പൊലീസിനെ ന്യായീകരിച്ചും പ്രതിഷേധക്കാരെ വിമര്‍ശിച്ചും ഡി.ജി.പിയുടെ ഫേസ്ബുക് പോസ്റ്റ്



തിരുവനന്തപുരം: പെരുമ്പാവൂരില്‍ ദലിത് വിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിനെ ന്യായീകരിച്ചും പ്രതിഷേധക്കാരെയും അയല്‍ക്കാരെയും വിമര്‍ശിച്ചും ഡി.ജി.പി ടി.പി. സെന്‍കുമാറിന്‍െറ ഫേസ്ബുക് പോസ്റ്റ്. ‘പൊലീസിനുമേല്‍ കുതിരകയറുന്നവര്‍ അറിയാന്‍’ എന്ന പേരിലാണ് പോസ്റ്റ്.
മാധ്യമങ്ങള്‍ സംഭവത്തിന്‍െറ ഗൗരവം തിരിച്ചറിയാന്‍ വൈകിയതുകൊണ്ട് പൊലീസ് അന്വേഷണം നടത്തിയില്ളെന്ന ആരോപണം വിഡ്ഢിത്തമാണ്. സംഭവം നടന്ന് 12 മണിക്കൂറിനുള്ളില്‍ ഐ.ജി വരെയുള്ള ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു. ഇതിനിടയില്‍ അതിന് തടസ്സമാകുംവിധം പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് മുതല്‍ രാജ്ഭവന്‍ മാര്‍ച്ച് വരെ സംഘടിപ്പിക്കുന്നത് ശരിയായ അന്വേഷണം നടക്കരുതെന്ന താല്‍പര്യം ഉള്ളവരാണ്. ഒരു വീട്ടില്‍ കരച്ചിലും ബഹളവും കേട്ടാല്‍ തൊട്ടടുത്ത വീട്ടുകാര്‍പോലും തിരിഞ്ഞുനോക്കാതിരിക്കുന്നതാണ് ഇത്തരം സംഭവങ്ങള്‍ക്കുള്ള പ്രധാന കാരണം. പൊലീസിനെതിരെ കാണിക്കുന്ന അനാവശ്യ ക്ഷോഭത്തിന്‍െറ കാല്‍ഭാഗമെങ്കിലും മറ്റുള്ളവരെ സഹായിക്കുന്നതിന് ഉപയോഗിച്ചിരുന്നെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കുമായിരുന്നു.
ജിഷയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം നല്ല രീതിയില്‍ തുടങ്ങുകയും മുന്നോട്ട് പോവുകയുമാണ്. ദാരുണ സംഭവത്തില്‍ പ്രതിയെ പിടിച്ചില്ളെന്നു പറഞ്ഞ് പൊലീസിനെതിരെ ചന്ദ്രഹാസം ഇളക്കുന്നവര്‍ ഇത്തരം കേസുകള്‍ക്ക് കുറ്റവാളികളെ കണ്ടത്തെുന്നതിന് തെളിവുകളും മറ്റും ശാസ്ത്രീയമായിതന്നെ കണ്ടെത്തേണ്ടതുണ്ടെന്ന് മനസ്സിലാക്കണം. പൊലീസിനുമേല്‍ കുതിര കയറുന്നതിന് പകരം സ്വാര്‍ഥതയും ഭയവും അകറ്റി മറ്റുള്ളവരെ സഹായിക്കുന്നതിനുള്ള താല്‍പര്യം വളര്‍ത്തിയെടുക്കുക എന്നതാണ് പ്രതിഷേധക്കാര്‍ ചെയ്യേണ്ടത്. ഈ കേസും തെളിയിക്കപ്പെടും.
കുറ്റകൃത്യങ്ങള്‍ തെളിയിച്ച് ശിക്ഷ വാങ്ങിക്കൊടുക്കുന്നതില്‍ കേരള പൊലീസ് സി.ബി.ഐയെക്കാളും മുന്‍പന്തിയിലാണ് (സി.ബി.ഐ 66 ശതമാനം , കേരള പൊലീസ് 78 ശതമാനം). എല്ലാ കേസും തെളിയിക്കപ്പെട്ട് പ്രതികള്‍ ശിക്ഷിക്കപ്പെട്ടു കഴിഞ്ഞാല്‍ പിന്നീട് അവര്‍ക്ക് മാത്രമായിരിക്കും എല്ലാ മനുഷ്യാവകാശവും. ഇരയുടെയോ അവരുടെ കുടുംബത്തിന്‍െറയോ അവസ്ഥ പിന്നീട് ചൂടുള്ള വിഷയം ആവുകയുമില്ല -ഡി.ജി.പി പറയുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.