മുഖ്യമന്ത്രീ, കനിയണം.. ഈ പെരുന്നാളെങ്കിലും നാട്ടില്‍ കൂടണമെന്നുണ്ട്..

കോഴിക്കോട്: എട്ടുവര്‍ഷമായി അവര്‍ മൂന്നുപേരും കോഴിക്കോടത്തെിയിട്ട്. രണ്ടുവര്‍ഷം മുമ്പ് മറ്റൊരാളും വന്നുചേര്‍ന്നു. ചെയ്ത തെറ്റെന്താണെന്നറിയില്ല. പക്ഷേ, അവരോട് പലരും തെറ്റുചെയ്തു. മറ്റാരൊക്കെയോ ചെയ്ത തെറ്റിന്‍െറ പേരില്‍ നിയമം തീര്‍ത്ത ‘തടവറ’യില്‍ കഴിയുന്നു. മൂന്നുപേര്‍ വെള്ളിമാടുകുന്നിലെ സാമൂഹികനീതി സമുച്ചയത്തിന്‍െറ കീഴിലുള്ള മഹിളാമന്ദിരത്തിലും നാലാമത്തെയാള്‍ കോഴിക്കോടുതന്നെയുള്ള മറ്റൊരു മഹിളാമന്ദിരത്തിലുമാണ്. എത്ര നാളുകളെന്നറിയില്ല. ഉപദ്രവിച്ചവര്‍ പലരും നിയമക്കുരുക്കില്‍നിന്ന് രക്ഷപ്പെട്ട് ഒളിവില്‍ സുഖജീവിതം നയിക്കുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം നാലുപേരും മലയാളം പഠിച്ചു. പറയാന്‍ മാത്രമല്ല, എഴുതാനും വായിക്കാനുമറിയാം. പക്ഷേ മറന്നത് സ്വന്തം ഭാഷയാണ്. തിരിച്ചുപോകണമെന്ന് ആഗ്രഹം ശക്തമായിക്കൊണ്ടിരിക്കുകയാണ് ഓരോ നിമിഷവും. കഴിഞ്ഞ ഏപ്രില്‍ 21ന് സ്വന്തം നാട്ടിലേക്ക് തിരിക്കാന്‍, ഒരു സ്വപ്നം സഫലമായതിന്‍െറ ആനന്ദത്തില്‍ തങ്ങളുടെതായ സാധനങ്ങളെല്ലാം ഒരുക്കി നാലുപേരും റെയില്‍വേ സ്റ്റേഷനില്‍ വരെയത്തെി. എന്നാല്‍, നിയമവും സാങ്കേതിക കുരുക്കുകളും അവര്‍ക്കെതിരായിരുന്നു. 

മലപ്പുറം ജില്ലയിലെയും ബംഗളൂരുവിലെയും കേസുകളില്‍ മൊഴിയെടുക്കാനും മറ്റുമുണ്ടെന്ന ഒൗദ്യോഗിക വിശദീകരണം അവരെ പഴയ സ്ഥാപനങ്ങളിലേക്ക് മടക്കിയയച്ചു. എങ്കിലും  പ്രതീക്ഷകളുടെ ചെറിയ പൂത്തിരികള്‍ ഇടക്കിടെ തെളിഞ്ഞുകത്തിക്കൊണ്ടിരുന്നു; തങ്ങളുടെ സ്ഥിതി വിവരിച്ച് പെണ്‍കുട്ടികള്‍തന്നെ ഗവര്‍ണര്‍ക്കയച്ച കത്ത് മുഖ്യമന്ത്രിയുടെ ഓഫിസ് വഴി ആഭ്യന്തര സെക്രട്ടറിയുടെ മുന്നിലിരിക്കുന്നത്, പെണ്‍കുട്ടികളെ നാട്ടിലയച്ചാല്‍ വിഡിയോ കോണ്‍ഫറന്‍സിങ് വഴി തെളിവെടുപ്പിന് ഹാജരാക്കാം എന്ന ബംഗ്ളാദേശ് ഹൈകമീഷന്‍െറ ഉറപ്പ്, ഒപ്പം മോചനത്തിനായി ഏതറ്റംവരെയും പോവാന്‍ തയാറുള്ള ആം ഓഫ് ജോയ് പ്രവര്‍ത്തകര്‍. 

അങ്ങനെ അവര്‍ വീണ്ടും ജന്മനാട് സ്വപ്നം കാണുകയാണ്. കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി കോഴിക്കോട് വന്നപ്പോള്‍ സമര്‍പ്പിച്ച നിവേദനത്തിനുമേല്‍ അദ്ദേഹം നടപടിയെടുക്കുമെന്ന പ്രതീക്ഷയിലാണ് ഇവര്‍. എട്ടു നോമ്പുകാലങ്ങള്‍ കേരളത്തില്‍ കഴിച്ചുകൂട്ടിയ പെണ്‍കുട്ടികള്‍ക്ക് ഈ ചെറിയ പെരുന്നാളെങ്കിലും ഉറ്റവരുടെ കൂടെ ആഘോഷിക്കാനായാല്‍ അത് അവര്‍ക്കുലഭിക്കുന്ന വലിയൊരു സമ്മാനമായിരിക്കും. മലപ്പുറം, കോഴിക്കോട് ജില്ലാ പൊലീസ് മേധാവികള്‍ക്ക് മുഖ്യമന്ത്രി നല്‍കുന്ന ഒരു നിര്‍ദേശമാണ് ഇവരുടെ മോചനത്തിന് കാരണമാവുക. മുഖ്യമന്ത്രിയുടെ കനിവ് ഇവരുടെ നേരെ നീളുകയാണെങ്കില്‍ ഇത്തവണ ദിവസങ്ങള്‍ക്കപ്പുറം പെരുന്നാള്‍പിറ തെളിയുക അവരുടെ വദനങ്ങളിലായിരിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.