വടകരക്ക് പറയാനുണ്ട്; പ്രഥമ ബോണസ് സമരകഥ

വടകര: വീണ്ടുമൊരു തൊഴിലാളിദിനം കടന്നുവരുമ്പോള്‍ വടകരക്ക് പറയാനുള്ളത് പഴയൊരു സമര കഥ. സംസ്ഥാനത്താദ്യമായി ബോണസ് നേടിയെടുത്ത ചുരുട്ട് തൊഴിലാളികളുടെ വീറുംവാശിയുമുള്ള സമരമാണത്. 1944ല്‍ ബോണസ് എന്ന വാക്കുപോലും കേള്‍ക്കാത്ത കാലം. വടകരയിലെ ബീഡി ആന്‍ഡ് സിഗാര്‍ വര്‍ക്കേഴ്സ് യൂനിയന്‍ ബോണസിനായി രംഗത്തത്തെി. നീക്കിവെച്ച വേതനമാണ് ബോണസെന്ന ബോധമൊന്നും അന്നുണ്ടായിരുന്നില്ല. രണ്ട് മാസം നീണ്ട സമരം. കമ്യൂണിസ്റ്റ് പാര്‍ട്ടിയും കര്‍ഷകസംഘവും സഹായിച്ചു. പാര്‍ട്ടിയുടെ അന്നത്തെ, കുറുമ്പ്രനാട് താലൂക്ക് സെക്രട്ടറിയായിരുന്ന എം. കുമാരന്‍ മാസ്റ്റര്‍ പടപ്പാട്ടുകള്‍ എഴുതി. തൊഴിലാളികള്‍ പാടി. ‘വാങ്ങല്ളേ നിങ്ങള്‍, വാങ്ങല്ളേ നിങ്ങള്‍ ചുരുട്ടുകള്‍, ഞങ്ങടെ ജീവരക്തമുണ്ടതില്‍, ഞങ്ങടെ ജീവനുണ്ടതില്‍’. തുടര്‍ന്ന്, കലക്ടര്‍ വില്യമിന്‍െറ നേതൃത്വത്തിലുള്ള ചര്‍ച്ചയെ തുടര്‍ന്ന് രണ്ട് രൂപ നല്‍കാന്‍ തീരുമാനിച്ചു. ഈതുക ബോണസാണെന്ന് തൊഴിലാളികള്‍ക്ക് പറയാം, സൗജന്യമാണെന്ന് മുതലാളിമാര്‍ക്കും പറയാമെന്ന കരാറിലാണ് സമരം അവസാനിച്ചത്.

ബോണസ് നല്‍കുന്നതിന് തുടക്കകാരനായത് ആനമാര്‍ക്ക് ചുരുട്ട് കമ്പനി നടത്തിയ തന്‍െറ പിതാവ് കുന്നത്ത് അബ്ദുറഹിമാനും അദ്ദേഹത്തിന്‍െറ സഹോദരങ്ങളുമായതില്‍ ഏറെ അഭിമാനമുണ്ടെന്ന് ഹാരിസ് കുന്നത്ത് ‘മാധ്യമ’ത്തോട് പറഞ്ഞു.
കമ്യൂണിസ്റ്റ് നേതാവ് കേളുഏട്ടനാണ് ഐക്യതൊഴിലാളി യൂനിയന്‍ വടകരയില്‍ രൂപവത്കരിച്ചത്. ഈ സംഘടനയില്‍ ബീഡി-ചുരുട്ട് തൊഴിലാളികള്‍, പ്രസ് തൊഴിലാളികള്‍, ബാര്‍ബര്‍മാര്‍, തുന്നല്‍കാര്‍ തുടങ്ങിയവരെല്ലാം അംഗമായി. പ്രധാന വിഭാഗം ചുരുട്ട് തൊഴിലാളികളായിരുന്നു. ആനമാര്‍ക്ക്, കിളിമാര്‍ക്ക്, ഒട്ടകമാര്‍ക്ക്, തെങ്ങ് മാര്‍ക്ക്, ഖാദിരിയ, കട്ടാഞ്ചേരി, 501 തുടങ്ങിയവയാണ് പ്രമുഖ ചുരുട്ട് കമ്പനികള്‍. അക്കാലത്ത്, ചുരുട്ട്-ബീഡി മേഖലയില്‍ മൂന്നൂറോളം തൊഴിലാളികളുണ്ടായിരുന്നു. ഐക്യത്തൊഴിലാളി യൂനിയന്‍ പിന്നീട് ബീഡി ആന്‍ഡ് സിഗാര്‍ വര്‍ക്കേഴ്സ് യൂനിയനായി.
1946ല്‍ സര്‍ സി.പി വിളിച്ചുചേര്‍ത്ത ത്രികക്ഷി സമ്മേളനത്തെ തുടര്‍ന്നാണ് തിരുവിതാംകൂറില്‍ ആദ്യമായി ബോണസ് അനുവദിച്ചത്. മലബാര്‍, തെക്കന്‍ കര്‍ണാടക ബീഡി-ചുരുട്ട് തൊഴിലാളികള്‍ സമരംചെയ്ത് ബോണസ് നേടിയെടുത്തത് 1946 ലാണ്. 1952ല്‍ കലാസമിതി സ്ഥാപിച്ച് ബീഡി ആന്‍ഡ് സിഗാര്‍ വര്‍ക്കേഴ്സ് യൂനിയന്‍ വടകരയിലെ കലാസമിതി പ്രസ്ഥാനത്തിന്‍െറ മുന്‍ഗാമികൂടിയായി. ചുരുട്ട് കമ്പനികള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പാഠശാലയായിരുന്നു.
ചുരുട്ട് തൊഴിലാളികളെപ്പോലെ വായനക്ക് പ്രാധാന്യംനല്‍കിയ തൊഴില്‍ കൂട്ടായ്മ വേറെയില്ളെന്ന് പറയേണ്ടിവരും. നിരവധിപേര്‍ തൊഴിലെടുക്കുമ്പോള്‍ ഒരാള്‍ മാറിനില്‍ക്കും. അയാള്‍ എല്ലാവരും കേള്‍ക്കെ പത്രങ്ങള്‍ വായിക്കും. തുടര്‍ന്ന്, ചര്‍ച്ചകള്‍ നടക്കും. പത്രം വായിക്കുന്നയാള്‍ക്കുള്ള കൂലി മറ്റുള്ളവര്‍ നല്‍കും. അവകാശസമരത്തിന്‍െറ കാര്യത്തിലും ഇവര്‍ പിന്നിലല്ളെന്ന് ചരിത്രം പറയുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.