ജലസംരക്ഷണ പദ്ധതികളില്ല; കേരളം ജലക്ഷാമത്തിലേക്ക്

ജലസംരക്ഷണ പദ്ധതികളില്ല; കേരളം ജലക്ഷാമത്തിലേക്ക്

കൊല്ലം: വീണ്ടുമൊരു ലോക ജലദിനംകൂടി കടന്നുവരുമ്പോള്‍ കേരളത്തിലെ മിക്ക പ്രദേശങ്ങളും ജലക്ഷാമത്തിന്‍െറ പിടിയിലാണ്. വികസനത്തിന്‍െറ പേരില്‍ ജലസംഭരണികളായ തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാലമാണിത്. മഴവെള്ളം സംരക്ഷിക്കാന്‍ കഴിയാത്തതാണ് കേരളം നേരിടുന്ന മറ്റൊരു വെല്ലുവിളി. 1958ല്‍ കേരള പൊതുമരാമത്ത് നടത്തിയ പഠനമനുസരിച്ച് രാജ്യത്തിന്‍െറ ആകെ ജലവിഹിതത്തിന്‍െറ അഞ്ചുശതമാനം കേരളത്തിലായിരുന്നു. മഴയില്‍ ലഭിക്കുന്ന 4200 ടി.എം.സി (ആയിരം ദശലക്ഷം) ഘനയടി വെള്ളത്തില്‍ 60 ശതമാനം പടിഞ്ഞാറേക്ക് ഒഴുകുന്നെന്നും അതിലൂടെ കേരളം ജലസമ്പുഷ്ടമാണെന്നുമായിരുന്നു അന്നത്തെ റിപ്പോര്‍ട്ട്. എന്നാല്‍, ജനസംഖ്യയും വെള്ളത്തിന്‍െറ ആവശ്യകതയും വര്‍ധിച്ചതോടെ ആളോഹരി ജലവിഹിതം കുറഞ്ഞു. പുഴകളില്‍ വെള്ളമുണ്ടെങ്കിലും പലകാരണങ്ങളാല്‍ മലിനപ്പെട്ടു.

16 കിലോമീറ്റര്‍ മാത്രം കേരളത്തിലൂടെ സഞ്ചരിക്കുന്ന മഞ്ചേശ്വരംപുഴ തുടങ്ങി 244 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പെരിയാര്‍വരെ പടിഞ്ഞാറേക്ക് ഒഴുകുന്ന 41 നദികളും കിഴക്കോട്ട് ഒഴുകുന്ന മൂന്നു നദികളുമാണ് കേരളത്തിനുള്ളത്. പടിഞ്ഞാറേക്ക് ഒഴുകുന്ന നദികളുടെ വൃഷ്ടിപ്രദേശം 35018 ച.കിലോമീറ്ററാണ്. പടിഞ്ഞാറേക്ക് ഒഴുകുന്ന നദികളുടേത് 2866 ച.കിലോമീറ്ററും. സംസ്ഥാനത്തെ ജനസംഖ്യയില്‍ ഗ്രാമീണ മേഖലയില്‍ 54 ശതമാനവും നഗരങ്ങളിലെ 78 ശതമാനവും വാട്ടര്‍ അതോറിറ്റിയെ ആശ്രയിക്കുന്നു. ഗ്രാമങ്ങളില്‍ 45 ശതമാനവും സ്വന്തം കിണറുകളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍, വേനല്‍ക്കാലത്ത് ഈ കിണറുകളില്‍ ഭൂരിപക്ഷവും വറ്റുന്നു. വാട്ടര്‍ അതോറിറ്റിക്കും ജലവിതരണത്തില്‍ നിയന്ത്രണം വേണ്ടിവരുന്നു. ജനസംഖ്യയും വെള്ളത്തിന്‍െറ ആവശ്യകതയും വര്‍ധിച്ചിട്ടും ജലസംരക്ഷണത്തിന് അതിനനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താത്തതാണ് കേരളം നേരിടുന്ന പ്രതിസന്ധി.

മഴയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്നുവെന്നത് ജലലഭ്യതയെ ബാധിച്ചിട്ടില്ളെന്നാണ് കോഴിക്കോട് ജലവിഭവ വികസന മാനേജ്മെന്‍റ് കേന്ദ്രം ശാസ്ത്രജ്ഞന്‍ ഡോ.പി.വി. ദിനേശ് പറയുന്നത്. കേരളത്തിന്‍െറ പകുതി മഴയാണ് തമിഴ്നാട്ടില്‍ ലഭിക്കുന്നത്. അവര്‍ ഒരുതുള്ളി പാഴാക്കാതെ പ്രയോജനപ്പെടുത്തുന്നു. അവര്‍ക്ക് കൃത്യമായ ജല മാനേജ്മെന്‍റുണ്ട്. എന്നാല്‍, ഇവിടെ അതില്ല.

മഴക്കാലത്തെ ശപിക്കുകയും വെള്ളമത്രയും കടലിലേക്ക് ഒഴുക്കിവിടുകയും ചെയ്യുന്ന മലയാളി, വേനല്‍ക്കാലത്ത് വെള്ളത്തിന് ഓട്ടം തുടങ്ങും. വേമ്പനാടും അഷ്ടമുടിയും അടക്കമുള്ള കായലുകള്‍ മലിനമാണ്. ആലപ്പുഴയിലെ തോടുകള്‍ പൂര്‍ണമായും മലിനമായി. മുമ്പ് കെട്ടുവള്ളത്തില്‍ ചരക്കുനീക്കമുണ്ടായിരുന്ന കാലത്ത് വള്ളത്തിലെ തൊഴിലാളികള്‍ കുടിച്ചിരുന്നത് ഈ വെള്ളമാണ്. ഇപ്പോള്‍ വെള്ളത്തിലിറങ്ങിയാല്‍ ത്വഗ്രോഗമുണ്ടാകും.
മഴവെള്ളത്തെ മണ്ണില്‍ ഇറക്കിവിടാന്‍ തടയണ, മഴവെള്ളസംഭരണി തുടങ്ങി വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടും ലക്ഷ്യം കണ്ടില്ല.
കിണര്‍ റീചാര്‍ജിങ് പദ്ധതി ഫലപ്രദമാണെന്ന് തദ്ദേശസ്ഥാപനങ്ങള്‍ തെളിയിച്ചിട്ടും അതു സാര്‍വത്രികമാക്കാനായില്ല. ഇതിനുപുറമെയാണ് മഴവെള്ളസംഭരണികള്‍ വികസനത്തിന്‍െറ പേരില്‍ നശിപ്പിക്കപ്പെടുന്നത്. മഴക്കാടുകള്‍, പുല്‍മേടുകള്‍ എന്നിവ ടൂറിസത്തിന്‍െറ പേരിലും നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും വികസനത്തിന്‍റ പേരിലും നശിപ്പിക്കപ്പെടുന്നു. നേരത്തേ, നെടുമ്പാശ്ശേരി വിമാനത്താവളത്തിന് ഏറ്റെടുത്തത് നെല്‍പാടങ്ങളായിരുന്നു. കൊച്ചി മെട്രോക്കുവേണ്ടിയും വലിയതോതില്‍ പാടം നശിപ്പിക്കപ്പെട്ടു. ഏറ്റവും ഒടുവിലാണ് കോട്ടയത്തെ മെത്രാന്‍ കായല്‍ കൈമാറാന്‍ ഉത്തരവിറങ്ങിയത്. കൊല്ലത്തെ മണ്‍റോതുരുത്തിനെ ലക്ഷ്യമിട്ടും ചില വന്‍ ടൂറിസം വ്യവസായികള്‍ റാകിപ്പറക്കുന്നെന്നാണ് വിവരം. അവശേഷിക്കുന്ന തണ്ണീര്‍ത്തടങ്ങളും പെയ്യുന്ന മഴവെള്ളം സംരക്ഷിക്കപ്പെടാനും കഴിയുന്നില്ളെങ്കില്‍ കേരളം മരുഭൂമിയാകാന്‍ അധികകാലം വേണ്ടിവരില്ളെന്ന മുന്നറിയിപ്പാണ് ജലശാസ്ത്രജ്ഞര്‍ നല്‍കുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.