അക്രമത്തിനിരയായ ബി.ജെ.പിക്കാരുടെ വീടുകള്‍ കമീഷന്‍ സന്ദര്‍ശിച്ചു

തലശ്ശേരി: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്  അക്രമത്തിന് ഇരയായ പിണറായിയിലെ ബി.ജെ.പി പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും വീടുകള്‍ ദേശീയ വനിതാ കമീഷന്‍ ചെയര്‍പേഴ്സന്‍ ലളിത കുമാരമംഗലം, അംഗം സുഷമ സാം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു.
ചാവശ്ശേരിയില്‍ കൊല്ലപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകനും ബസ് ഡ്രൈവറുമായ ഉത്തമന്‍െറ ഭാര്യ നാരായണിയുടെ പിണറായിയിലെ വീടാണ് കമീഷന്‍ ആദ്യം സന്ദര്‍ശിച്ചത്. സി.പി.എം പ്രവര്‍ത്തകരുടെ കൈയിലുണ്ടായിരുന്ന ബോംബ് പൊട്ടി രവീന്ദ്രന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മൂത്തമകനെ കള്ളക്കേസില്‍ കുടുക്കി പൊലീസ് അറസ്റ്റ് ചെയ്യുകയാണുണ്ടായതെന്ന് ചെമ്പിലോട്ടെ സവിത കമീഷനോട് പരാതിപ്പെട്ടു.

അക്രമത്തിനിരയായ പത്മിനിയുടെ വീട് കമീഷന്‍ സന്ദര്‍ശിച്ചു. മൂന്നാം തവണയാണ് വീട് ആക്രമിക്കുന്നത്. സി.പി.എം പ്രവര്‍ത്തകര്‍ക്ക് പുറമെ പൊലീസ് നിരന്തരം പീഡിപ്പിക്കുന്നതായാണ് മാറോളി പ്രേമയുടെ പരാതി. ഇവരുടെ ഭര്‍ത്താവ് ബാബു നേരത്തേ കൊല്ലപ്പെട്ടിരുന്നു. മകന്‍ പ്രേംജിത്തിന്‍െറ കൈ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് അക്രമത്തിനിടെ വെട്ടിമാറ്റിയിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന കാലത്തും പിണറായിയിലെ പൊലീസിനെ നിയന്ത്രിക്കുന്നത് സി.പി.എമ്മാണ്. അന്നത്തെ സംഭവത്തിനുശേഷം പ്രേംജിത്തിന്‍െറ ചെറിയ രണ്ട് മക്കള്‍ ഉറങ്ങിയിട്ടില്ളെന്നും അവര്‍ പറഞ്ഞു. ഇവരുടെ ബന്ധു മാറോളി പ്രകാശന്‍െറ വീടും ആക്രമിക്കപ്പെട്ടിരുന്നു. പിണറായി പഞ്ചായത്തിനു പുറമെ കാക്കയങ്ങാട്, ന്യൂമാഹി എന്നിവിടങ്ങളിലും ആക്രമണത്തിന് ഇരയായവര്‍ ഉള്‍പ്പെടെ 14 കുടുംബങ്ങള്‍ പരാതി നല്‍കാന്‍ പ്രകാശന്‍െറ വീട്ടിലാണ് എത്തിയത്. കാക്കയങ്ങാട് അമ്മാവന്‍െറ വെട്ടേറ്റ ഏഴുവയസ്സുകാരന്‍ കാര്‍ത്തിക് അച്ഛന്‍ രാഹുലിനും അമ്മ രമ്യക്കും ഒപ്പം എത്തി കമീഷന് പരാതി നല്‍കി. ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് പി. സത്യപ്രകാശ്, കെ. രഞ്ജിത്ത്, എന്നിവരും ഉണ്ടായിരുന്നു.

സര്‍ക്കാറില്‍നിന്ന് വിശദീകരണം തേടുമെന്ന് ദേശീയ വനിതാ കമീഷന്‍

മുഖ്യമന്ത്രിയുടെ മണ്ഡലമായ പിണറായിയില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ അക്രമ സംഭവങ്ങളെ കുറിച്ച് സംസ്ഥാന സര്‍ക്കാറിനോട് വിശദീകരണം തേടുമെന്ന് ദേശീയ വനിതാ കമീഷന്‍ ചെയര്‍പേഴ്സന്‍ ലളിത കുമാരമംഗലം. പിണറായിയില്‍ അക്രമത്തിനിരയായ ബി.ജെ.പി പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം തലശ്ശേരിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
സാംസ്കാരികമായും വിദ്യാഭ്യാസപരമായും ഉന്നതിയില്‍ നില്‍ക്കുന്ന കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ ഇത്തരം അക്രമം ഉണ്ടാകുന്നുവെന്നത് ഖേദകരമാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കമീഷന്‍ പിണറായി സന്ദര്‍ശിച്ചത്. പരാതികള്‍ക്ക് അടിസ്ഥാനപരമായി ഒരേ സ്വഭാവമാണ്. രാഷ്ട്രീയ ഭിന്നതയാണ് അക്രമത്തിന് കാരണം. തെരഞ്ഞെടുപ്പില്‍ പലരും ജയിക്കുകയും തോല്‍ക്കുകയും ചെയ്യും. എന്നാല്‍, അതിന്‍െറ പേരില്‍ അക്രമം ഉണ്ടാകുന്നത് ജനാധിപത്യത്തിന് നിരക്കാത്തതാണ്. അക്രമസംഭവങ്ങളില്‍ കമീഷന്‍ രാഷ്ട്രീയം നോക്കുന്നില്ളെന്നും മാനുഷിക പരിഗണനയാണ് നല്‍കുന്നതെന്നും ചെയര്‍പേഴ്സന്‍ പറഞ്ഞു. കമീഷന്‍ അംഗം സുഷമ സാമും ലളിത കുമാരമംഗലത്തോടൊപ്പമുണ്ടായിരുന്നു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.