പൂട്ടിയ നാല് സ്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും

തിരുവനന്തപുരം: കോടതിവിധിപ്രകാരം അടച്ചുപൂട്ടിയ നാല് സ്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കോഴിക്കോട് ജില്ലയിലെ മലാപ്പറമ്പ് എ.യു.പി.എസ്, പാലാട്ട് എ.യു.പി.എസ്, തൃശൂര്‍ കിരാലൂര്‍  പി.എം.എല്‍.പി.എസ്, മലപ്പുറം മങ്ങാട്ടുമുറി എ.എം.എല്‍.പി.എസ് എന്നിവയാണ് ഏറ്റെടുക്കുക. ഇതിന്‍െറ നഷ്ടപരിഹാരം നിശ്ചയിക്കാനുള്ള പ്രമേയം നിയമസഭയില്‍ അവതരിപ്പിക്കും. ഈ സ്കൂളുകള്‍ അടച്ചുപൂട്ടുന്നതിനെതിരെ ജനങ്ങളുടെ അതിശക്തമായ സമരങ്ങള്‍ നടന്നിരുന്നു. പൂട്ടിയ സ്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയിരുന്നു. ഇവ ഏറ്റെടുക്കാന്‍ 20 കോടിയോളം രൂപയുടെ സാമ്പത്തികബാധ്യത വരും.

നിലവിലെ നിയമപ്രകാരം ഒരുവര്‍ഷം മുമ്പ് നോട്ടീസ് നല്‍കിയാല്‍ സ്കൂള്‍ പൂട്ടാന്‍ മാനേജര്‍ക്ക് അവകാശമുണ്ട്. ഈ നിയമം ഭേദഗതി ചെയ്യുക എളുപ്പമല്ലാത്തതിനാലാണ് നിയമസഭയുടെ അനുമതിയോടെ നഷ്ടപരിഹാരം നിശ്ചയിക്കുന്നത്. മലാപ്പറമ്പ് സ്കൂള്‍ ഏറ്റെടുക്കാന്‍ ആറ് കോടിയോളം രൂപ മാനേജ്മെന്‍റിന് നഷ്ടപരിഹാരമായി നല്‍കേണ്ടിവരുമെന്ന് നേരത്തേ പൊതുവിദ്യാഭ്യാസ സെക്രട്ടറി മന്ത്രിസഭയെ അറിയിച്ചിരുന്നു.

സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി, ബോര്‍ഡ്, കോര്‍പറേഷന്‍ എന്നിവയിലെ അനൗദ്യോഗിക അംഗങ്ങളുടെ സേവനം നിയമാനുസൃതമായി അവസാനിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഒൗദ്യോഗികഅംഗങ്ങള്‍ കാലാവധി തീരുന്നതുവരെ തുടരും. ഭരണമാറ്റം വന്നിട്ടും മുന്‍ സര്‍ക്കാറിന്‍െറ കാലത്ത് നിയമിച്ച നിരവധി അംഗങ്ങള്‍ സ്ഥാനത്ത് തുടര്‍ന്ന സാഹചര്യത്തിലാണ് നടപടി. ചില സ്ഥാപനങ്ങളില്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം പോലും ഭരണമാറ്റത്തിനുശേഷം ചേര്‍ന്നിരുന്നു. അഡ്വ. ജി. പ്രകാശിനെ സുപ്രീംകോടതി സ്റ്റാന്‍ഡിങ് കോണ്‍സലായി നിയമിക്കാനും മന്ത്രിസഭായോഗം  തീരുമാനിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.