ടൗണ്‍ഷിപ് പദ്ധതിക്ക് 150 ഏക്കര്‍ വയല്‍ നികത്താന്‍ സ്വകാര്യ കമ്പനിക്ക് മിച്ചഭൂമി ഇളവ്  

കോട്ടയം: ടൗണ്‍ഷിപ് പദ്ധതിക്കായി 150 ഏക്കര്‍ വയല്‍ നികത്തുന്നതിന് മുന്നോടിയായി സ്വകാര്യ കമ്പനിക്കുവേണ്ടി വൈക്കം താലൂക്കിലെ ചെമ്പില്‍ മിച്ചഭൂമിയില്‍ ഇളവ് അനുവദിച്ച് റവന്യൂ വകുപ്പ് ഉത്തരവ്. സ്മാര്‍ട്ട് ടൗണ്‍ഷിപ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കുവേണ്ടി ചെമ്പ് വില്ളേജിലെ ആറാദുകരി പാടശേഖരം ഉള്‍പ്പെടുന്ന 150.73 ഏക്കര്‍ സ്ഥലത്തിനായാണ് ഉത്തരവിറക്കിയത്. 

‘സമൃദ്ധി വില്ളേജ് പ്രോജക്ട്’ ആരംഭിക്കുന്നതിന് സ്വകാര്യ കമ്പനിക്കുവേണ്ടി കേരള ഭൂപരിഷ്കരണനിയമം സെക്ഷന്‍ 81 (13) പ്രകാരം മുന്‍കൂര്‍ ഇളവ് അനുവദിച്ച് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വിശ്വാസ് മത്തേയാണ് ഉത്തരവിറക്കിയത്.  വിനോദസഞ്ചാരം, വിദ്യാഭ്യാസം, വാണിജ്യ-വ്യവസായം, വിവരസാങ്കേതികവിദ്യ എന്നീ മേഖലകള്‍ ഉള്‍പ്പെടുന്ന ‘സമൃദ്ധി വില്ളേജ്’ പദ്ധതി നടപ്പാക്കുന്നതിന് ജില്ലാ കലക്ടര്‍ നല്‍കിയ കത്തിന്‍െറ അടിസ്ഥാനത്തില്‍ സ.ഉ. (കൈ)നം. 92/2016/ റവന്യൂ നമ്പറില്‍ കഴിഞ്ഞ  ഫെബ്രുവരി മൂന്നിനാണ്  ഉത്തരവായത്. കേരള ഭൂപരിഷ്കരണനിയമ പ്രകാരം വ്യവസായ-വാണിജ്യസ്ഥാപനങ്ങള്‍ക്ക് മിച്ചഭൂമി പരമാവധി 15 ഏക്കര്‍വരെയേ കൈവശംവെക്കാനാവൂ. 2008ലെ നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണനിയമത്തിന് വിരുദ്ധമായി നിലംനികത്താന്‍ പ്രത്യേക ഇളവ് അനുവദിച്ച് നിയമാനുസൃതമാക്കാനുള്ള നീക്കമാണ് പുതിയ ഉത്തരവെന്നാണ് ആക്ഷേപം. 
 പരിസ്ഥിതി പ്രശ്നങ്ങളും പരിഹാരങ്ങളും ചര്‍ച്ചചെയ്തശേഷം കൈവശവസ്തുവിന് ഇടയിലുള്ള 30 ഏക്കര്‍ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയുടെ സംരക്ഷണം ഉറപ്പുവരുത്തി കമ്പനിയുടെ പ്രോജക്ട് റിപ്പോര്‍ട്ടിലെ നിബന്ധനകളും സര്‍ക്കാര്‍ മാനദണ്ഡങ്ങളും പാലിക്കുമെന്ന ഉറപ്പിന്മേല്‍ അനുമതി പരിഗണിക്കാമെന്ന് നവംബര്‍ ഒമ്പതിന് ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 

