കേരളാ കോൺഗ്രസിൽ നിന്ന് കൂടുതൽ നേതാക്കൾ രാജിവെച്ചു

കോട്ടയം: ഫ്രാൻസിസ് ജോർജ് നേതൃത്വം നൽകുന്ന വിമത വിഭാഗത്തെ പിന്തുണച്ച് കൂടുതൽ കേരളാ കോൺഗ്രസ് എം നേതാക്കൾ രാജിവെച്ചു. പാർട്ടി ജനറൽ സെക്രട്ടറിയും സ്റ്റീയറിങ് കമ്മിറ്റിയംഗവുമായ വക്കച്ചൻ മറ്റത്തിലും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജോസ് കൊച്ചുപുരയുമാണ് പദവികൾ രാജിവെച്ചത്. രാജ്യസഭാ മുൻ എം.പിയായിരുന്നു വക്കച്ചൻ മറ്റത്തിൽ.

കേരള കോണ്‍ഗ്രസ് എം വിട്ടെന്നും ഭാവിയിൽ ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും വക്കച്ചന്‍ മറ്റത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, വക്കച്ചൻ മറ്റത്തിൽ പാർട്ടിയിൽ സജീവമായിരുന്നില്ലെന്നാണ് മാണി വിഭാഗത്തിന്‍റെ പ്രതികരണം. മുതിർന്ന നേതാവ് പി.സി ജോസഫും പാലാ, കാഞ്ഞിരപ്പള്ളി മേഖലയിൽ നിന്ന് കൂടുതൽ പേരും രാജിവെക്കുമെന്നാണ് റിപ്പോർട്ട്.

യുവജന വിഭാഗമായ യൂത്ത് ഫ്രണ്ടിലെയും വിദ്യാർഥി സംഘടനയായ കെ.എസ്.സിലെയും നേതാക്കൾ ഫ്രാൻസിസ് ജോർജിന് ഇന്ന് പിന്തുണ പ്രഖ്യാപിച്ചേക്കും. ശക്തി തെളിയിച്ച് കൂടുതൽ നിയമസഭാ സീറ്റും എൽ.ഡി.എഫ് പ്രവേശവും ഉറപ്പാക്കുകയാണ് ഫ്രാൻസിസ് ജോർജ് വിഭാഗത്തിന്‍റെ ലക്ഷ്യം.

കോൺഗ്രസ്-കേരളാ കോൺഗ്രസ് എം സീറ്റ് വിഭജന ചർച്ച ഇന്ന് നടക്കാനിരിക്കെ കൂടുതൽ നേതാക്കൾ പാർട്ടി വിടുന്നത് കെ.എം മാണിക്ക് തിരിച്ചടിയാണ്. അംഗബലം കാട്ടി കൂടുതല്‍ സീറ്റ് നേടാനുള്ള മാണിയുടെ തന്ത്രമാണ് ഇവിടെ പാളുന്നത്.

നാട്ടകം ഗെസ്റ്റ് ഹൗസില്‍ വൈകീട്ട് 4.30ന് നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ കോണ്‍ഗ്രസിനെ പ്രതിനിധാനം ചെയ്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവർ പങ്കെടുക്കും. ചെയര്‍മാന്‍ കെ.എം. മാണി, മന്ത്രി പി.ജെ. ജോസഫ്, സി.എഫ്. തോമസ് എം.എൽ.എ, ജോയി എബ്രഹാം എം.പി എന്നിവർ കേരള കോണ്‍ഗ്രസിനെ പ്രതിനിധീകരിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.