തിരുവനന്തപുരം: അംഗീകാരമില്ലാത്ത 30 അണ്‍എയ്ഡഡ് സ്കൂളിനുകൂടി അംഗീകാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. നേരത്തേ രണ്ട് തവണയായി 395 സ്കൂളിന് അംഗീകാരം നല്‍കിയതിന്‍െറ തുടര്‍ച്ചയായാണ് 30 സ്കൂളിനുകൂടി അംഗീകാരം നല്‍കുന്നത്. എന്നാല്‍, തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പെടുത്ത തീരുമാനത്തില്‍ ഉത്തരവിറക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍െറ അനുമതിക്കായി അയക്കേണ്ട ഫയലില്‍ പൊതുവിദ്യാഭ്യാസവകുപ്പുതന്നെ തര്‍ക്കം ഉന്നയിച്ചിരിക്കുകയാണ്.
30 സ്കൂളിന്‍െറ പട്ടിക തയാറാക്കിയതില്‍ ന്യൂനതയുണ്ടെന്നാണ് പൊതുവിദ്യാഭ്യാസവകുപ്പ് ഫയലില്‍ രേഖപ്പെടുത്തിയത്. ന്യൂനത പരിശോധിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പട്ടിക തിരിച്ചയക്കണമെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ തീരുമാനത്തില്‍ ഉത്തരവിറക്കുന്നത് അനിശ്ചിതത്വത്തിലായി. സംസ്ഥാന സിലബസില്‍ പ്രവര്‍ത്തിക്കുന്ന 30 അണ്‍എയ്ഡഡ് സ്കൂളിനുകൂടി അംഗീകാരം നല്‍കുന്നതോടെ ഒരു വര്‍ഷത്തിനിടെ അംഗീകാരം ലഭിക്കുന്ന സ്കൂളുകളുടെ എണ്ണം 425 ആയി ഉയരും. 2013ല്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനപ്രകാരം അപേക്ഷിച്ച 626 സ്കൂളില്‍നിന്നാണ് മൂന്നുഘട്ടമായി 425 സ്കൂളിനെ അംഗീകാരത്തിന് തെരഞ്ഞെടുത്തത്.
വിദ്യാഭ്യാസ ഓഫിസര്‍മാര്‍ പരിശോധിച്ച് ഡി.ഡി.ഇമാര്‍ സമര്‍പ്പിച്ച പട്ടികയില്‍നിന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് അംഗീകാരത്തിനുള്ള സ്കൂളുകളുടെ പേര് ശിപാര്‍ശ ചെയ്തത്. നിലവില്‍ സംസ്ഥാന സിലബസില്‍ വിജ്ഞാപനത്തില്‍ നിര്‍ദേശിച്ച സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന സ്കൂളുകളെയാണ് പരിഗണിച്ചത്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം അംഗീകാരമില്ലാത്ത സ്കൂളുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാനാവില്ല. ഈ സാഹചര്യത്തിലാണ് നിലവില്‍ പ്രവര്‍ത്തിക്കുന്ന അംഗീകാരമില്ലാത്ത സ്കൂളുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം നല്‍കിയത്. എന്നാല്‍, രാഷ്ട്രീയ ഇടപെടല്‍മൂലം അനര്‍ഹരായ ഒട്ടേറെ സ്കൂളുകള്‍ പട്ടികയില്‍ കയറിക്കൂടി.
അതേസമയം അര്‍ഹതയുണ്ടായിട്ടും ഒട്ടേറെ സ്കൂളുകളെ പട്ടികയില്‍നിന്ന് സമ്മര്‍ദത്തെതുടര്‍ന്ന് പുറത്താക്കുകയും ചെയ്തു. രാഷ്ട്രീയ ഇടപെടലിന്‍െറ രേഖകള്‍വരെ പുറത്തുവരികയും ചെയ്തിരുന്നു. ഇതിനിടെയാണ് വീണ്ടും 30 സ്കൂളിനുകൂടി അംഗീകാരം നല്‍കാനുള്ള ഫയലില്‍ മുഖ്യമന്ത്രി ഒപ്പിടുകയും ഉത്തരവിറക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍െറ അനുമതിക്കയക്കാന്‍ തീരുമാനിച്ചതും. പൊതുവിദ്യാഭ്യാസ വകുപ്പ് തന്നെ ഉടക്കിട്ട ഫയലില്‍ എന്ത് നടപടി സ്വീകരിക്കണമെന്ന് തീരുമാനമായിട്ടില്ല. ഇതിനിടെ കൂടുതല്‍ സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കാന്‍ നിര്‍ദേശിക്കുന്ന ഫയലുകള്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഒപ്പിടാതെ മുഖ്യമന്ത്രി മടക്കുകയും ചെയ്തു. ആദ്യഘട്ടത്തില്‍ 308 സ്കൂളിനും രണ്ടാം ഘട്ടത്തില്‍ 87 സ്കൂളിനുമാണ് അംഗീകാരം നല്‍കിയത്. അംഗീകാരം ലഭിക്കാത്ത സ്കൂളുകള്‍ അടച്ചുപൂട്ടേണ്ടിവരുമെന്ന് നേരത്തേ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, അംഗീകാരം നിഷേധിക്കപ്പെട്ട സ്കൂളുകളില്‍ ചിലത് കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.