പെരുമ്പാവൂര്‍: അന്തിയുറങ്ങാന്‍ അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം ബാക്കിവെച്ച് നിത്യനിദ്രയിലാണ്ട ജിഷയുടെ കുടുംബത്തിന് ഒടുവില്‍ വീടൊരുങ്ങുന്നു. അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടില്‍ അതിക്രമിച്ച് കയറിയവര്‍ മൃഗീയമായി കൊലപ്പെടുത്തിയ ജിഷയുടെ നാമത്തില്‍തന്നെയാണ് വീടൊരുങ്ങുക. കുടുംബത്തിന് സര്‍ക്കാര്‍ നല്‍കിയ മൂന്ന് സെന്‍റില്‍ നിര്‍മാണം ആരംഭിച്ച വീട് പൂര്‍ത്തിയാക്കാമെന്ന വാഗ്ദാനവുമായി സര്‍ക്കാറിന് പുറമെ വിവിധ സംഘടനകള്‍ രംഗത്തുവന്നു. സ്വന്തമായി ഭൂമിയും വീടുമില്ലാത്ത പട്ടികജാതി കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ മൂന്ന് സെന്‍റ് ഭൂമിയില്‍ മുടക്കുഴ പഞ്ചായത്തിന് സമീപം തൃക്കൈപാറയില്‍ ഇവരുടെ വീടുപണി പുരോഗമിക്കുകയാണ്.
ഒരാള്‍പൊക്കത്തില്‍ പണിതത്തെിയ വീട് പൂര്‍ത്തിയാക്കാന്‍ പലരോടും സഹായം അഭ്യര്‍ഥിച്ചെങ്കിലും ആരും സന്നദ്ധരായിരുന്നില്ല. ജിഷ ഇല്ലാത്ത ഈ വീടാണ് പണി പൂര്‍ത്തിയാക്കി നല്‍കാമെന്ന വാഗ്ദാനവുമായി നിരവധി സംഘടനകള്‍ ഇപ്പോള്‍ രംഗത്തുവന്നത്. ഇവിടെയോ മറ്റെവിടെയെങ്കിലോ ഈ കുടുംബത്തിന് വീട് നല്‍കാമെന്ന് സര്‍ക്കാറും വാക്ക് നല്‍കിയിട്ടുണ്ട്. മുടക്കുഴയില്‍ വീട് പണിയുന്ന കാര്യത്തില്‍ മാത്രമാണ് ജിഷയും മാതാവ് രാജേശ്വരിയുമായി അഭിപ്രായവ്യത്യാസമുണ്ടായിരുന്നത്. ഇക്കാര്യത്തില്‍ ഇവര്‍ക്കിടയിലെ ഭിന്നസ്വരങ്ങളാണ് നാട്ടുകാര്‍ വഴക്കായി വ്യാഖ്യാനിച്ചത്.
ജിഷയുടെ കുടുംബത്തിന് സഹായമത്തെിക്കാനുള്ള ശ്രമത്തിന് മുമ്പേ പാര പണിതു
കൊച്ചി: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ കുടുംബത്തിന് സഹായമത്തെിക്കാനുള്ള ശ്രമത്തിന് പാരപണിതത് ഇപ്പോള്‍ അലമുറയിടുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകര്‍! താമസിക്കുന്നതിന് ചുറ്റുമുള്ള വനിതാ വാര്‍ഡ് മെംബറും പഞ്ചായത്തും റെസിഡന്‍റ്സ് അസോസിയേഷനും സാമ്പത്തിക ശേഷിയുള്ള നാട്ടുകാരുമൊക്കെ ഈ നിര്‍ധന ദലിത് കുടുംബത്തെ കണ്ടില്ളെന്ന് നടിക്കുക മാത്രമല്ല, കിട്ടാവുന്ന സഹായമൊക്കെ മുടക്കുകയും ചെയ്തു. കനാലിനരികില്‍ പുറമ്പോക്ക് ഭൂമിയില്‍ ഇടിഞ്ഞുവീഴാറായ കുടിലില്‍ കഴിഞ്ഞ ഈ കുടുംബത്തിന്‍െറ ദുരിതമറിഞ്ഞ് ജമാഅത്തെ ഇസ്ലാമി പെരുമ്പാവൂര്‍ ഘടകം പ്രവര്‍ത്തകര്‍ ജിഷയുടെ വീട് പുനര്‍നിര്‍മിക്കാന്‍ തീരുമാനിച്ചിരുന്നു.
നിലവിലുള്ള വീട് പൊളിച്ച് തറപണിത് പൂര്‍ത്തിയായപ്പോഴേക്കും നാട്ടുകാരില്‍ ചിലര്‍ പെരിയാര്‍ വാലി കനാല്‍ അധികൃതര്‍ക്ക് പരാതി നല്‍കി. തുടര്‍ന്ന് അധികൃതര്‍ നിര്‍മാണം നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടു. പലവട്ടം അപേക്ഷിച്ചെങ്കിലും കനിവ് കാണിച്ചില്ല. എങ്കിലും ജമാഅത്തെ ഇസ്ലാമി, വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അവധി ദിവസങ്ങളുടെ ആനുകൂല്യത്തില്‍ ഒരു രാത്രിയും പകലും കൊണ്ട് ഇപ്പോള്‍ താമസിക്കുന്ന രൂപത്തില്‍ പണി പൂര്‍ത്തിയാക്കുകയായിരുന്നു. ടോയ്ലെറ്റ് പണിയാന്‍ കുഴികുഴിക്കാനൊരുങ്ങിയപ്പോള്‍ പ്രത്യക്ഷ ഭീഷണിയുമായി നാട്ടുകാരില്‍ ചിലര്‍ രംഗത്തുവന്നു.
മകളുടെ ദാരുണ കൊലപാതകത്തിന്‍െറ ആഘാതത്തില്‍ കഴിയുന്ന രാജേശ്വരിയെ സമാശ്വസിപ്പിക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ഡോ. എസ്.ക്യൂ.ആര്‍ ഇല്യാസ്, ദേശീയ സെക്രട്ടറി കെ.കെ. അംബുജാക്ഷന്‍, സംസ്ഥാന അധ്യക്ഷന്‍ ഹമീദ് വാണിയമ്പലം എന്നിവര്‍ ആശുപത്രിയില്‍ എത്തിയിരുന്നു. ഇവരോടൊപ്പമുണ്ടായിരുന്ന ജമാഅത്ത് പ്രാദേശിക പ്രവര്‍ത്തകന്‍ ബാവക്കുഞ്ഞിന്‍െറ കൈ പിടിച്ച് രാജേശ്വരി ‘നിങ്ങളല്ലാതെ ഒരാളും ഈ പാവങ്ങളായ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നില്ല’എന്നുപറഞ്ഞ് കരയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.