യോഗ ദിനം: എല്ലാവർക്കും സ്വീകാര്യമായ കീർത്തനം ചൊല്ലാത്തതിൽ മന്ത്രിക്ക് അതൃപ്തി

തിരുവനന്തപുരം: രാജ്യന്തര യോഗ ദിനത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ ഒരു മതവിഭാഗത്തിന്‍റെ കീർത്തനം ചൊല്ലിയതിൽ ആരോഗ്യ മന്ത്രി കെ.കെ ശൈലജക്ക് അതൃപ്തി. മതത്തിന്‍റെ ഭാഗമല്ലാത്തതും ഏല്ലാവർക്കും ഉൾക്കൊള്ളാൻ സാധിക്കുന്നതുമായ കീർത്തനം ചൊല്ലാമായിരുന്നുവെന്നും മന്ത്രി ഉദ്യോഗസ്ഥരോട് പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ആയുഷ് വകുപ്പ് സംഘടിപ്പിച്ച രണ്ടാമത് രാജ്യാന്തര യോഗ ദിനാചരണത്തിന്‍റെ സംസ്ഥാനതല ചടങ്ങിലാണ് സംഭവം.

ഉദ്ഘാടനത്തിന് ശേഷം പുറത്തിറങ്ങിയ മന്ത്രി കീർത്തനം ചൊല്ലിയതിനെ കുറിച്ച് ഉദ്യോഗസ്ഥരോട് വിവരങ്ങൾ ആരാഞ്ഞു. കേന്ദ്ര സർക്കാറിനെ മാന്വൽ നിർദേശിച്ചിട്ടുള്ള കീർത്തനമാണ് ചൊല്ലിയതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. മതത്തിന്‍റെ ഭാഗമല്ലാത്തതും ഏല്ലാവർക്കും ഉൾക്കൊള്ളാൻ സാധിക്കുന്നതുമായ കീർത്തനം ചൊല്ലാമായിരുന്നുവെന്നും മന്ത്രി കെ.കെ ശൈലജ പറഞ്ഞു.

യോഗ ഒരു മത വിഭാഗത്തിന്‍റെ മാത്രമല്ല എന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. യോഗയിൽ മതേതരത്വം കാത്തുസൂക്ഷിക്കണം. രാജ്യത്ത് മതവിശ്വാസം ഉള്ളവരും ഇല്ലാത്തവരും ജീവിക്കുന്നുണ്ട്. അവരവർക്ക് അവരുടെ ദൈവങ്ങളെ പ്രാർഥിക്കുന്നതിനുള്ള അവകാശമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എന്നാൽ, വാർത്ത വിവാദമായതോടെ വിശദീകരണവുമായി മന്ത്രി കെ.കെ ശൈലജ രംഗത്തെത്തി. കീർത്തനം ചൊല്ലിയ വിഷയത്തിൽ ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയിട്ടില്ലെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഒരു മതത്തിന്‍റെ ഭാഗമായുള്ള കീർത്തനം ചൊല്ലിയതിനെ കുറിച്ചാണ് ഉദ്യോഗസ്ഥരോട് ചോദിച്ചത്. എല്ലാവർക്കും ഉൾകൊള്ളാവുന്ന കീർത്തനം ചടങ്ങിൽ ആലപിക്കാമായിരുന്നുവെന്നും മന്ത്രി ശൈലജ കൂട്ടിച്ചേർത്തു.

അതേസമയം, പതഞ്ജലി യോഗയിലെ മതസൗഹാർദവുമായി ബന്ധപ്പെട്ട ശ്ലോകമാണ് ചടങ്ങിൽ ആലപിച്ചതെന്ന് യോഗാ പരിശീലകർ ചൂണ്ടിക്കാട്ടുന്നു. യോഗ ചെയ്യുന്നതിന് മുമ്പ് മനസ് ഏകാഗ്രമാക്കുന്നതിന് വേണ്ടിയാണിത്. ചൊല്ലിയത് ഒരു മതവിഭാഗത്തിന്‍റെ ശ്ലോകമല്ലെന്നും അവർ പറയുന്നു.

ദിനാചരണ ചടങ്ങിൽ മുൻ ആരോഗ്യ മന്ത്രി വി.എസ് ശിവകുമാറും പങ്കെടുത്തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.