കുട്ടനാട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു; കുപ്പപ്പുറം പാടത്ത് മടവീണു

ആലപ്പുഴ: കനത്തമഴയില്‍ ജലനിരപ്പ് ഉയര്‍ന്ന കുട്ടനാട്ടിലെ കുപ്പപ്പുറം പാടശേഖരത്തില്‍ മടവീണു. കൃഷിപ്പണികള്‍ ചെയ്ത് വിതക്ക് തയാറെടുക്കുന്ന പാടത്ത് മടവീണതുമൂലം 30 ലക്ഷത്തിലേറെ രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. വീടുകളില്‍ വെള്ളംകയറി പാടശേഖരത്തിന് ചുറ്റും താമസിക്കുന്ന 300ലേറെ കുടുംബങ്ങളുടെ ജീവിതവും ദുരിതപൂര്‍ണമായി.
കൈനകരി പഞ്ചായത്തില്‍ വേമ്പനാട് കായലിനോട് ചേര്‍ന്നുകിടക്കുന്നതാണ് 350 ഏക്കറുള്ള കുപ്പപ്പുറം പാടശേഖരം. 250ഓളം കര്‍ഷകരാണ് ഇവിടെയുള്ളത്. പാടശേഖരത്തിന്‍െറ തെക്കുഭാഗത്ത് പനക്കല്‍ തോട്ടില്‍ മഞ്ചാടിമുട്ട് മോട്ടോര്‍തറ സ്ഥിതിചെയ്യുന്ന ഭാഗത്താണ് മടവീണത്. ശനിയാഴ്ച രാത്രിയിലാണ് സംഭവം. പുതിയ കൃഷിക്ക് മുന്നോടിയായി മോട്ടോര്‍ തറ ഉറപ്പിച്ച് സുരക്ഷിതമാക്കുന്ന ജോലികള്‍ ഇവിടെ നടക്കുകയായിരുന്നു. പാടശേഖര സമിതിയുടെ മേല്‍നോട്ടത്തില്‍, പമ്പിങ് കോണ്‍ട്രാക്റ്റ് എടുത്ത കരാറുകാരന്‍െറ നേതൃത്വത്തിലായിരുന്നു ജോലികള്‍.
ശനിയാഴ്ച വൈകുന്നേരം ജോലികള്‍ ഇടക്കുവെച്ച് നിര്‍ത്തി തൊഴിലാളികള്‍ മടങ്ങി. ജലനിരപ്പ് ഉയര്‍ന്നുനില്‍ക്കുന്ന സാഹചര്യത്തിലും പുറംബണ്ട് വേണ്ടരീതിയില്‍ ഉറപ്പിക്കാതിരുന്നതാണ് മടവീഴാന്‍ കാരണം. ദുര്‍ബലമായ ചളിബണ്ട് ആദ്യം ഒലിച്ചുപോയി. ഒഴുക്ക് ശക്തമായപ്പോള്‍ പെട്ടെന്നുതന്നെ ഇവിടെ വലിയ മട രൂപപ്പെടുകയായിരുന്നു. മോട്ടോര്‍ തറയും പെട്ടിയും പറയും ഒലിച്ചുപോയി. വെള്ളംകയറി മോട്ടോറും നശിച്ചു.
അടുത്ത കാലങ്ങളില്‍ ഉണ്ടായ വലിയ വെള്ളപ്പൊക്കത്തില്‍പോലും മടവീഴ്ചയുണ്ടാകാത്ത പാടമാണ് കുപ്പപ്പുറം. പാടത്തിന്‍െറ നാലുചുറ്റും കരിങ്കല്‍ ബണ്ട് ഉണ്ട്. ഇവിടെ അശ്രദ്ധയോടെ ജോലികള്‍ നടത്തിയതാണ് ദുരന്തത്തിന് ഇടയാക്കിയത്.
പാടത്ത് വെള്ളംകയറിയതോടെ ഏറക്കുറെ മുഴുവന്‍ വീടുകളിലും വെള്ളംകയറിയിട്ടുണ്ട്. ഇതുമൂലം വീട്ടുപകരണങ്ങളും നശിച്ചു. പനക്കല്‍ ക്ഷേത്രം പരിസരവും വെള്ളത്തില്‍ മുങ്ങി. വീടുകളില്‍ വെള്ളം കയറിയതുമൂലം ജീവിതം ബുദ്ധിമുട്ടിലായവര്‍ക്കായി തിങ്കളാഴ്ച ദുരിതാശ്വാസ ക്യാമ്പ് തുറക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി. വേണുഗോപാല്‍ പറഞ്ഞു.
മടവീണ പാടശേഖരത്തില്‍ പരിശോധന നടത്തി ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ ജില്ലാ കൃഷി ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദുരിതബാധിതര്‍ക്ക് ഉടന്‍ സഹായമത്തെിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ജലനിരപ്പ് ഉയര്‍ന്നതോടെ കുട്ടനാട് വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണ്. നിരവധി പാടശേഖരങ്ങള്‍ മടവീഴ്ച ഭീഷണിയുടെ നിഴലിലുമാണ്. മങ്കൊമ്പ് ഭാഗത്ത് റോഡില്‍ വെള്ളം കയറിയത് ആലപ്പുഴ-ചങ്ങനാശ്ശേരി റൂട്ടിലെ ഗതാഗതം തടസ്സപ്പെടുത്തുമെന്നും ആശങ്കയുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.