കരട്പട്ടികയുമായി കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിക്ക്

തിരുവനന്തപുരം: കോണ്‍ഗ്രസ് കരട് സ്ഥാനാര്‍ഥിപട്ടികക്ക് കെ.പി.സി.സി  തെരഞ്ഞെടുപ്പ് സമിതി അംഗീകാരം നല്‍കി. ഡി.സി.സി ഉപസമിതികള്‍ നല്‍കിയ ശിപാര്‍ശയനുസരിച്ച് തയാറാക്കിയ പട്ടികയും തെരഞ്ഞെടുപ്പ് ഉപസമിതി അംഗങ്ങള്‍ നിര്‍ദേശിച്ച പേരുകളും ചിലര്‍ നേരിട്ട് നല്‍കിയ അപേക്ഷകളും പരിഗണിച്ചാണ് കരടിന് രൂപം നല്‍കിയതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ അറിയിച്ചു.
ആര്യാടന്‍ മുഹമ്മദ് അടക്കം മത്സരത്തില്‍ നിന്ന് ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ചവര്‍ ഉള്‍പ്പെടെ മുഴുവന്‍ സിറ്റിങ് എം.എല്‍.എ മാരെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിറ്റിങ് എം.എല്‍.എ മാരെ ഒഴിവാക്കാന്‍ കെ.പി.സി.സിക്ക് അധികാരമില്ല. ഇക്കാര്യത്തില്‍ ഹൈകമാന്‍ഡാണ് തീരുമാനമെടുക്കേണ്ടത്. ആരെയൊക്കെ മത്സരിപ്പിക്കണമെന്നും  സ്ഥാനാര്‍ഥിനിര്‍ണയത്തിലെ മാനദണ്ഡവും ഹൈകമാന്‍ഡ് തീരുമാനിക്കും. കുറച്ച് മണ്ഡലങ്ങളില്‍ ഒറ്റപ്പേര് മാത്രമാണ് നിര്‍ദേശിച്ചിട്ടുള്ളത്. എന്നാല്‍, മറ്റിടങ്ങളില്‍ മൂന്നും നാലും പേരുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഘടകകക്ഷികളുമായി നടന്നുവരുന്ന സീറ്റ്വിഭജന ചര്‍ച്ച 28ഓടെ പൂര്‍ത്തീകരിക്കാനാകും. അന്ന് കേരള കോണ്‍ഗ്രസ്-മാണി, ജേക്കബ് വിഭാഗങ്ങളുമായി ചര്‍ച്ച നടക്കും. അതിനു ശേഷം അന്നുതന്നെ കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയിലേക്ക് പട്ടികയുമായി പോകും. അന്ന് വൈകീട്ട് സ്ക്രീനിങ് കമ്മിറ്റി മുമ്പാകെ പട്ടിക സമര്‍പ്പിക്കാന്‍ തയാറാണെന്ന് ഹൈകമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. സീറ്റ്വിഭജനം പൂര്‍ത്തിയാകാത്തതിനാല്‍ കഴിഞ്ഞതവണ മത്സരിച്ച 82ഓളം സീറ്റുകളിലേക്കുള്ള കരട് പട്ടികക്കാണ് രൂപം നല്‍കിയിരിക്കുന്നതെന്നും സുധീരന്‍ അറിയിച്ചു.
