മന്ത്രിസഭാ തീരുമാനങ്ങൾ പരസ്യപ്പെടുത്തണമെന്ന് വിവരാവകാശ കമീഷൻ

കൊച്ചി: മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമത്തിന് പുറത്തല്ളെന്ന് മുഖ്യ വിവരാവകാശ കമീഷണര്‍. വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചാല്‍ ഇതുസംബന്ധിച്ച വിവരം നല്‍കണമെന്ന് മുഖ്യ വിവരാവകാശ കമീഷണര്‍ വിന്‍സന്‍ എം. പോള്‍ ഉത്തരവിട്ടു. ഹ്യൂമന്‍ റൈറ്റ്സ് ഡിഫന്‍സ് ഫോറം ജനറല്‍ സെക്രട്ടറി അഡ്വ. ഡി.ബി. ബിനു നല്‍കിയ പരാതിയിലാണ് ഉത്തരവ്.

2016 ജനുവരി ഒന്നുമുതല്‍ മാര്‍ച്ച് 12 വരെയുള്ള മന്ത്രിസഭാ യോഗങ്ങളുടെ അജണ്ട, മിനിറ്റ്സ്, നടപടികള്‍ എന്നിവ ആവശ്യപ്പെട്ട് പരാതിക്കാരന്‍ പൊതുഭരണവകുപ്പ് സെക്രട്ടറിക്ക് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, വിവരാവകാശ നിയമത്തിലെ (8) (i)(1) വകുപ്പ് അനുസരിച്ച് മന്ത്രിസഭാ അജണ്ട, മിനിറ്റ്സ് എന്നിവ നിയമത്തിന്‍െറ പരിധിക്ക് പുറത്താണെന്ന മറുപടിയാണ് നല്‍കിയത്. മന്ത്രിസഭാ തീരുമാനങ്ങള്‍ വകുപ്പുകളിലേക്ക് അയക്കുകയാണ് പതിവെന്നും തീരുമാനം നടപ്പാക്കിയോ ഇല്ലയോ എന്ന് അറിയാനാകില്ളെന്നും മറുപടിയില്‍ പറഞ്ഞിരുന്നു. അതിനാല്‍, മന്ത്രിസഭാ തീരുമാനം നടപ്പായോ എന്ന കാര്യം അറിയാന്‍ അതത് വകുപ്പുകളുടെ പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍മാരുമായി ബന്ധപ്പെടണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. ഇതിനെതിരായ അപ്പീലും തള്ളിയതോടെയാണ് പൊതുഭരണ സെക്രട്ടറി, അപ്പീല്‍ അധികാരി എന്നിവരെ എതിര്‍ കക്ഷികളാക്കി വിവരാവകാശ കമീഷണറെ സമീപിച്ചത്.

പരാതിക്കാരന്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ പത്ത് ദിവസത്തിനകം ലഭ്യമാക്കണമെന്നും അജണ്ടയില്‍ മന്ത്രിസഭ തീരുമാനിക്കാത്ത ഏതെങ്കിലും വിഷയങ്ങള്‍ ഉണ്ടെങ്കില്‍ അത് നല്‍കേണ്ടതില്ളെന്നും ഉത്തരവില്‍ നിര്‍ദേശിച്ചു.

കഴിഞ്ഞ മന്ത്രിസഭയുടെ അവസാന കാലയളവിലെടുത്ത നയപരമായ അറിയാന്‍ പൗരന് അവകാശമുണ്ടെന്ന് പരാതിക്കാരന്‍ വാദിച്ചു. ചില മന്ത്രിമാര്‍ മാധ്യമങ്ങളെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുകയാണെന്നും രഹസ്യനീക്കങ്ങളിലൂടെ സര്‍ക്കാര്‍ ചിലരെ സഹായിക്കുകയുമാണെന്ന വാദവും ഉന്നയിച്ചു.
മന്ത്രിസഭാ അജണ്ടയില്‍ വരുന്ന കാര്യങ്ങളില്‍ തീരുമാനമെടുത്തവ വേര്‍തിരിച്ച് അപേക്ഷകന് നല്‍കുന്നത് പ്രായോഗികമല്ളെന്ന ഉദ്യോഗസ്ഥരുടെ വാദം കമീഷന്‍ തള്ളി.

മന്ത്രിസഭ തീരുമാനമെടുത്താല്‍ 48 മണിക്കൂറിനകം ബന്ധപ്പെട്ട വകുപ്പുകള്‍ ഇവ ഉത്തരവുകളായി പുറത്തിറക്കണമെന്നാണ് ചട്ടം. എന്നിരിക്കെ ഏതൊക്കെ തീരുമാനങ്ങള്‍ ഉത്തരവുകളായി പുറത്തിറങ്ങി എന്നറിയാന്‍ അതത് വകുപ്പുകളില്‍ പ്രത്യേക വിവരാവകാശ അപേക്ഷ നല്‍കണമെന്ന നിര്‍ദേശം ഫലത്തില്‍ വിവരം നിഷേധിക്കുന്നതിന് തുല്യമാണ്. മന്ത്രിസഭാ മിനിറ്റ്സിന്‍െറ സൂക്ഷിപ്പുകാരന്‍ എന്ന നിലക്ക് വകുപ്പുകളില്‍ നിന്ന് ഇവ ലഭ്യമാക്കി അപേക്ഷകന് നല്‍കാന്‍ എതിര്‍കക്ഷിക്ക് ബാധ്യതയുണ്ടെന്നും കമീഷന്‍ നിരീക്ഷിച്ചു. മന്ത്രിസഭാ യോഗ തീരുമാനങ്ങളില്‍ നടപടിയെടുത്താല്‍ ഉടന്‍ ഒൗദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

 

Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.