മറുനാടന്‍ തൊഴിലാളികളുടെ വിവരശേഖരണത്തിന് കടമ്പകളേറെ

കൊച്ചി: സംസ്ഥാനത്ത് ജോലി ചെയ്യുന്ന മുപ്പത് ലക്ഷത്തോളം വരുന്ന മറുനാടന്‍ തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കുന്ന പ്രക്രിയക്ക് കടമ്പകളേറെ. മൂന്നുവര്‍ഷം മുമ്പ് ഇവരുടെ വിവരശേഖരണത്തിന് ചില നീക്കങ്ങള്‍ ആരംഭിച്ചിരുന്നെങ്കിലും തുടക്കത്തിലേ ഇത് നിലച്ചു. ജിഷ വധത്തെ തുടര്‍ന്ന് ഈ വിഷയം വീണ്ടും സജീവമായിരിക്കുകയാണ്.  മൂന്നുവര്‍ഷംകൊണ്ട് മറുനാടന്‍ തൊഴിലാളികളുടെ എണ്ണത്തില്‍ 20 ശതമാനത്തോളം വര്‍ധനവുണ്ടായതായാണ് ഏകദേശ കണക്ക്. എന്നാല്‍, കൃത്യമായ കണക്ക് തൊഴില്‍ വകുപ്പിന്‍െറ കൈയിലുമില്ല.

മറുനാടന്‍ തൊഴിലാളികള്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുകയും ഇങ്ങനെ പ്രതികളാകുന്നവര്‍ പെട്ടെന്ന് നാടുവിടുന്നതിനാല്‍ കേസന്വേഷണം പാതിവഴിയിലാകുന്നതും പതിവായതോടെയാണ് 2013ല്‍ വിവര ശേഖരണത്തിനും രജിസ്ട്രേഷനും നടപടി ആരംഭിച്ചത്. ജില്ലാ ഭരണകൂടത്തിന്‍െറ നേതൃത്വത്തില്‍ വിവരങ്ങള്‍ ശേഖരിക്കാനായിരുന്നു പദ്ധതി. മറുനാടന്‍ തൊഴിലാളികളെ ജോലിക്ക് നിയോഗിക്കുന്നവര്‍ അവരുടെ തിരിച്ചറിയല്‍ രേഖകള്‍ സൂക്ഷിക്കണമെന്നും പൊലീസ് ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കണമെന്നുമൊക്കെ തൊഴില്‍വകുപ്പ് നിര്‍ദേശം പുറപ്പെടുവിക്കുകയും ചെയ്തു. അന്ന് സംസ്ഥാനത്ത് 25 ലക്ഷത്തോളം മറുനാടന്‍ തൊഴിലാളികള്‍ ഉണ്ടെന്നായിരുന്നു കണക്ക്. എന്നാല്‍, വിവര ശേഖരണം സംബന്ധിച്ച നിര്‍ദേശങ്ങളൊന്നും നടപ്പായില്ല. ഇതിന് മൂന്ന് പ്രധാന കാരണങ്ങളാണ് അധികൃതര്‍ ചൂണ്ടിക്കാണിച്ചത്.

ഇവര്‍ വന്നിറങ്ങുന്നതിന് നിശ്ചിത സ്ഥലമൊന്നും ഇല്ല എന്നതായിരുന്നു  ഏറ്റവും പ്രധാനം. ദീര്‍ഘദൂര ട്രെയിനുകളിലാണ് ഇവര്‍ കൂട്ടമായി എത്തുന്നത്. സംസ്ഥാനത്തുടനീളമുള്ള സ്റ്റേഷനുകളില്‍ വന്നിറങ്ങുമ്പോള്‍ വിവരം ശേഖരിക്കുക എന്നത് അപ്രായോഗികമാണ്. ജോലിസാധ്യതകളും മറ്റും പരിഗണിച്ച് ഇവര്‍ ഒരു ജില്ലയില്‍ നിന്ന് മറ്റൊരിടത്തേക്ക് മാറിക്കൊണ്ടിരിക്കുന്നതും വിവരശേഖരണത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. തിരിച്ചറിയല്‍ രേഖകളുടെ അടിസ്ഥാനത്തില്‍ വിവരം ശേഖരിക്കുന്നതും പ്രായോഗികമല്ല.

ഇവര്‍ ഹാജരാക്കുന്ന രേഖകളുടെ നിജസ്ഥിതി ഉറപ്പുവരുത്താന്‍ അതത് സംസ്ഥാനങ്ങളില്‍ സംവിധാനമില്ല. അസം, ബംഗാള്‍ പോലുള്ള മിക്ക സംസ്ഥാനങ്ങളിലും ഇത്തരം  രേഖകള്‍ കൃത്യമായി സൂക്ഷിക്കുന്നില്ല. ജിഷ വധക്കേസില്‍ പിടിയിലായ പ്രതിയുടെ വിരലടയാളം അസമിലേക്ക് അയച്ചുകൊടുത്തപ്പോള്‍ പ്രതികളുടെ വിരലടയാളം സൂക്ഷിക്കുന്ന പതിവില്ല എന്നായിരുന്നു മറുപടി ലഭിച്ചത്.

രേഖകളുടെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. അതുകൊണ്ടുതന്നെ ഇവരില്‍ പലരും സമര്‍പ്പിക്കുന്ന തിരിച്ചറിയല്‍ രേഖകള്‍ വ്യാജമാണെന്ന സംശയവുമുണ്ട്. ഇത് അറിയാവുന്നതിനാല്‍ മൊബൈല്‍ കണക്ഷന്‍ നല്‍കുന്നതിന് വിവിധ കമ്പനികള്‍ ഇത്തരം തിരിച്ചറിയല്‍ രേഖക്കൊപ്പം പ്രാദേശികമായി ആരുടെയെങ്കിലും സാക്ഷ്യപ്പെടുത്തല്‍ വേണമെന്ന് നിബന്ധനവെക്കുന്നുണ്ട്. വിവരം ശേഖരിക്കുന്നതിന് ഭാഷയും തടസ്സമായി നില്‍ക്കുന്നുണ്ട്. കൂലിയുടെ കാര്യത്തില്‍ മലയാളത്തില്‍തന്നെ തര്‍ക്കിക്കുന്ന ഇവര്‍ പക്ഷേ, ഏതെങ്കിലും കാര്യത്തിന് പൊലീസ് ചോദ്യം ചെയ്യുമ്പോള്‍ മലയാളം അറിയില്ളെന്നാണ് നടിക്കുക.
മറുനാടന്‍ തൊഴിലാളികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്‍െറ തോത് സംബന്ധിച്ചും സര്‍ക്കാറിന് കൃത്യമായ ധാരണയില്ല. വര്‍ഷത്തില്‍ 20,000 കോടി മുതല്‍ 50,000 കോടി രൂപയെന്നുവരെ വിവിധ ഊഹക്കണക്കുകളാണുള്ളത്.

മൂന്ന് വര്‍ഷം മുമ്പ് ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍ നടത്തിയ പഠനത്തില്‍ 14,000 കോടി രൂപയെന്നായിരുന്നു ഏകദേശ വിലയിരുത്തല്‍. മറുനാടന്‍ തൊഴിലാളികളുടെ ആധിക്യവും ഇവരുടെ കൂലി വര്‍ധനയും കണക്കിലെടുത്താല്‍ ഇപ്പോള്‍ 25,000 കോടിക്ക് അടുത്തത്തൊമെന്നാണ് വിലയിരുത്തുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.