അതേസമയം, ശനിയാഴ്ച കെ.പി.സി.സി തെരഞ്ഞെടുപ്പ് സമിതി അംഗീകരിച്ച പട്ടികയില്‍ 20ഓളം സീറ്റുകളില്‍ ഒറ്റപ്പേര് മാത്രമാണുള്ളത്. തിരുവനന്തപുരം സെന്‍ട്രല്‍, വട്ടിയൂര്‍ക്കാവ്, വണ്ടൂര്‍, പറവൂര്‍, അരുവിക്കര, ഹരിപ്പാട്, വര്‍ക്കല, പുതുപ്പള്ളി, കോട്ടയം,തൃത്താല, ആലുവ, മൂവാറ്റുപുഴ,സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിലാണ് ഒറ്റപ്പേരുള്ളത്. പത്തനാപുരത്ത് നടന്‍ ജഗദീഷിന്‍െറയും അങ്കമാലിയില്‍ എന്‍.എസ്.യു ദേശീയ പ്രസിഡന്‍റ് റോജി എം. ജോണിന്‍െറയും പേര് മാത്രമാണുള്ളത്. അതേസമയം, നടന്‍ സിദ്ദീഖിന്‍െറ പേര് ഒരിടത്തുമില്ല. ചില മണ്ഡലങ്ങളില്‍ ആറും ഏഴും പേരുകളുമുണ്ട്. പലരുടെയും പേരുകള്‍ ഒന്നിലേറെ മണ്ഡലങ്ങളിലേക്ക് നിര്‍ദേശിച്ചിട്ടുമുണ്ട്. മുഴുവന്‍ പോഷകസംഘടനാ പ്രസിഡന്‍റുമാരും ഇരുപതോളം വനിതകളും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

കരട് പട്ടികയിലുള്ളവര്‍
കരട് സ്ഥാനാര്‍ഥിപട്ടികയില്‍ പരിഗണിക്കപ്പെടുന്ന പേരുകള്‍. സിറ്റിങ് സീറ്റുകളില്‍ നിലവിലുള്ള എം.എല്‍.എ മാര്‍ക്ക് പുറമെയാണ് മറ്റുള്ളവരെയും പരിഗണിക്കുന്നത്: വാമനപുരം-ടി. ശരത്ചന്ദ്രപ്രസാദ്, എം.എം. ഹസന്‍, അരൂര്‍-പ്രഫ. ജി.ബാലചന്ദ്രന്‍, അബ്ദുല്‍ ഗഫൂര്‍ ഹാജി, അമ്പലപ്പുഴ-എ.എ. ഷുക്കൂര്‍, ഷാനിമോള്‍ ഉസ്മാന്‍, കായംകുളം-എം. ലിജു, ഷാനിമോള്‍ ഉസ്മാന്‍, ഗായത്രി തമ്പാന്‍, ചേര്‍ത്തല- ശരത്, ഷാജി മോഹന്‍, ചാത്തന്നൂര്‍- പീതാംബരക്കുറുപ്പ്, സുന്ദരേശന്‍ പിള്ള, ബിന്ദുകൃഷ്ണ, നെടുങ്ങോലം രഘു, ജ്യോതികുമാര്‍ ചാമക്കാല, രവികുമാര്‍, കോവളം-വിജയന്‍ തോമസ്, എം. വിന്‍സെന്‍റ്, കുണ്ടറ- രാജ്മോഹന്‍ ഉണ്ണിത്താന്‍, ഇ. മേരിദാസന്‍, എ. ഷാനവാസ്ഖാന്‍, കരുനാഗപ്പള്ളി- സി.ആര്‍. മഹേഷ്, കൊല്ലം-ബിന്ദുകൃഷ്ണ, കെ.സി രാജന്‍, ഇ. മേരിദാസന്‍, സൂരജ് രവി, ശൂരനാട് രാജശേഖരന്‍, കൊട്ടാരക്കര- ആര്‍. ചന്ദ്രശേഖരന്‍, രശ്മി, സവിന്‍ സത്യന്‍, പഴകുളം മധു, ജി. രതികുമാര്‍, പുനലൂര്‍-പുനലൂര്‍ മധു, ഭാരതീപുരം ശശി, മാന്നാര്‍ അബ്ദുല്‍ ലത്തീഫ്, സഞ്ജയ്ഖാന്‍, ജ്യോതികുമാര്‍,സഞ്ജുബുഖാരി, കോന്നി- പി. മോഹന്‍രാജ്, ആറന്മുള- പി. മോഹന്‍രാജ്, മാലത്തേ് സരളാദേവി, തവനൂര്‍ -ടി. സിദ്ദീഖ്, റാന്നി- റിങ്കു ചെറിയാന്‍, ജയവര്‍മ, മറിയാമ്മ ചെറിയാന്‍, ചിറയിന്‍കീഴ്- പന്തളം സുധാകരന്‍, നെന്മാറ-വി.എസ്. ജോയി, കോഴിക്കോട് നോര്‍ത്- എന്‍. സുബ്രഹ്മണ്യന്‍, കെ.