സി.പി.എം സ്ഥാനാർഥികൾക്കെതിരെ വ്യാപക പോസ്റ്ററുകൾ

പത്തനംതിട്ട: മാധ്യമപ്രവര്‍ത്തക വീണ ജോര്‍ജിനെ ആറന്മുളയില്‍ സി.പി.എം സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ പാര്‍ട്ടിക്കുള്ളില്‍നിന്ന് പ്രതിഷേധമുയരുന്നു. ഓമല്ലൂരില്‍ ഒരുവിഭാഗം പ്രവര്‍ത്തകര്‍ സംഘടിച്ച് പ്രകടനം നടത്തി. നിയോജക മണ്ഡലത്തില്‍ ചിലയിടങ്ങളില്‍ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. വീണ ജോര്‍ജിനെ മാറ്റണമെന്നും ദീര്‍ഘകാലം പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയ കഴിവുറ്റ നേതാക്കളെ അവഗണിച്ച് പാര്‍ട്ടിക്ക് പുറത്തുനിന്നുള്ളവര്‍ക്ക് സീറ്റുനല്‍കുന്ന പ്രവണത അവസാനിപ്പിക്കണമെന്നുമാണ് പ്രകടനക്കാര്‍ മുദ്രാവാക്യം മുഴക്കിയത്. പോസ്റ്ററുകളിലെയും പരാമര്‍ശം അതുതന്നെ.
ഓമല്ലൂരിലെ 250ഓളം പ്രവര്‍ത്തകര്‍ രാജിഭീഷണി മുഴക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച പ്രസ്താവന വെള്ളിയാഴ്ച രാത്രി മാധ്യമ ഓഫിസുകളിലത്തെിച്ചു. കര്‍ഷകത്തൊഴിലാളി യൂനിയന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് ഓമല്ലൂര്‍ ശങ്കരനെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് പ്രകടനക്കാര്‍ ഉയര്‍ത്തുന്ന ആവശ്യം. മൂന്നു ബ്രാഞ്ച് സെക്രട്ടറിമാരുടെ നേതൃത്വത്തിലാണ് ഓമല്ലൂരില്‍ പ്രകടനം നടന്നത്. മഞ്ഞനിക്കര ബ്രാഞ്ച് സെക്രട്ടറി പ്രസന്നകുമാരന്‍ നായര്‍, ഓമല്ലൂര്‍ ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി ശിവരാജന്‍, ആറ്റഴികം ബ്രാഞ്ച് സെക്രട്ടറി ശശിധരന്‍ നായര്‍, ഗ്രാമപഞ്ചായത്ത് അംഗം ഷൈജു എന്നിവര്‍ നേതൃത്വം നല്‍കി. ആര്‍ട്ടിസാന്‍സ് യൂനിയന്‍ നേതാവ് വിശ്വനാഥന്‍, വ്യാപാരി വ്യവസായി സമിതി നേതാവ് ഐശ്വര്യ പ്രസാദ് തുടങ്ങിവര്‍ പ്രകടനത്തില്‍ പങ്കെടുത്തു. പത്തനംതിട്ട ടൗണ്‍, ആറന്മുള തുടങ്ങിയ സ്ഥലങ്ങളിലാണ് പോസ്റ്ററുകള്‍ പതിച്ചത്. പേമെന്‍റ് സ്ഥാനാര്‍ഥി ആറന്മുക്ക് വേണ്ട, സി.പി.എം ജില്ലാ കമ്മിറ്റിയുടെ കുടിലതന്ത്രം തിരിച്ചറിയുക, ജില്ലാ കമ്മിറ്റി പിരിച്ചുവിടുക, സി.പി.എം നേതാക്കന്മാര്‍ക്ക് അവസരം കൊടുക്കുക, വ്യക്തിവൈരാഗ്യത്തിന്‍െറ പേരില്‍ സ്ഥാനാര്‍ഥിത്വം നിഷേധിക്കുന്ന സി.പി.എം ജില്ലാ സെക്രട്ടറി രാജിവെക്കുക, ആറന്മുളയില്‍ സി.പി.എം നേതാക്കളുള്ളപ്പോള്‍  വീണ ജോര്‍ജ് സ്ഥാനാര്‍ഥിയായതെങ്ങനെ, സി.പി.എം മൂന്നാംസ്ഥാനത്തേക്ക് വരാതിരിക്കാന്‍ വീണ ജോര്‍ജിനെ മാറ്റുക, വിഭാഗീയതയില്‍ മുങ്ങിയ സി.പി.എം ജില്ലാ നേതൃത്വത്തെ തിരുത്തുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പോസ്റ്ററുകളിലുള്ളത്. സേവ് സി.പി.എം എന്ന പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.