അനന്തപുരിയില്‍ സ്നേഹ സൗഹൃദ കൂട്ടായ്മയായി മാധ്യമം-മീഡിയവണ്‍ ഇഫ്താര്‍ സംഗമം

തിരുവനന്തപുരം: അനന്തപുരിയില്‍ സൗഹൃദത്തിന്‍െറയും സ്നേഹത്തിന്‍െറയും കൂട്ടായ്മയായി മാധ്യമം-മീഡിയവണ്‍ ഇഫ്താര്‍ സംഗമം. ഭരണ, രാഷ്ട്രീയ, മത, സാംസ്കാരിക, സാമൂഹികരംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യം ചടങ്ങിന് മിഴിവേകി. തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഐഡിയല്‍ പബ്ളിക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ എം.ഐ. അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. കഷ്ടപ്പെടുന്നവരോട് ഐക്യപ്പെടാനുള്ള പ്രചോദനമാണ് വ്രതം. വാക്കും പ്രവൃത്തിയും ചിന്തയും ഉള്‍ക്കൊള്ളുന്നതാണ് അത്. ഐക്യത്തിന്‍െറയും സമാധാനത്തിന്‍െറയും സന്ദേശവാഹകരാകാനും വ്രതം വഴിയൊരുക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

ശരീരത്തിനും മനസ്സിനും കരുത്തും ഊര്‍ജവുമാണ് വ്രതം പ്രദാനം ചെയ്യുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. നന്മയെ ഉയര്‍ത്തിപ്പിടിക്കാനുള്ള കാലമാണ് റമദാനെന്ന് മന്ത്രി ടി.പി. രാമകൃഷ്ണനും ദൈവസ്നേഹം എന്നാല്‍ മനുഷ്യസ്നേഹമാണെന്നും മനുഷ്യനിലൂടെയല്ലാതെ ദൈവത്തില്‍ എത്താനാകില്ളെന്നും മന്ത്രി കെ.ടി. ജലീലും പറഞ്ഞു. മതചിന്തകള്‍ക്കതീതമായ ഇത്തരം കൂട്ടായ്മകളാണ് രാജ്യത്തിന്‍െറ ശക്തിയെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മാനവ സൗഹൃദത്തിന്‍െറ സന്ദേശമാണ് റമദാന്‍ വിളംബരം ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അപരന്‍െറ വേദനകള്‍ അറിയാനുള്ള കാലം കൂടിയാണ് റമദാനെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനും അഭിപ്രായപ്പെട്ടു.

സ്നേഹബന്ധങ്ങള്‍ ശുദ്ധീകരിക്കാനും ഊഷ്മളവും ആഴവുമുള്ളതാക്കി മാറ്റാനും റമദാന്‍വഴി സാധിക്കുമെന്ന് തിരുവനന്തപുരം അതിരൂപത ആര്‍ച് ബിഷപ് ഡോ. എം. സൂസപാക്യം പറഞ്ഞു. സൗഹൃദവും സാഹോദര്യവും വളര്‍ത്തുന്നതാണ് ഇഫ്താര്‍ സംഗമങ്ങളെന്ന് ഒ. രാജഗോപാല്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. മന്ത്രി എ.കെ. ശശീന്ദ്രന്‍,  മേയര്‍ വി.കെ. പ്രശാന്ത് എം.എല്‍.എമാരായ കെ. മുരളീധരന്‍, കെ.എസ്. ശബരീനാഥന്‍, എം. വിന്‍സെന്‍റ് എന്നിവരും സംസാരിച്ചു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, വി.എസ്. സുനില്‍കുമാര്‍, കെ.കെ. ശൈലജ, എം.എല്‍.എമാരായ വി.എസ്. ശിവകുമാര്‍, എ.പി. അനില്‍കുമാര്‍, കെ. ആന്‍സലന്‍, ടി.വി. ഇബ്രാഹിം, പി. അബ്ദുല്‍ ഹമീദ്, ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. ജി. മാധവന്‍ നായര്‍, സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍, ജമാഅത്തെ ഇസ്ലാമി അസി. അമീര്‍ പി. മുജീബ് റഹ്മാന്‍, ആര്‍ക്കിടെക്റ്റ് ജി. ശങ്കര്‍, സ്വാമി സൂക്ഷ്മാനന്ദ, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം, നേതാക്കളായ കെ. അംബുജാക്ഷന്‍, പി.എ. അബ്ദുല്‍ ഹക്കീം തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. മാധ്യമം-മീഡിയവണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ സ്വാഗതവും മീഡിയവണ്‍ ഡെപ്യൂട്ടി സി.ഇ.ഒ സാജിദ് നന്ദിയും പറഞ്ഞു. മാധ്യമം പബ്ളിഷര്‍ ടി.കെ. ഫാറൂഖ്, എക്സിക്യൂട്ടിവ് എഡിറ്റര്‍ വി.എം. ഇബ്രാഹിം, മീഡിയവണ്‍ മാനേജിങ് എഡിറ്റര്‍ സി. ദാവൂദ്, മാധ്യമം ജനറല്‍ മനേജര്‍മാരായ എ.കെ. സിറാജ് അലി, കളത്തില്‍ ഫാറൂഖ് എന്നിവരും സംബന്ധിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.