഘു ഭക്ഷണത്തില്‍ തുടങ്ങുക.

ഒഴിവാക്കേണ്ടവ

വടകള്‍, സമൂസകള്‍, നെയ്യപ്പം, ഉന്നക്കായ തുടങ്ങി എണ്ണയിലിട്ട് വറുത്തവ കഴിയുന്നത്ര ഒഴിവാക്കണം. കൊഴുപ്പും മധുരവും അധികമുള്ള  ഗുലാബ് ജാം, രസഗുള, നെയ് വട തുടങ്ങിയ  ഭക്ഷണ പദാര്‍ത്ഥങ്ങളും  കൂടുതല്‍ കൊഴുപ്പടങ്ങിയ  പൊറാട്ട, നെയ്പ്പത്തിരി തുടങ്ങിയവയും ഒഴിവാക്കണം.

ഉള്‍പ്പെടുത്തേണ്ടവ

ധാന്യങ്ങള്‍, വെള്ള കടല, പുഴുങ്ങിയ പലഹാരങ്ങള്‍, പാലു കൊണ്ടുള്ള പലഹാരങ്ങള്‍, പുഡിങ്ങുകള്‍, ചുട്ടെടുത്ത പലഹാരങ്ങള്‍ എന്നിവ താരതമ്യേന ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാറില്ല.

പാചകം ചെയ്യുമ്പോള്‍

  • ചപ്പാത്തികളും റൊട്ടികളും മറ്റും എണ്ണകുറച്ച് പാകംചെയ്യുക.
  • എണ്ണ പരമാവധി കുറച്ച് തക്കാളിയും ധാരാളമായി ഉപയോഗിക്കുക.
  • എരിവും ഉപ്പും പുളിയും കഴിയുന്നത്ര കുറച്ചു കൊണ്ട് പാചകം ചെയ്യണം.

അതേസമയം, ചിലരില്‍ നോമ്പെടുക്കുമ്പോള്‍  ദഹനക്കേട്, പ്രമേഹം നിയന്ത്രിക്കാന്‍ സാധിക്കാത്ത അവസ്ഥ, തലവേദന, നീര്‍ജ്ജലീകരണം തുടങ്ങിയ ക്ലേശങ്ങള്‍ അനുഭവപ്പെടാനുള്ള സാധ്യത  കൂടുതലാണ്. നോമ്പിന്‍െറ തുടക്കത്തിലാണ് പലര്‍ക്കും ഇത്തരം പ്രശ്നങ്ങള്‍ നേരിടേണ്ടി വരിക. ശരിയായി വിശ്രമിച്ചാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇത്തരം അസ്വസ്തതകള്‍ കുറഞ്ഞുവരാറുണ്ട്. എന്നാല്‍, അസുഖങ്ങള്‍ കുറയാത്തപക്ഷം വൈദ്യ സഹായം തേടണം.

(ലേഖിക കോഴിക്കോട് എരഞ്ഞിപ്പാലം മലബാര്‍ ഹോസ്പിറ്റല്‍സിലെ ഡോക്ടറാണ്)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.