ജിഷയുടെ കൊലപാതകം പ്രത്യേക സംഘം അന്വേഷിക്കണമെന്ന് വി.എസ്

പെരുമ്പാവൂർ: ജിഷയുടെ കൊലപാതകം പ്രത്യേക സംഘം അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ. പെരുമ്പാവൂർ താലൂക്കാശുപത്രിയിൽ ജിഷ‍യുടെ മാതാവിനെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോടാണ് വി.എസ് ഇക്കാര്യം പറഞ്ഞത്.

കഴിവുകെട്ടവർ ഭരിക്കുമ്പോൾ ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കപ്പെടും. മുഖ്യമന്ത്രിയുടെ പൊലീസ് പറയുന്നത് സത്യവുമായി പുലബന്ധമില്ലാത്ത കാര്യങ്ങളാണെന്നും വി.എസ് കൂട്ടിച്ചേർത്തു.

നടനും എം.പിയുമായ ഇന്നസെന്‍റും ആശുപത്രിയിലെത്തി ജിഷയുടെ മാതാവിനോട് വിവരങ്ങൾ ആരാഞ്ഞു. സംഭവത്തിൽ പൊലീസിനും ഭരണകൂടത്തിനും വീഴ്ചപറ്റിയെന്ന് ഇന്നസെന്‍റ് പറഞ്ഞു.

അതേസമയം, കൊലപാതകവുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ നിന്ന് പിടികൂടിയ അയല്‍വാസിയെ പൊലീസ് അഞ്ച് മണിക്കൂർ ചോദ്യം ചെയ്തു. പൊലീസ് തയാറാക്കിയ രേഖാ ചിത്രവുമായി അയൽവാസിക്ക് സാമ്യമുള്ളതായി സൂചനയുണ്ട്. നിരവധി കേസുകളില്‍ പ്രതിയായ ഇയാൾ കൊലപാതകമുണ്ടായ വ്യാഴാഴ്ച മുതല്‍ കാണാതായത് സംശയത്തിനു ഇടയാക്കിയിരുന്നു. എ.ഡി.ജി.പി പത്മകൂമാറിന്‍റെ നേതൃത്വത്തിൽ രഹസ്യ കേന്ദ്രത്തിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. ഇയാളിൽ നിന്നും വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്.

കൊല്ലപ്പെട്ട ജിഷയുടെ വീടിന്‍റെ ഒരു കിലോമീറ്ററിന് അപ്പുറം താമസിക്കുന്ന ഇയാൾക്ക് 26 വയസ്സുണ്ട്. കൊലപാതകം നടന്ന സമയത്ത് ജിഷയുടെ വീടിനുസമീപത്തെ മൊബൈൽ ടവർ ലെക്കേഷനിൽ ഇയാളുണ്ടായിരുന്നു. കഴിഞ്ഞദിവസം പിടിയിലായ മറ്റുള്ളവരെ സംഭവവുമായി ബന്ധമില്ലാത്തിനാൽ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്ന വ്യവസ്ഥയിൽ വിട്ടയച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.