സ്മാര്‍ട്ട് ടൗണ്‍ഷിപ് മാനേജിങ് ഡയറ്കടര്‍ സമര്‍പ്പിച്ച അപേക്ഷയും പദ്ധതിരേഖയും കലക്ടറുടെ റിപ്പോര്‍ട്ടും പരിശോധിച്ചതായി ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. സമൃദ്ധി വില്ളേജ് പദ്ധതിക്ക് 1500 കോടിയോളം നിര്‍മാണച്ചെലവ് വരും. പദ്ധതി പൂര്‍ത്തിയായാല്‍ ഏകദേശം 5000പേര്‍ക്ക് നേരിട്ടും നിരവധിപേര്‍ക്ക് പരോക്ഷമായും തൊഴിലവസരം ലഭ്യമാവുമെന്ന്  റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമ, പരിസ്ഥിതി സംരക്ഷണനിയമ  വ്യവസ്ഥകള്‍ പ്രകാരമുള്ള ക്ളിയറന്‍സ് ലഭ്യമായതിനുശേഷമേ പദ്ധതിയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാവൂ എന്ന് ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. വസ്തുവിനിടെയിലെ സര്‍ക്കാര്‍ ഭൂമിയുടെ സംരക്ഷണം കലക്ടര്‍ ഉറപ്പുവരുത്തണമെന്ന നിബന്ധനക്ക് വിധേയമായി ഇളവ് അനുവദിച്ച് ഉത്തരവാകുന്നുവെന്നാണ് പറയുന്നത്.

 ഇളവ് അനുവദിക്കുന്ന ഭൂമി സംബന്ധിച്ച ഗെസ്റ്റ് വിജ്ഞാപനം പിന്നാലെ പുറപ്പെടുവിക്കുമെന്നും ഉത്തരവില്‍ സൂചിപ്പിച്ചിട്ടുണ്ട്. പരിസ്ഥിതിക്ക് ദോഷംവരുത്തുന്ന ബൃഹത്പദ്ധതിയെക്കുറിച്ച് ആദ്യം ഗെസറ്റ് വിജ്ഞാപനമിറക്കി പൊതുജനത്തെ അറിയിച്ച ശേഷം അഭിപ്രായവും ആക്ഷേപവും കേട്ടിട്ട് മാത്രമേ ഉത്തരവിറക്കാവൂ എന്ന ചട്ടം നിലനില്‍ക്കെയാണ് ഗെസറ്റ് വിജ്ഞാപനം പിന്നാലെ വരുമെന്ന സൂചന ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിലമായി ഉള്‍പ്പെടുത്തിയ ഭൂമി കാര്‍ഷികേതര ആവശ്യത്തിന് ഉപയോഗിക്കരുതെന്ന (ജി.ഒ.പി 157/2002) സര്‍ക്കാര്‍ ഉത്തരവിന്‍െറയും ഭൂവിനിയോഗംചെയ്യുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ സംബന്ധിച്ച ഉത്തരവിന്‍െറയും 2008ലെ നെല്‍വയല്‍-നീര്‍ത്തട സംരക്ഷണ നിയമത്തിന്‍െറയും നഗ്നമായ ലംഘനമാണ് ഇക്കാര്യത്തില്‍ നടന്നിട്ടുള്ളത്. നിര്‍ദിഷ്ട ഭൂമിയില്‍ അനധികൃതമായി നിലംനികത്താന്‍ നേരത്തേയും ശ്രമം നടത്തിയിരുന്നു. വന്‍ കുഴികളെടുത്ത് സമീപത്തേക്ക് മണ്ണിട്ട് ഉയര്‍ത്തുന്ന രീതിയാണ് സ്വീകരിച്ചിരുന്നത്. ജലാശയങ്ങള്‍ ഏറെയുള്ള പ്രദേശത്തെ നിലംനികത്തലിനെതിരെ ചെമ്പ് വില്ളേജിലെ വാലാച്ചിറ വീട്ടില്‍ വി.സി. വിജയന്‍ 2011 സെപ്റ്റംബര്‍ 23ന് ഹൈകോടതിയെ സമീപിച്ചു. 

കോട്ടയം മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് സീനിയര്‍ ജിയോജിസ്റ്റ്, ജിയോളജി വകുപ്പ് ഡയറക്ടര്‍, ജില്ലാ കലക്ടര്‍, സ്മാര്‍ട്ട് ടൗണ്‍ഷിപ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി മാനേജിങ് ഡയറക്ടര്‍, ചെമ്പ് വില്ളേജ് ഓഫിസര്‍ എന്നിവരെ പ്രതിയാക്കിയാണ് കേസ് നല്‍കിയത്. 2013 ഒക്ടോബര്‍ മൂന്നിന് ഹരജി പരിഗണിച്ച ഹൈകോടതി പരിസ്ഥിതിക്ക് ദോഷംവരുത്തുന്ന   പ്രവൃത്തി ദേശീയ ഹരിത ട്രൈബ്യൂണലിന്‍െറ പരിധിയില്‍ വരുന്നതാണെന്ന് വിലയിരുത്തി ഹരിത ട്രൈബ്യൂണല്‍ ചെന്നൈ ബെഞ്ചിലേക്ക് മാറ്റുകയായിരുന്നു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.