സന്ധ്യയുടെ രാജി സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകരിച്ചു

തിരുവനന്തപുരം: സോളാര്‍ അഴിമതിക്കെതിരെ എല്‍.ഡി.എഫ് നടത്തിയ ക്ളിഫ്ഹൗസ് ഉപരോധസമരത്തിനെതിരെ പരസ്യമായി പ്രതികരിച്ച സന്ധ്യയുടെ രാജി സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകരിച്ചു. ശംഖുംമുഖം ജി.വി. രാജ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ കെയര്‍ ടേക്കറായി ജോലി നോക്കിയിരുന്ന സന്ധ്യ കഴിഞ്ഞ മേയ് ആദ്യവാരത്തോടെയാണ് ജോലിയില്‍ തുടരാന്‍ താല്‍പര്യമില്ളെന്ന് കാട്ടി സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറിക്ക് കത്ത് നല്‍കിയത്.
തുടര്‍ന്ന് മേയ് 30ന് ചേര്‍ന്ന അഡ്മിനിസ്ട്രേറ്റിവ് ബോര്‍ഡ് യോഗം രാജി അംഗീകരിക്കുകയായിരുന്നു. 2015 ആഗസ്റ്റിലാണ് സന്ധ്യ ശംഖുംമുഖം ജി.വി. രാജ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ അഡ്മിനിസ്ട്രേറ്റര്‍ തസ്തികയില്‍ ജോലിയില്‍ പ്രവേശിച്ചത്. 15,000രൂപ ശമ്പളത്തില്‍ താല്‍ക്കാലികാടിസ്ഥാനത്തിലായിരുന്നു
നിയമനം.
ക്ളിഫ് ഹൗസ് സമരത്തിനെതിരെ പ്രതികരിച്ചതിനുള്ള ഉപകാരസ്മരണയായിരുന്നു സന്ധ്യയുടെ നിയമനമെന്ന് അന്ന് ഇടതുപക്ഷം ആരോപിച്ചിരുന്നു. ആരോപണങ്ങളെതുടര്‍ന്ന് നവംബറില്‍ സന്ധ്യയെ കെയര്‍ടേക്കറായി തരംതാഴ്ത്തിയെങ്കിലും ശമ്പളം വെട്ടിക്കുറച്ചിരുന്നില്ല.
രാവിലെ ആറ് മുതല്‍ 10 വരെയും  വൈകീട്ട് നാല് മുതല്‍ എട്ടുവരെയുമായിരുന്നു ജോലിസമയം. എന്നാല്‍, രാത്രിയാത്ര ബുദ്ധിമുട്ടായതിനാല്‍ നാലുമുതല്‍ എട്ടുവരെയുള്ള ഷിഫ്റ്റ് ഒഴിവാക്കിത്തരണമെന്ന് സന്ധ്യ കൗണ്‍സിലിന് കത്ത് നല്‍കിയെങ്കിലും അനുവദിക്കാന്‍ കഴിയില്ളെന്ന സെക്രട്ടറിയുടെ മറുപടിയെതുടര്‍ന്നാണ് രാജി സമര്‍പ്പിച്ചത്.
അതേസമയം, സന്ധ്യക്ക് പകരം സ്പോര്‍ട്സ് കൗണ്‍സിലില്‍ അറ്റന്‍ഡര്‍ തസ്തികയില്‍ നിന്ന് വിരമിച്ച ജീവനക്കാരനെ താല്‍ക്കാലികാടിസ്ഥാനത്തില്‍ കെയര്‍ ടേക്കറായി മേയ് 23 മുതല്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നിയമിച്ചത് വിവാദമായിക്കഴിഞ്ഞു. ഈ നിയമനവും സര്‍ക്കാര്‍ പരിശോധിച്ചുവരുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.