ഹജ്ജ്: മുഴുവന്‍ അഞ്ചാം വര്‍ഷക്കാര്‍ക്കും അവസരം

മലപ്പുറം: കേരളത്തിന്‍െറ ഈ വര്‍ഷത്തെ ഹജ്ജ് ക്വോട്ട 9,943 ആയി നിശ്ചയിച്ചു. മുഴുവന്‍ അഞ്ചാം വര്‍ഷക്കാര്‍ക്കും ഇത്തവണ നറുക്കെടുപ്പില്ലാതെ തന്നെ അവസരം ലഭിക്കുന്ന രീതിയിലാണ് ക്വോട്ട നിശ്ചയിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തേതിനെക്കാളും 4310 സീറ്റുകളാണ് കേരളത്തിന് ഇത്തവണ ലഭിച്ചിരിക്കുന്നത്. കാറ്റഗറി ‘എ’യില്‍പ്പെടുന്ന 70 വയസ്സിന് മുകളിലുള്ള 1626 അപേക്ഷകര്‍ക്കും കാറ്റഗറി ‘ബി’യില്‍പ്പെടുന്ന തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും അപേക്ഷിക്കുന്ന 8317 പേര്‍ക്കുമാണ് ഇത്തവണ നറുക്കെടുപ്പില്ലാതെതന്നെ അവസരം ലഭിച്ചിരിക്കുന്നത്.
സംസ്ഥാനത്തുനിന്ന് ഈ വര്‍ഷം 76,364 അപേക്ഷകളാണ് കരിപ്പൂരിലെ ഹജ്ജ് ഹൗസില്‍ ലഭിച്ചിട്ടുള്ളത്. നാലാം വര്‍ഷ അപേക്ഷകരായി 9787 പേരാണുള്ളത്. 56,634 അപേക്ഷകരാണ് ജനറല്‍ വിഭാഗത്തിലുള്ളത്. 187 അധിക സീറ്റുകളടക്കം 5033 ആണ് കേരളത്തിന്‍െറ യഥാര്‍ഥ ക്വോട്ട. കഴിഞ്ഞ വര്‍ഷം 5,633 ആയിരുന്നു കേരളത്തിന്‍െറ യഥാര്‍ഥ ക്വോട്ട. 2011ലെ സെന്‍സസിന്‍െറ അടിസ്ഥാനത്തില്‍ ക്വോട്ട നിശ്ചയിച്ചതോടെയാണ് കേരളത്തിന് എണ്ണം കുറഞ്ഞത്. 2001ലെ സെന്‍സസ് പ്രകാരം ഇന്ത്യയിലെ മൊത്തം മുസ്ലിം ജനസംഖ്യയില്‍ 5.69 ശതമാനം ആയിരുന്നു സംസ്ഥാനത്തെ മുസ്ലിം ജനസംഖ്യ. പുതിയ സെന്‍സസ് പ്രകാരം ഇത് 5.15 ശതമാനമായി കുറഞ്ഞതോടെയാണ് കേരളത്തിന്‍െറ ഹജ്ജ് ക്വോട്ടയില്‍ കുറവ് വന്നത്. മുഴുവന്‍ അഞ്ചാം വര്‍ഷക്കാര്‍ക്കും നറുക്കെടുപ്പില്ലാതെ അവസരം നല്‍കുന്നതിന്‍െറ ഭാഗമായാണ് കൂടുതലായി 4,910 സീറ്റുകള്‍ കൂടി അനുവദിച്ചത്.
അഞ്ചാം വര്‍ഷ അപേക്ഷകരുള്ള ഗുജറാത്ത്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍ക്കും യഥാര്‍ഥ ക്വോട്ടക്ക് പുറമെ സീറ്റ് അനുവദിച്ചിട്ടുണ്ട്. ബംഗാള്‍, ബിഹാര്‍, അസം എന്നിവിടങ്ങളില്‍ അധികമായി വന്ന സീറ്റുകളാണ് കേരളം, ഗുജറാത്ത്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍ക്കായി വീതിച്ച് നല്‍കിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.