തൃശൂര്‍: വനിതകളും വിരമിക്കാറായവരും ഉള്‍പ്പെടെ ഇരുനൂറോളം ഓഫിസര്‍മാരെ രാജ്യമാകെ തലങ്ങും വിലങ്ങും നാടുകടത്തി ധനലക്ഷ്മി ബാങ്ക് മാനേജ്മെന്‍റിന്‍െറ പ്രതികാര നടപടി. കഴിഞ്ഞ ജൂലൈയില്‍, ഒരു മാസത്തിലധികം നീണ്ട പണിമുടക്ക് അവസാനിപ്പിക്കുന്നതിന്‍െറ ഭാഗമായി മരവിപ്പിച്ച സ്ഥലംമാറ്റ ഉത്തരവില്‍ ഉള്‍പ്പെട്ടിരുന്നവരടക്കം ഇരുനൂറോളം പേരെയാണ് തിങ്കളാഴ്ചത്തെ ഉത്തരവില്‍ മാറ്റിയത്.
സമരത്തില്‍ ഏര്‍പ്പെട്ട ധനലക്ഷ്മി ബാങ്ക് ഓഫിസേഴ്സ് ഓര്‍ഗനൈസേഷനിലെ ഭാരവാഹികളും അംഗങ്ങളുമാണ് സ്ഥലം മാറ്റപ്പെട്ടവരില്‍ ഭൂരിഭാഗവും. ‘പ്രതികാര മനോഭാവത്തോടെ ജീവനക്കാരെ സ്ഥലംമാറ്റി ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്താമെന്ന ധനലക്ഷ്മി ബാങ്കിലെ ഫ്യൂഡല്‍ മാനേജ്മെന്‍റിന്‍െറ മനോഭാവം’ എടുത്തു പറഞ്ഞ് മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ കഴിഞ്ഞദിവസം സ്വതന്ത്ര ഡയറക്ടര്‍ സ്ഥാനം രാജിവെച്ചതിന് തൊട്ടുപിറകെയാണ് സ്ഥലംമാറ്റ ഉത്തരവ്. എം.ഡി ജി. ശ്രീറാമും ചീഫ് ജനറല്‍ മാനേജര്‍ പി. മണികണ്ഠനും നയിച്ച വഴിക്കു തന്നെയാണ് പുതിയ ചെയര്‍മാന്‍ ആര്‍.എല്‍. ജയറാമിന്‍െറ കാലത്തും ബാങ്ക് നീങ്ങുന്നതെന്ന് ഇത് തെളിയിക്കുന്നു.
ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്കും ഗുജറാത്തിലെ അതിര്‍ത്തി ഗ്രാമത്തിലെ ശാഖയിലേക്കും മാറ്റിയിട്ടുണ്ട്. വടക്കേ ഇന്ത്യയില്‍നിന്ന് കേരളത്തിലേക്ക് മാറ്റം ലഭിച്ച മലയാളികളല്ലാത്ത ഓഫിസര്‍മാരുമുണ്ട്. എല്ലാം ഓഫിസേഴ്സ് ഓര്‍ഗനൈസേഷന്‍ അംഗങ്ങളാണ്. തമിഴ്നാട്ടിലും കര്‍ണാടകയിലും ആന്ധ്രയിലുമുള്ള വനിതാ ജീവനക്കാരെ അതത് സംസ്ഥാനത്തിന്‍െറ ഒരറ്റത്തുനിന്ന് മറ്റേയറ്റത്തേക്ക് മാറ്റി. തൃശൂരിലെ വരന്തരപ്പിള്ളി ശാഖയില്‍നിന്ന് വനിതാ ഓഫിസറെ മാറ്റിയത് തിരുവനന്തപുരത്തേക്കാണ്. ഇവരുടെ ഭര്‍ത്താവിനെ മാസങ്ങള്‍ക്ക് മുമ്പ് മുംബൈയിലേക്ക് മാറ്റിയിരുന്നു. ഇവര്‍ക്കൊരു കൈക്കുഞ്ഞുണ്ട്.
ബാങ്കുകളില്‍ വനിതാ ജീവനക്കാരെ കുടുംബത്തോടൊപ്പം താമസിക്കാന്‍ പാകത്തിനെ മാറ്റാവൂ എന്നും അഡീഷനല്‍ ജനറല്‍ മാനേജര്‍ മുതല്‍ ഉയര്‍ന്ന തസ്തികയില്‍ താഴെയുള്ളവരെ ജില്ലക്ക് പുറത്തേക്ക് മാറ്റരുതെന്നും കേന്ദ്ര ധനകാര്യ വകുപ്പിന്‍െറ ഉത്തരവുണ്ട്.
വ്യക്തിഗത ഉത്തരവിനു പുറമെ മാറ്റപ്പെട്ട എല്ലാവരുടെയും പേരുള്‍പ്പെട്ട പട്ടിക ഇറക്കുന്ന പതിവ് ഇത്തവണ ഉപേക്ഷിച്ചു. സംഘടനക്ക് സ്ഥലംമാറ്റത്തിന്‍െറ ചിത്രം പെട്ടെന്ന് കിട്ടാതിരിക്കാനാണ് ഇതെന്ന് ആരോപിക്കപ്പെടുന്നു. ബാങ്കിനെ തകര്‍ക്കുന്ന നയമാണ് മാനേജ്മെന്‍റിന്‍േറതെന്ന് ആരോപിച്ചാണ് കെ. ജയകുമാര്‍ രാജിവെച്ചത്. കഴിഞ്ഞമാസം 30ന് വ്യവസായി രവിപിള്ള ദുരൂഹ കാരണങ്ങളാല്‍ ഡയറക്ടര്‍ സ്ഥാനം രാജിവെച്ചിരുന്നു. അതേസമയം, സംഘ്പരിവാര്‍ അനുകൂല സംഘടനയായ നാഷനല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ധനലക്ഷ്മി ബാങ്ക് ഓഫിസേഴ്സിന് സ്ഥലംമാറ്റത്തില്‍ കാര്യമായ പരിക്കില്ളെന്നു മാത്രമല്ല, അനുകൂലവുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.