പാലക്കാട്: പെപ്സികോ കമ്പനിയുടെ ജലചൂഷണത്തിനെതിരെ പുതുശ്ശേരി ഗ്രാമപഞ്ചായത്ത് ഭരണസമിതിയോഗത്തില്‍ പ്രമേയം. രൂക്ഷമായ വരള്‍ച്ചമൂലം പെപ്സി കമ്പനിയുടെ സമീപവാര്‍ഡുകളില്‍ ജലക്ഷാമം രൂക്ഷമാണെന്നും നാലുമാസം കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്നുമാണ് പഞ്ചായത്തംഗം സി.പി.എമ്മിലെ എം.വി. മനോഹരന്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെടുന്നത്. പ്രമേയം ചര്‍ച്ച ചെയ്യാന്‍ പഞ്ചായത്ത് ഭരണസമിതിയുടെ പ്രത്യേക യോഗം മേയ് പത്തിന് വിളിക്കുമെന്ന് പ്രസിഡന്‍റ് കെ. ഉണ്ണികൃഷ്ണന്‍ അറിയിച്ചു.
2001ല്‍ പുതുശ്ശേരിയില്‍ പ്രവര്‍ത്തനം തുടങ്ങിയ പെപ്സികോ കമ്പനി ആറ് കുഴല്‍കിണറുകളില്‍നിന്ന് പ്രതിദിനം ആറ് ലക്ഷം ലിറ്റര്‍ ഭൂഗര്‍ഭ ജലമൂറ്റുന്നുണ്ടെന്നാണ് കണക്ക്. അനിയന്ത്രിത ജലമൂറ്റല്‍ കാരണം പഞ്ചായത്തിലെ പത്ത് വാര്‍ഡുകളില്‍ കുടിവെള്ളം കിട്ടാനില്ളെന്നും ടാങ്കറില്‍ വെള്ളം എത്തിക്കുകയാണെന്നും ഗ്രാമപഞ്ചായത്ത് അധികൃതര്‍ പറയുന്നു.
ഹൈകോടതി ഉത്തരവിന്‍െറ പിന്‍ബലത്തിലാണ് പെപ്സികോ കമ്പനി പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്തിന് തൊഴില്‍, കെട്ടിടനികുതിയിനത്തില്‍ ഒരു കോടി രൂപയോളം കുടിശ്ശികയാണ്. കമ്പനിക്ക് പഞ്ചായത്ത് ലൈസന്‍സില്ല. ജലചൂഷണം നിര്‍ത്തണമെന്നും നികുതി കുടിശ്ശിക അടക്കണമെന്നും ആവശ്യപ്പെട്ട് ഏപ്രില്‍ 15ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നല്‍കിയെങ്കിലും പെപ്സിയുടെ ഭാഗത്തുനിന്ന് പ്രതികരണമുണ്ടായില്ല.
ഈ സാഹചര്യത്തിലാണ് സി.പി.എം നേതൃത്വം നല്‍കുന്ന ഭരണസമിതി കടുത്ത നടപടികളുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്. പത്തിന് ചേരുന്ന യോഗത്തില്‍ പ്രമേയത്തില്‍ വിശദമായ ചര്‍ച്ച നടക്കുമെന്നും കമ്പനിക്ക് സ്റ്റോപ് മെമോ നല്‍കുന്നത് പരിഗണിക്കുമെന്നും പ്രസിഡന്‍റ് കെ. ഉണ്ണികൃഷ്ണന്‍ അറിയിച്ചു.
കമ്പനി അടച്ചുപൂട്ടുന്നതിനോട് യോജിപ്പില്ളെങ്കിലും അമിത ജലചൂഷണം അനുവദിക്കാനാവില്ളെന്നും കുടിവെള്ള പ്രശ്നം പരമപ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
700ഓളം പേര്‍ ജോലി ചെയ്യുന്ന കമ്പനി അടച്ചുപൂട്ടുന്ന സാഹചര്യമുണ്ടാവരുതെന്ന് കോണ്‍ഗ്രസ് അംഗവും മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമായ എസ്.കെ. അനന്തകൃഷ്ണന്‍ ബോര്‍ഡ് യോഗത്തില്‍ വ്യക്തമാക്കി.
പെപ്സിക്കെതിരായ പഞ്ചായത്ത് നീക്കം രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യമിട്ടാണെന്നും ഭൂജല അതോറിറ്റി നിയന്ത്രണത്തിന് വിധേയമായാണ് കമ്പനി പ്രവര്‍ത്തിക്കുന്നതെന്നും പെപ്സി വര്‍ക്കേഴ്സ് യൂനിയന്‍ (ഐ.എന്‍.ടി.യു.സി) പ്രസ്താവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.