ഉന്നതിയും സംസ്കരണവും

മനുഷ്യനില്‍ സഹജമായുള്ളതാണ് മൃഗീയത. അറബിയില്‍ ‘ബഹീമിയ്യ’ എന്നു പറയും. അതിനെ മെരുക്കാനായാല്‍ അല്ലാഹുവിന്‍െറ പ്രത്യേക സൃഷ്ടികളായ മാലാഖകളെയും മറികടക്കാന്‍ മനുഷ്യന് കഴിയും. അവിടെ പിഴച്ചാലോ, നാല്‍ക്കാലികളെപ്പോലും നാണിപ്പിക്കുംവിധം തരംതാഴുകയും ചെയ്യും. ഇരു തലങ്ങളിലേക്കും സഞ്ചരിക്കാനുള്ള സവിശേഷ കഴിവാണ് മനുഷ്യന്‍െറ പ്രത്യേകത.

ഉള്ളിലുള്ള മൃഗീയവാസനകള്‍ കരിച്ചുകളയാനും ഹൃദയത്തെ ദിവ്യഭക്തിയുടെ മൂശയിലിട്ട് സ്ഫുടീകരിക്കാനുമുള്ള ഫലപ്രദവും ശാസ്ത്രീയവുമായ മാര്‍ഗമാണ് വ്രതാനുഷ്ഠാനം. കാരണം, മനുഷ്യനിലെ മൃഗത്തെ വളര്‍ത്തുന്നതും പാലും തേനുമൂട്ടി പരിപോഷിപ്പിക്കുന്നതുമെല്ലാം ആഹാര നിഹാര മൈഥുനാദി വൃത്തികളാണ്. ഇവ മൂന്നും നിയന്ത്രിതമായാല്‍ അതിന് വളരാനാവില്ല. അതോടെ ആത്മീയ വളര്‍ച്ചക്കുള്ള അവസരമൊരുങ്ങുകയായി. മനുഷ്യപ്രകൃതിയിലെ വിഷാംശങ്ങളെ ചെറുക്കാനുള്ള സിദ്ധൗഷധമാണ് നോമ്പെന്ന് ശാഹ് വലിയ്യുല്ലാഹിദ്ദഹ്ലവി  വിശേഷിപ്പിക്കുന്നു.

എല്ലാ രോഗങ്ങളുടെയും പ്രഭവകേന്ദ്രം ഉദരമാണ്. വ്രതാനുഷ്ഠാനം ഉദരത്തെ രോഗമുക്തമാക്കുന്നു. നിറഞ്ഞ വയര്‍ മനസ്സില്‍ ദുര്‍വിചാരങ്ങള്‍ സൃഷ്ടിക്കുന്നെങ്കില്‍ വ്രതം മനസ്സിനെ സദ്വിചാരങ്ങളിലേക്കും സഹാനുഭൂതിയിലേക്കുമാണ്  നയിക്കുന്നത്. സജ്ജനങ്ങള്‍ക്ക് കൊയ്ത്തുകാലവും ഭക്തന്മാര്‍ക്ക് കടിഞ്ഞാണുമാണ് റമദാനിലെ വ്രതം. ഭക്തി വര്‍ധിപ്പിക്കാന്‍ വ്രതത്തെക്കാള്‍ ഉപകരിക്കുന്ന മറ്റൊന്നുമില്ല. ‘സത്യവിശ്വാസികളേ, മുന്‍ഗാമികളെപ്പോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ തഖ്വ ഉള്ളവരാകാന്‍ വേണ്ടി’ (ഖുര്‍ആന്‍ 2:183).

ഇസ്ലാമിന്‍െറ വിധിവിലക്കുകള്‍ മാനവകുലത്തിന്‍െറ ഉന്നതിയും സംസ്കരണവുമാണ് ലക്ഷ്യമിടുന്നത്. നോമ്പിന്‍െറ പരമാര്‍ഥവും ഇതുതന്നെ. സമൂഹത്തെ അടിമുടി ഉടച്ചുവാര്‍ക്കുന്നതോടൊപ്പം ആത്മാവിനെ സംസ്കരിക്കുന്നു. ശരീരത്തിന് ഓജസ്സും തേജസ്സും പ്രദാനംചെയ്യുന്നു. അവസാനം സ്വര്‍ഗപ്രവേശത്തിന് അവസരം നല്‍കുന്നു. ഈ ഗുണങ്ങള്‍ പ്രദാനംചെയ്യുന്ന നോമ്പ് ദൈവസാമീപ്യം നേടാനുള്ള എളുപ്പ മാര്‍ഗമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.