കണ്ണൂര്‍: മുഖ്യമന്ത്രിയുടെ ഗ്രാമമായ പിണറായി കേന്ദ്രീകരിച്ച് കണ്ണൂരിലെ സംഘര്‍ഷ രാഷ്ട്രീയത്തിന് ദേശീയശ്രദ്ധ പിടിച്ചുപറ്റാനുള്ള ചുവടുവെപ്പുമായി കേന്ദ്ര വനിതാ കമീഷന്‍ അധ്യക്ഷയുടെ സിറ്റിങ്ങിന് നാളെ അരങ്ങൊരുങ്ങുന്നു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം പിണറായിയില്‍ സംഘ്പരിവാര്‍ കുടുംബങ്ങള്‍ക്കുനേരെ നടന്ന അക്രമങ്ങളാണ് വീണുകിട്ടിയ അവസരമാക്കി മുഖ്യമന്ത്രിയുടെ ഗ്രാമം കേന്ദ്രീകരിച്ച് സംഘ്പരിവാര്‍ പ്രചാരണായുധമാക്കുന്നത്.
കൊണ്ടും കൊടുത്തും പ്രതിരോധം തീര്‍ത്തിരുന്ന കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളുടെ ചരിത്രത്തില്‍ ഇങ്ങനെയൊരു കാമ്പയിന്‍ അപൂര്‍വമാണ്. എതിര്‍ ഗ്രാമത്തില്‍ സ്വന്തം കേഡറുകള്‍ക്ക് ആത്മവിശ്വാസം പകരാന്‍ ബോംബുകള്‍ പണിത് പ്രതിക്രിയ ചെയ്തിരുന്ന രീതിയാണ് കണ്ണൂരിന്‍െറ പാരമ്പര്യം. പക്ഷേ, പിണറായി ഗ്രാമത്തിലെ അക്രമത്തിന് സംഘ്പരിവാര്‍ പകരം പൊട്ടിക്കുന്നത് മുഖ്യമന്ത്രിയുടെ ഗ്രാമമെന്ന പ്രചാരണ ബോംബാണ്. ഇതൊരു പ്രചാരണ തുടര്‍ കാമ്പയിനാക്കുക എന്ന തന്ത്രത്തിന്‍െറ ഭാഗമായാണ് കേന്ദ്ര വനിതാ കമീഷന്‍ അധ്യക്ഷ ലളിതാ കുമാരമംഗലത്തിന്‍െറ പര്യടനം.

കേന്ദ്ര കമീഷന്‍ കേരളത്തില്‍ വരുമ്പോള്‍ സംസ്ഥാനം സ്വീകരിക്കേണ്ട പ്രോട്ടോകോള്‍ നടപടികളും മറ്റുമായി സംസ്ഥാന ആഭ്യന്തര വകുപ്പിനെ കുരുക്കിലിടുകയാണ് ഇതിലൊരു തന്ത്രം. കേന്ദ്ര കാബിനറ്റ് പദവിയുള്ള കമീഷന്‍െറ ഉത്തരവുകള്‍ നടപ്പാക്കുക സംസ്ഥാന പൊലീസിന് നിയമപരമായ ബാധ്യതയാണ്. മീനാക്ഷി ലേഖി എം.പിയുടെ സാന്നിധ്യത്തില്‍ കഴിഞ്ഞയാഴ്ച  പിണറായിയില്‍ അക്രമത്തിനിരയായ കുടുംബങ്ങളുടെ കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു.

നാളെ കേന്ദ്ര വനിതാ കമീഷന്‍െറ സിറ്റിങ്ങിനുശേഷം ഈ മാസം 16ന് തിരുവനന്തപുരത്ത് രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ പിണറായിയിലെ കുടുംബങ്ങളെ അണിനിരത്തി ‘സഹനസമര’വും നടത്തും. ഈ സമരത്തിലേക്ക് കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തിച്ചേരുന്നുണ്ട്. ഫലപ്രഖ്യാപനത്തിന്‍െറ ദിവസം പാര്‍ട്ടി ഗ്രാമത്തില്‍ ജീവിക്കുന്ന തങ്ങളുടെ 14ഓളം കുടുംബങ്ങളെയാണ് കടുത്ത രീതിയില്‍ സി.പി.എം ആക്രമിച്ചതെന്നാണ് സംഘ്പരിവാര്‍ പരാതി. വീടുകളും വീട്ടുപകരണങ്ങളും  ഉഭയങ്ങളും നശിപ്പിക്കപ്പെട്ടു. ഇവ കമീഷന്‍ മുമ്പാകെ നിരത്തിവെക്കും. കുടുംബങ്ങളുടെ ഓണ്‍ലൈനായും രേഖാമൂലവുമുള്ള വിവിധ പരാതികളുടെ അടിസ്ഥാനത്തിലാണ് പിണറായി ഗ്രാമത്തിലേക്ക് കേന്ദ്ര കമീഷന്‍ വരുന്നതെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.

ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ ഉള്‍പ്പെടെയുള്ളവരുടെ കൊലപാതക പരമ്പര കൊണ്ട് കുപ്രസിദ്ധി നേടിയ പാനൂര്‍ മേഖലയിലെ സംഘര്‍ഷം ഉടലെടുത്തത്. അന്നത്തെ കൊലപാതക രാഷ്ട്രീയം അവസാനിക്കണമെങ്കില്‍ മുഖ്യമന്ത്രി നേരിട്ട് കണ്ണൂരില്‍ സമാധാന കമ്മിറ്റി യോഗത്തില്‍ വരണമെന്ന് സംഘ്പരിവാര്‍ വാശിപിടിച്ചു. ഒടുവില്‍ നായനാര്‍ തന്നെ കണ്ണൂരിലത്തെി സമാധാന ചര്‍ച്ച നയിച്ചു. പ്രതിമാസ  സര്‍വകക്ഷിയോഗം തുടരാനും അതിനുമുമ്പ് ഓരോ ഗ്രാമങ്ങളിലും ചെറിയ പ്രശ്നങ്ങളുണ്ടാവുമ്പോള്‍ തന്നെ  സി.പി.എം-സംഘ്പരിവാര്‍ ഉഭയകക്ഷി സമ്പര്‍ക്കവും ചര്‍ച്ചയും തുടരാനും നായനാര്‍ ഒത്തുതീര്‍പ്പ് കരാറില്‍ തീരുമാനമെടുത്തു.

തീരുമാനം അല്‍പകാലം നടപ്പാവുകയും ചെയ്തു. പക്ഷേ, വീണ്ടും പഴയപടി കൊലപാതക രാഷ്ട്രീയവും പാര്‍ട്ടി ഗ്രാമം ചെങ്കോട്ടകളായും അമ്പാടിമുക്കുകളായും വളര്‍ന്നു. ഇത്തവണ തരംഗത്തിലൂടെ നേടിയ ആഘോഷം പിണറായി ഗ്രാമത്തില്‍ തങ്ങളുടെ കുടുംബങ്ങളുടെ നേരെ നരനായാട്ടായാണ് സി.പി.എം ആഘോഷിച്ചതെന്നാണ് സംഘ്പരിവാര്‍ പരാതി. അതിന് ദേശീയശ്രദ്ധ നേടിയെടുക്കുകയാണ് പുതിയ കാമ്പയിന്‍െറ ലക്ഷ്യം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.