ഫ്രാന്‍സിസ് ജോർജ് കേരള ഫീഡ്‌സ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: യു.ഡി.എഫ് ബന്ധം അവസാനിപ്പിക്കുന്നതിന് മുന്നോടിയായി കേരള കോൺഗ്രസ് എം മുതിർന്ന നേതാവ് ഫ്രാന്‍സിസ് ജോർജ് കേരള ഫീഡ്‌സ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. രാജിക്കത്ത് കൃഷി മന്ത്രി കെ.പി മോഹനന് അയച്ചു കൊടുത്തു. ഫ്രാൻസിസ് ജോർജിന് പിന്തുണ പ്രഖ്യാപിച്ച് ട്രാവന്‍കൂര്‍ സിമന്‍റ്സ് ചെയര്‍മാന്‍ സ്ഥാനം ആന്‍റണി രാജുവും ഒഴിയുമെന്ന് റിപ്പോർട്ട്.

കേരള കോണ്‍ഗ്രസ് പിളരുന്നതിന് പിന്നിൽ സീറ്റ് തർക്കം മാത്രമല്ലെന്നും പാർട്ടിയിൽ നിന്ന് നേരിടേണ്ടിവന്ന അവഗണനകളാണ് ദുഃഖകരമായ തീരുമാനത്തിന് പിന്നില്ലെന്നും ഉന്നതാധികാര സമിതി അംഗം ഡോ. കെ.സി. ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. പി.ജെ. ജോസഫ് മാനസികമായി തങ്ങൾക്കൊപ്പമാണ്. പഴയ ജോസഫ് ഗ്രൂപ്പ് പുനരുജ്ജീവിപ്പിക്കാനാണ് തീരുമാനമെന്നും കെ.സി. ജോസഫ് പറഞ്ഞു.

ഇതിന് മുന്നോടിയായി വൈകാതെ സംസ്ഥാന സമിതി അംഗങ്ങളുടെ യോഗം വിളിച്ചു ചേർക്കും. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ ആരും തന്നോടു പറഞ്ഞിട്ടില്ലെന്ന കെ.എം. മാണിയുടെ പ്രസ്താവന കള്ളത്തരമാണ്. നാലു മാസം മുമ്പു തന്നെ പി.ജെ. ജോസഫ് വിവരങ്ങൾ മാണിയെ ധരിപ്പിച്ചിരുന്നു. എന്നാൽ, ഇക്കാര്യങ്ങൾ അവഗണിക്കപ്പെട്ടതാണ് ഇപ്പോഴത്തെ നിലയിലേക്ക് കാര്യങ്ങൾ എത്തിച്ചതെന്നും ഡോ. കെ.സി. ജോസഫ് ചൂണ്ടിക്കാട്ടി.

അതേസമയം, കേരള കോൺഗ്രസ് എം പിളരുമെന്ന് കരുതുന്നില്ലെന്ന് ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ തൃശൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഡോ. കെ.സി. ജോസഫിന് ഇത്തവണയും സീറ്റ് നൽകും. ആന്‍റണി രാജുവിനും ഫ്രാൻസിസ് ജോർജിനും സീറ്റ് നൽകാൻ ശ്രമിക്കുന്നുണ്ട്. സീറ്റുവിഭജന ചർച്ചകൾ പൂർത്തിയാകാതെ  അന്തിമ തീരുമാനം പറയാനാകില്ലെന്നും ഉണ്ണിയാടൻ വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.