സി. അബു, കൊയിലാണ്ടി- കെ.പി. അനില്‍കുമാര്‍, പ്രവീണ്‍കുമാര്‍, കൊച്ചി-ടോണി ചമ്മണി, ലാലി വിന്‍സെന്‍റ്, വൈപ്പിന്‍-സുഭാഷ്, പീരുമേട്- ഡീന്‍ കുര്യാക്കോസ്, ചാലക്കുടി- പി.ടി. തോമസ്, തൃശൂര്‍ -പത്മജാവേണുഗോപാല്‍, ടി.വി. ചന്ദ്രമോഹന്‍, വടക്കാഞ്ചേരി- അനില്‍അക്കര, രാജേന്ദ്രന്‍ അരങ്ങത്ത്, അജിത്കുമാര്‍, നിലമ്പൂര്‍-ആര്യാടന്‍ ഷൗക്കത്ത്, വി.വി. പ്രകാശ്, ഇരിക്കൂര്‍-സജീവ് ജോസഫ്, പയ്യന്നൂര്‍ -സജീവ് ജോസഫ്, ഉദുമ-കെ.സുധാകരന്‍, കണ്ണൂര്‍-കെ. സുധാകരന്‍, പൂഞ്ഞാര്‍ ലഭിച്ചാല്‍ ടോമി കല്ലാനി.

സ്ക്രീനിങ് കമ്മിറ്റിയില്‍ നാലു പേര്‍ കൂടി
ന്യൂഡല്‍ഹി: കേരളത്തില്‍ കോണ്‍ഗ്രസിന്‍െറ സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള സ്ക്രീനിങ് കമ്മിറ്റിയില്‍ നാലു പേരെക്കൂടി ഉള്‍പ്പെടുത്തി. രമേശ് ചെന്നിത്തല, ആര്യാടന്‍ മുഹമ്മദ്, കൊടിക്കുന്നില്‍ സുരേഷ്, കെ. മുരളീധരന്‍ എന്നിവരെയാണ് പുതുതായി ഉള്‍പ്പെടുത്തിയത്.
ലോക്സഭയില്‍ കോണ്‍ഗ്രസിന്‍െറ സഭാനേതാവായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് സ്ക്രീനിങ് കമ്മിറ്റി അധ്യക്ഷന്‍. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍, കേരളത്തിന്‍െറ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്, ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് അജയ് മാക്കന്‍ എന്നിവരെയാണ് മറ്റ് അംഗങ്ങളായി നേരത്തേ നിശ്ചയിച്ചത്.
സംസ്ഥാനത്തുനിന്ന് നല്‍കുന്ന സ്ഥാനാര്‍ഥികളുടെ ചുരുക്കപ്പട്ടിക സ്ക്രീനിങ് കമ്മിറ്റി പരിശോധിച്ചശേഷം പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി അധ്യക്ഷയായ കേന്ദ്ര തെരഞ്ഞെടുപ്പു സമിതിക്ക് കൈമാറും.
കമ്മിറ്റിയുടെ സൂക്ഷ്മപരിശോധനക്ക് ശേഷമാണ് സ്ഥാനാര്‍ഥികളെ അന്തിമമായി തീരുമാനിക്കുക. ഈ സമിതിയില്‍ എ.കെ. ആന്‍റണി സ്ഥിരാംഗമാണ്. കേരളത്തിന്‍െറ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നികും അംഗമായിരിക്കും. ഇതിനു പുറമെ മുഖ്യമന്ത്രി, കെ.പി.സി.സി പ്രസിഡന്‍റ് എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുക്കും. കേരളത്തില്‍നിന്നുള്ള സ്ഥാനാര്‍ഥി പട്ടികയുമായി തിങ്കളാഴ്ച നേതാക്കള്‍ ഡല്‍ഹിയിലത്തെുമെന്നാണ് കരുതുന്നത്. ഈ മാസം 31ന് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാണ് ഇപ്പോള്‍ ലക്ഷ്യമിട്ടിരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.